ഐ.പി.എല്‍ 2023ന് ആളും ആരവവുമായി കൊടിയിറങ്ങിയിരിക്കുകയാണ്. കിരീടം നിലനിര്‍ത്താമെന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹങ്ങള്‍ക്ക് മേല്‍ മഴ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ അഞ്ചാം കിരീടവുമായി കരുത്ത് കാട്ടി.
ടൈറ്റന്‍സിനായി സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും മോഹിത് ശര്‍മയും പൊരുതിയെങ്കിലും ധോണിപ്പടക്ക് മുമ്പില്‍ തോല്‍ക്കാനായിരുന്നു വിധി.
ബാക്ക് ടു ബാക്ക് ടൈറ്റില്‍സ് എന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ലീഗുകളിലെ ബാക്ക് ടു ബാക്ക് ടൈറ്റില്‍സ് എന്ന റാഷിദ് ഖാന്റെ സ്വപ്‌നതുല്യമായ നേട്ടത്തിന് കൂടിയാണ് തിരിച്ചടി നേരിട്ടത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സിനൊപ്പം തുടര്‍ച്ചയായി രണ്ട് കിരീടം നേടിയ റാഷിദിന് ഐ.പി.എല്ലില്‍ അതിന് സാധിച്ചില്ല.
2022 ഫെബ്രുവരി 27 ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുഹമ്മദ് റിസ്വാന്റെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ 42 റണ്‍സിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഖലന്ദേഴ്‌സ് കിരീടം ചൂടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഷഹീനിന്റെ പട നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. 46 പന്തില്‍ നിന്നും 69 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും 22 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ ഹാരി ബ്രൂക്കുമാണ് ഖലന്ദേഴ്‌സിനായി തിളങ്ങിയത്.
181 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സുല്‍ത്താന്‍സ് മൂന്ന് പന്ത് ബാക്കി നില്‍ക്കെ 138 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
മൂന്ന് മാസത്തിനിപ്പുറം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഐ.പി.എല്ലില്‍ തിളങ്ങിയ റാഷിദ് 2022ലെ രണ്ടാം കിരീടവും സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഐ.പി.എല്ലിലെ കന്നിക്കാരായ ടൈറ്റന്‍സ് കിരീടം ചൂടുമ്പോള്‍ ടൂര്‍ണമെന്റിലുടനീളം നിര്‍ണായകമായത് റാഷിദായിരുന്നു.
കിരീടനേട്ടത്തോടെയാണ് റാഷിദ് 2023 ആരംഭിച്ചത്. പി.എസ്.എല്ലില്‍ ഇത്തവണയും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ലാഹോര്‍ ഖലന്ദേഴ്‌സും തമ്മിലായിരുന്നു കലാശപ്പോരാട്ടം.
കഴിഞ്ഞ വര്‍ഷത്തിന്റെ ആവര്‍ത്തനമെന്ന പോലെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലാഹോര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 200 റണ്‍സ് നേടി. 65 റണ്‍സുമായി അബ്ദുള്ള ഷഫീഖും 15 പന്തില്‍ നിന്നും 44 റണ്‍സുമായി ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദയുമാണ് ഖലന്ദേഴ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
201 റണ്‍സ് ലക്ഷ്യവുമായി ബാറ്റേന്തിയ സുല്‍ത്താന്‍സ് ഇത്തവണ ഒറ്റ റണ്‍സിനായിരുന്നു പരാജയപ്പെട്ടത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ഖലന്ദേഴ്‌സിനെ തേടിയെത്തിയത്.
അതേനേട്ടം ഐ.പി.എല്ലിലും ആവര്‍ത്തിക്കാനൊരുങ്ങിയ റാഷിദിന് പിഴച്ചു. മഴ നിയമത്തിനൊപ്പം റാഷിദിന്റെ മോശം പ്രകടനവുമായപ്പോള്‍ കിരീടം നിലനിര്‍ത്താമെന്ന ടൈറ്റന്‍സിന്റെയും റാഷിദിന്റെയും പ്രതീക്ഷകള്‍ ഇല്ലാതായി.
Content highlight: Rashid Khan could not repeat his success in PSL in IPL