ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ ഇരയായവര്‍ക്ക് സമര്‍പ്പിച്ച് സൂപ്പര്‍ താരം റാഷിദ് ഖാന്‍. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തകര്‍ത്താണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിലെ ചരിത്ര വിജയം കുറിച്ചത്.
ഈ വിജയത്തിന് ശേഷം ഹോസ്റ്റും മുന്‍ ഓസീസ് സൂപ്പര്‍ താരവുമായ ഷെയ്ന്‍ വാട്‌സണോട് സംസാരിക്കവെയാണ് റാഷിദ് ഈ വിജയം തന്റെ ജനതയ്ക്ക് സമര്‍പ്പിക്കുന്നതായി പറഞ്ഞത്.
‘അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് മാത്രമാണ് സന്തോഷിക്കാനുള്ള ഏക കാരണം. അടുത്തിടെ അവിടെ വലിയ ഭൂകമ്പമുണ്ടായിരുന്നു. പലര്‍ക്കും എല്ലാം തന്നെ നഷ്ടമായി. ഈ വിജയം അവര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കും,’ എന്നായിരുന്നു റാഷിദ് ഖാന്‍ പറഞ്ഞത്. ഇതിന് മുമ്പ് ഭൂകമ്പത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായവും റാഷിദ് ഖാന്‍ നല്‍കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മച്ചായി തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ ബൗളറായ മുജീബ് ഉര്‍ റഹ്‌മാനും തന്റെ നേട്ടം അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലകപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 49.5 ഓവറില്‍ 284 റണ്‍സ് നേടിയിരുന്നു.
57 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. എട്ട് ബൗണ്ടറിയും നാല് സിക്സറുമായിരുന്നു താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഇതിന് പുറമെ ഇക്രം അലിഖിലിന്റെ അര്‍ധ സെഞ്ച്വറിയും അഫ്ഗാന് തുണയായി.
ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത് ഉയര്‍ന്ന ടോട്ടലാണിത്. 2019ല്‍ വിന്‍ഡീസിനെതിരെ നേടിയ 288 റണ്‍സിന്റെ ടോട്ടലാണ് പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്നത്.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക് വുഡ് രണ്ട് വിക്കറ്റും നേടി. ലിയാം ലിവിങ്സ്റ്റണ്‍, ജോ റൂട്ട്, റീസ് ടോപ്‌ലി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ കളി മറക്കുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും സാം കറനും അടക്കമുള്ളവര്‍ പരാജയമായ മത്സരത്തില്‍ ഹാരി ബ്രൂക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.
61 പന്തില്‍ 66 റണ്‍സാണ് ബ്രൂക് നേടിയത്. 39 പന്തില്‍ 32 റണ്‍സ് നേടിയ ഡേവിഡ് മലനാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത് മികച്ച സ്‌കോറര്‍.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കി.
അഫ്ഗാനിസ്ഥാനായി റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്‌മാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വെറ്ററന്‍ താരം മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫസലാഖ് ഫാറൂഖിയും നവീന്‍ ഉള്‍ ഹഖും ഓരോ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് വധം പൂര്‍ത്തിയാക്കി.
Content Highlight: Rashid Khan dedicates this win to the people of Afghanistan