| Tuesday, 28th March 2023, 2:47 pm

ടി-20യില്‍ ഇവനെതിരെ ബൗണ്ടറിയോ, അതിത്തിരി പുളിക്കും; റാഷിദ് ഖാനേ, നീ വല്ലാത്ത ജാതി മനുഷ്യന്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ റെക്കോഡുമായി അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍. ടി-20യില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ തുടര്‍ച്ചയായ നൂറ് പന്തുകള്‍ എന്ന അത്യപൂര്‍വ നേട്ടമാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്.

തുടര്‍ച്ചയായ 106 പന്തുകളില്‍ ഒരു ഫോറോ സിക്‌സറോ വഴങ്ങാതിരുന്ന റാഷിദ് ഖാന്‍ കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലാണ് മറ്റൊരു ബൗണ്ടറി വഴങ്ങിയത്.

നേരത്തെ പാകിസ്ഥാനെതിരെ ഷാര്‍ജയില്‍ വെച്ച് നടന്ന ടി-20യിലാണ് റാഷിദ് ഇതിന് മുമ്പ് ബൗണ്ടറി വഴങ്ങിയത്. അന്ന് പാക് താരം സിയാം അയ്യൂബായിരുന്നു റാഷിദിനെ സിക്‌സറിന് പറത്തിയത്.

പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിയാം അയ്യൂബ് വീണ്ടുമൊരു സിക്‌സറിന് പറത്തുന്നതിനിടെ റാഷിദ് ഒരു ബൗണ്ടറി പോലും വഴങ്ങാതെ എറിഞ്ഞുതീര്‍ത്തത് 17.4 ഓവറുകളാണ്.

സിയാം അയ്യൂബിനെതിരെ വഴങ്ങിയ സിക്‌സറടക്കം റാഷിദ് കഴിഞ്ഞ മത്സരത്തില്‍ വിട്ടുകൊടുത്തത് 31 റണ്‍സാണ്, ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

അതേസമയം, ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. മത്സരം ജയിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ പാകിസ്ഥാന്‍ പരമ്പര കൈവിട്ടിരുന്നു.

ഈ പരമ്പരയില്‍ വെച്ചാണ് പാകിസ്ഥാന്‍ ആദ്യമായി ടി-20യില്‍ അഫ്ഗാനോട് പരാജയപ്പെടുന്നത്. രണ്ടാം മത്സരത്തിലും പാകിസ്ഥാനെ തോല്‍പിച്ചതോടെ അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിവെക്കപ്പെടുന്നതായി ഈ പരമ്പര മാറി.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 66 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയിരുന്നു. 40 പന്തില്‍ നിന്നും 49 റണ്‍സ് നേടിയ സിയാം അയ്യൂബിന്റെ ഇന്നിങ്‌സാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.

മൂന്നാം മത്സരത്തിലും പാകിസ്ഥാനെ തറപറ്റിച്ച് പരമ്പര വൈറ്റ്‌വാഷ് ചെയ്യാം എന്ന അഫ്ഗാന്‍ മോഹങ്ങള്‍ക്ക് മുമ്പില്‍ വിലങ്ങുതടിയായത് ഷദാബ് ഖാനായിരുന്നു. ബാറ്റിങ്ങില്‍ 17 പന്തില്‍ നിന്നും 28 റണ്ണടിച്ച ഷദാബ്, ബൗളിങ്ങില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.

ഷദാബിന്റെയും ഇഷാനുള്ളയുടെയും മികച്ച ബൗളിങ്ങില്‍ അഫ്ഗാനിസ്ഥാന്‍ 18.4 ഓവറില്‍ 116ന് ഓള്‍ ഔട്ടായി. അവസാന മത്സരം തോറ്റെങ്കിലും 2-1 എന്ന നിലയില്‍ പാകിസ്ഥാനെതിരെ ഐതിഹാസിക പരമ്പര വിജയം സ്വന്തമാക്കാനും അഫ്ഗാനിസ്ഥാനായി.

Content Highlight: Rashid Khan not conceding a single boundary in 106 balls

We use cookies to give you the best possible experience. Learn more