ഇന്നലെ ജയ്പൂരില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് മൂന്ന് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ സഞ്ജുവിനും സംഘത്തിനും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ് ആയിരുന്നു. ആവേശ് ഖാന്‍ എറിഞ്ഞ് അവസാന ഓവറിലെ ആദ്യ പന്തുതന്നെ റാഷിദ് ഖാന്‍ ഫോര്‍ നേടുകയായിരുന്നു. രണ്ടാം പന്തില്‍ ഡബിളും മൂന്നാം പന്തില്‍ ഫോറും നേടുകയായിരുന്നു അഫ്ഗാന്‍ താരം.
അഞ്ചാം പന്തില്‍ 22 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയ പുറത്തായി. എന്നാല്‍ അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് ആവശ്യമുള്ള സമയത്ത് ഫോര്‍ നേടികൊണ്ട് ഗുജറാത്തിന് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു റാഷിദ് ഖാന്‍. 11 പന്തില്‍ പുറത്താവാതെ 24 റണ്‍സ് നേടികൊണ്ടായിരുന്നു റാഷിദ് ഗുജറാത്തിന്റെ വിജയശില്പി ആയത്. മത്സരത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരത്തിനായിരുന്നു.
ഇതോടെ റാഷിദ് ഖാന്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ 25 വയസിലോ അതിനുള്ളിലോ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരമാകാനാണ് റാഷിദിന് സാധിച്ചത്.
റാഷിദ് ഖാന്‍ – 12*
ശുഭ്മന്‍ ഗില്‍ – 9
റിതുരാജ് ഗെയ്ക്വാദ് – 8
രോഹിത് ശര്‍മ – 7
അജിന്‍ക്യാ രഹാനെ – 7
സഞ്ജു സാംസണ്‍ – 7
അതേസമയം ഈ ലിസ്റ്റില്‍ രണ്ടാമതുള്ള ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 72 റണ്‍സും സായ് സുദര്‍ശന്‍ 29 പന്തില്‍ 35 റണ്‍സും നേടി ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 13ന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content highlight: Rashid Khan In Record Achievement