| Tuesday, 28th February 2023, 10:30 am

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ എം.എസ്. ധോണി അവതരിച്ച നിമിഷം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ലാഹോര്‍ ഖലന്ദേഴ്‌സ് – ഇസ്‌ലമാബാദ് യുണൈറ്റഡ് മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ യുണൈറ്റഡിനെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്‍മാര്‍. 110 റണ്‍സിനാണ് ഖലന്ദേഴ്‌സിന്റെ വിജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഖലന്ദേഴ്‌സ് അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, സാം ബില്ലിങ്‌സ് എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ 200 റണ്‍സ് നേടിയിരുന്നു. ഷഫീഖ് 45 റണ്‍സ് നേടി പുറത്തായപ്പോള്‍ ഫഖര്‍ സമാന്‍ 36 റണ്‍സും വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ് 33 റണ്‍സും നേടി.

അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനും ഖലന്ദേഴ്‌സിനായി തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 12 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 18 റണ്‍സാണ് താരം നേടിയത്. 99 മീറ്റര്‍ ദൂരം ചെന്നുവീണ ആ സിക്‌സറാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ ട്രേഡ് മാര്‍ക് ഷോട്ടായ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയായിരുന്നു റാഷിദ് ഖാന്‍ ആ സിക്‌സര്‍ നേടിയത്. ടോം കറന്‍ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു റാഷിദ് ധോണിയെ അനുസ്മരിപ്പിച്ച് ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചത്.

സ്മൂത്ത് ആസ് ബട്ടര്‍ എന്നൊക്കെ വിശേഷിപ്പിക്കാന്‍ പോന്നതായിരുന്നു ആ ഷോട്ട്. ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ച് സിക്‌സര്‍ നേടിയതിന് പിന്നാലെ ബാറ്റ് തലക്കുമുകളില്‍ കറക്കി അത് ഹെലികോപ്റ്റര്‍ ഷോട്ട് തന്നെയായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നുമുണ്ട്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് റെയ്‌നിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

201 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇസ്‌ലമാബാദിന്റെ സിംഹങ്ങളും ആക്രമിച്ചുതന്നെയാണ് കളി തുടങ്ങിയത്. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോയും റഹ്‌മത്തുള്ള ഗുര്‍ബാസും യുണൈറ്റഡ് ഇന്നിങ്‌സിന് അടിത്തറയിട്ടു.

നാലാം ഓവറിന്റെ അവസാന പന്തില്‍ ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ ഗുര്‍ബാസിനെ പുറത്താക്കി സമാന്‍ ഖാനാണ് ലാഹോറിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. ഫഖര്‍ സമാന്റെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു 17 പന്തില്‍ നിന്നും 23 റണ്ണടിച്ച ഗുര്‍ബാസിന്റെ മടക്കം.

ഗുര്‍ബാസ് പുറത്തായതിന് പിന്നാലെ വിക്കറ്റുകളുടെ ഘോഷയാത്രായിരുന്നു. പിന്നീടുള്ള പത്ത് ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകളും ഇസ്‌ലമാബാദ് വലിച്ചെറിയുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വൈസിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദ് ഖാനും സിക്കന്ദര്‍ റാസയുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും ഖലന്ദേഴ്‌സിനായി. അഞ്ച് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ടീമിനുള്ളത്.

മാര്‍ച്ച് രണ്ടിനാണ് ഖലന്ദേഴ്‌സിന്റെ അടുത്ത മത്സരം. ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സാണ് എതിരാളികള്‍.

Content Highlight: Rashid Khan plays helicopter shot in PSL match

We use cookies to give you the best possible experience. Learn more