|

ഇങ്ങനെയൊന്ന് ചരിത്രത്തിൽ രണ്ടാം തവണ, റാഷിദ് ഖാനെ വരെ ചെണ്ടയാക്കി; എല്ലാ ക്രെഡിറ്റും ചെന്നൈക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ 6 3 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തു വിട്ടത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനാണ് സാധിച്ചത്.

മത്സരത്തില്‍ ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. നാല് ഓവറില്‍ 49 റണ്‍സാണ് റാഷിദ് ഖാന്‍ വിട്ടുകൊടുത്തത്. 12.25 എക്കണോമിയില്‍ പന്തെറിഞ്ഞ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. രചിന്‍ രവീന്ദ്ര, ശിവം ദൂബെ എന്നിവരെയാണ് റാഷിദ് ഖാന്‍ പുറത്താക്കിയത്.

ഇതിന് പിന്നാലെ അഫ്ഗാന്‍ താരത്തിനെ തേടി ഒരു മോശം നേട്ടവും എത്തിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് റാഷിദ് ഖാന്‍ ഒരു മത്സരത്തിന്റെ ഓരോ ഓവറിലും പത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടു നല്‍കുന്നത്. ഇതിനുമുമ്പ് കഴിഞ്ഞ സീസണില്‍ ചെന്നൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ആയിരുന്നു റാഷിദ് ഖാന്‍ ഓരോ ഓവറിലും പത്ത് റണ്‍സ് വീതം വിട്ടു നല്‍കിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിരയില്‍ 23 പന്തില്‍ 51 റണ്‍സ് നേടി ശിവം ദൂബെ നിര്‍ണായകമായി. തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച നായകന്‍ റിതുരാജ് ഗെയ്ഗ്വാദ്, രചിന്‍ രവീന്ദ്ര എന്നിവരും ചെന്നൈയെ കൂറ്റന്‍ ടോട്ടലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗെയ്ക്വാദ് 36 പന്തില്‍ 46 റണ്‍സും രവീന്ദ്ര 20 പന്തില്‍ 46 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ടെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു. 31 പന്തില്‍ 37 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. മാര്‍ച്ച് 31ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. വിശാഖപട്ടണമാന് വേദി.

Content Highlight: Rashid Khan create a unwanted record in IPL