ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ വീരോചിതമായ ചെറുത്തുനില്‍പിനായിരുന്നു മുംബൈയുടെ കളിത്തട്ടകമായ വാംഖഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. റാഷിദ് ഖാന്‍ എന്ന വേള്‍ഡ് ക്ലാസ് ഓള്‍ റൗണ്ടറുടെ പോരാട്ടവീര്യത്തിന് മുമ്പില്‍ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച മത്സരം കൂടിയായിരുന്നു അത്.
മുംബൈ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ പേരിലാകും ഈ മത്സരം അറിയപ്പെടാന്‍ പോകുന്നതെന്ന് കരുതിയവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് റാഷിദ് ഖാന്‍ എന്ന മഹാമേരു ടൈറ്റന്‍സിനായി അവതരിക്കുകയായിരുന്നു. മത്സരം വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും റാഷിദിന്റെ ചെറുത്തുനില്‍പ് തന്നെയായിരുന്നു കഴിഞ്ഞ മത്സരത്തിലെ ഹൈലൈറ്റ്.
വൃദ്ധിമാന്‍ സാഹയും ശുഭ്മന്‍ ഗില്ലും ഹര്‍ദിക് പാണ്ഡ്യയുമടങ്ങുന്ന ജി.ടിയുടെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ മധ്യനിരയായിരുന്നു ടീമിനെ വമ്പന്‍ പരാജയത്തില്‍ നിന്നും കരകയറ്റിയത്. 27 റണ്‍സിനായിരുന്നു ടൈറ്റന്‍സിന്റെ പരാജയം.
ഒരുവേള മുംബൈ നൂറ് റണ്‍സിനെങ്കിലും വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും മധ്യനിരയുടെ ചെറുത്ത് നില്‍പ് ആ പ്രതീക്ഷകള്‍ ഇല്ലാതാക്കി. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ റാഷിദ് ഖാനും.
35 പന്തില്‍ നിന്നും പത്ത് സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം പുറത്താകാതെ 79 റണ്‍സാണ് താരം നേടിയത്. 246.88 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് റാഷിദ് റണ്ണടിച്ചുകൂട്ടിയത്. മത്സരത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ഇതുതന്നെയാണ്.
ഇതോടെ ഒരു റെക്കോഡും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ എട്ടാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് റാഷിദിനെ തേടിയെത്തിയത്. വാംഖഡെയില്‍ വെച്ച് തന്നെയാണ് താരം ഈ നേട്ടം കരസ്ഥമാക്കിയതെന്നതാണ് ഈ നേട്ടത്തെ ഏറ്റവും സ്‌പെഷ്യലാക്കുന്നത്.
പട്ടികയിലെ ആദ്യ സ്ഥാനക്കാരെല്ലാം മുംബൈയില്‍ വെച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. വാംഖഡെ മാത്രമല്ല, മുംബൈയിലെ മറ്റൊരു സ്റ്റേഡിയമായ ഡി.വൈ പാട്ടീലും വാലറ്റക്കാരുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു.
എട്ടാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
റാഷിദ് ഖാന്‍ – 79* – വാംഖഡെ
പാറ്റ് കമ്മിന്‍സ് – 66* – വാംഖഡെ
ഹര്‍ഭജന്‍ സിങ് – 64 – വാംഖഡെ
ക്രിസ് മോറിസ് – 52* – വാംഖഡെ
ഹര്‍ഭജന്‍ സിങ് – 49*- ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം
ഹര്‍ഭജന്‍ സിങ് – 45* – വാംഖഡെ
Content highlight: Rashid Khan’s incredible batting performance against Mumbai Indians