അഫ്ഗാനിസ്ഥാന്‍ ടി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സ്പിന്നര്‍ റാഷിദ് ഖാന്‍. ക്യാപ്റ്റന്‍സി തന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് ഭയക്കുന്നതായും താരം പറഞ്ഞു.
നിലവില്‍ വൈസ് ക്യാപ്റ്റനാണ് റാഷിദ്. വൈസ് ക്യാപ്റ്റനാകുകയെന്നതാണ് തനിക്ക് സാധിക്കുകയെന്നും അവശ്യസമയങ്ങളില്‍ ക്യാപ്റ്റനെ സഹായിക്കുമെന്നും റാഷിദ് പറഞ്ഞു.
‘എന്റെ പ്രകടനം ടീമിന് നിര്‍ണായകമാണ്. പ്രത്യേകിച്ച് ലോകകപ്പ് അടുത്ത സാഹചര്യത്തില്‍,’ റാഷിദ് ഖാന്‍ പറഞ്ഞു.
2019 ലോകകപ്പിന് രണ്ട് മാസം മുന്‍പാണ് അസ്ഗറില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍സി എടുത്തുമാറ്റുന്നത്. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് പേരെയാണ് ടീം ക്യാപ്റ്റനായി നിയമിച്ചത്.
ഗുലാഗ്ബിന്‍ നയിബ് ഏകദിനത്തിലും റാഷിദ് ഖാന്‍ ടി-20യിലും റഹ്മത്ത് ഷാ ടെസ്റ്റിലും ക്യാപ്റ്റനായി. എന്നാല്‍ ലോകകപ്പില്‍ ഒറ്റ ജയം പോലും സ്വന്തമാക്കാന്‍ ടീമിനായില്ല.
ഇതോടെ നയിബിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുകയും റാഷിദിന് മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കുകയും ചെയ്തു. എന്നാല്‍ 2019 ഡിസംബറില്‍ അസ്ഗറിനെ വീണ്ടും ക്യാപ്റ്റനാക്കി.
അതേസമയം 15 മാസങ്ങള്‍ക്ക് ശേഷം സീനിയര്‍ താരം ഹഷ്മത്തുള്ള ഷാഹിദിയെ ഏകദിന-ടെസ്റ്റ് ക്യാപ്‌നാക്കുകയായിരുന്നു. ടി-20 ക്യാപ്റ്റനെ നിശ്ചയിച്ചതുമില്ല. അസ്ഗറിനെ ക്യാപ്റ്റനാക്കണമെന്നാണ് റാഷിദ് ആവശ്യപ്പെടുന്നത്.