സൗത്ത് ആഫ്രിക്കന്‍ ടി-20 സര്‍ക്യൂട്ടിലും വെന്നിക്കൊടി പാറിച്ചാണ് മുംബൈ ഫ്രാഞ്ചൈസി തലയുയര്‍ത്തി നില്‍ക്കുന്നത്. ഐ.എല്‍.ടി-20യിലും മേജര്‍ ലീഗ് ക്രിക്കറ്റിലും സ്വന്തമാക്കിയ കിരീടം എസ്.എ20യില്‍ എം.ഐ കേപ്ടൗണിലൂടെ എം.ഐ ഫാമിലിയിലെത്തി.
വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെതിരെ 76 റണ്‍സിന്റെ വിജയമാണ് റാഷിദ് ഖാന്റെ ടീം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത എം.ഐ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 182 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മി 105ന് പുറത്താവുകയായിരുന്നു.
കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി കരിടമണിഞ്ഞതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ക്യാപ്റ്റന്‍ റാഷിദ് ഖാനെ തേടിയെത്തിയത്.
മുംബൈ ഫ്രാഞ്ചൈസിക്കായി കിരീടം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍മാരുടെ എലീറ്റ് ലിസ്റ്റിലേക്കാണ് താരം കാലെടുത്ത് വെച്ചത്. ഈ ലിസ്റ്റില്‍ ഇടം നേടുന്ന അഞ്ചാമത് ക്യാപ്റ്റനാണ് റാഷിദ് ഖാന്‍.
(വര്‍ഷം – ടൂര്‍ണമെന്റ് – ടീം – ക്യാപ്റ്റന്‍ എന്നീ ക്രമത്തില്‍)
2011 – ചാമ്പ്യന്‍സ് ലീഗ് ടി-20 – മുംബൈ ഇന്ത്യന്‍സ് – ഹര്‍ഭജന്‍ സിങ്
2013 – ഐ.പി.എല്‍ – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ
2013 – ചാമ്പ്യന്‍സ് ലീഗ് ടി-20 – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ
2015 – ഐ.പി.എല്‍ – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ
2017 – ഐ.പി.എല്‍ – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ
2019 – ഐ.പി.എല്‍ – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ
2020 – ഐ.പി.എല്‍ – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ
2023 – ഡബ്ല്യൂ.പി.എല്‍ – മുംബൈ ഇന്ത്യന്‍സ് – ഹര്‍മന്‍പ്രീത് കൗര്‍
2023 – മേജര്‍ ലീഗ് ക്രിക്കറ്റ് – എം.ഐ ന്യൂയോര്‍ക്ക് – നിക്കോളാസ് പൂരന്‍
2024 – ഐ.എല്‍.ടി-20 – എം.ഐ എമിറേറ്റ്‌സ് – നിക്കോളാസ് പൂരന്‍
2025 – എസ്.എ20 – എം.ഐ കേപ്ടൗണ്‍ – റാഷിദ് ഖാന്‍*
ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും കിരീടം നേടിയ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് ഒരിക്കല്‍ക്കൂടി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ ടീം ഹാട്രിക് കിരീടം സ്വന്തമാക്കുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍ ബൗളര്‍മാരുടെ കരുത്തില്‍ കേപ്ടൗണ്‍ ഓറഞ്ച് ആര്‍മിയെ പിടിച്ചുകെട്ടുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും പോയിന്റ് പട്ടികയില്‍ അവസാനക്കാരായിരുന്ന കേപ്ടൗണ്‍ മൂന്നാം സീസണില്‍ കിരീടം നേടിയാണ് തിളങ്ങിയത്.
ആദ്യ സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച എം.ഐ ഫ്രാഞ്ചൈസി രണ്ടാം സീസണിലും വെറും മൂന്ന് മത്സരത്തിലാണ് വിജയിച്ചത്.
ആദ്യ രണ്ട് സീസണിലും ഏഴ് മത്സരം വീതം പരാജയപ്പെട്ടപ്പോള്‍ മൂന്നാം സീസണില്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് ടീം പ്ലേ ഓഫിന് യോഗ്യത നേടിയത്.
Content Highlight: Rashid Khan joins the elite list of captains winning trophies for MI Franchise