ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു. അഫ്ഗാന്റെ ഇടിവെട്ട് സ്പിന്നര്‍ റാഷിദ് ഖാനാണ് പുതിയ സീസണില്‍ ടീമിന്റെ ഉപനായകനാവുന്നത്.
ഓള്‍ റൗണ്ടര്‍ ഹര്‍ദിക് ക്യാപ്റ്റനും അത്യാവശ്യ ഘട്ടങ്ങളില്‍ അടിച്ചു തകര്‍ക്കാന്‍ കെല്‍പുള്ള റാഷിദ് വൈസ് ക്യാപ്റ്റനും ആവുന്നതോടെ ടീമിന് പുതിയൊരു മാനമാണ് കൈവന്നിരിക്കുന്നത്.
ഹര്‍ദിക്കിന്റെ പേസും റാഷിദിന്റെ ടേണും ഇരുവരും ചേര്‍ന്നെടുക്കുന്ന തന്ത്രങ്ങളും തന്നെയായിരിക്കും കളിയുടെ ഗതി നിയന്ത്രിക്കുന്നത്.
ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന മുന്‍ പരിചയുമായാണ് റാഷിദ് ടൈറ്റന്‍സിന്റെ ഉപനായകനാവുന്നത്. ഇതുവരെ ക്യാപ്റ്റനാവാത്ത പാണ്ഡ്യയ്ക്ക് അത്യാവശ്യ സമയങ്ങളില്‍ ഉപദേശവും നിര്‍ദേശവും കൊടുക്കാന്‍ അഫ്ഗാന്റെ നായകനായിരുന്ന റാഷിദിന് സാധിക്കും എന്നാണ് കണക്കുകൂട്ടുന്നത്.
ഹര്‍ദിക്കിനെ പോലെ തന്നെ ലേലത്തിന് മുമ്പ് തന്നെ ടൈറ്റന്‍സ് റാഷിദ് ഖാനെയും സ്വന്തമാക്കിയിരുന്നു. ഹര്‍ദിക്കിന് നല്‍കിയ അതേ 15 കോടി രൂപയ്ക്ക് തന്നെയാണ് റാഷിദ് ഖാനും ടീമിന്റെ ഭാഗമായത്.
ഇരുവര്‍ക്കും പുറമെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെയും ടീം ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കിയിരുന്നു. എട്ട് കോടി രൂപയ്ക്കാണ് ഗില്‍ ടൈറ്റന്‍സുമായി കരാറിലെത്തിയത്.
താരതമ്യേന മെച്ചപ്പെട്ട സ്‌ക്വാഡ് തന്നെയാണ് ടൈറ്റന്‍സ് മത്സരത്തിന് മുമ്പ് സജ്ജമാക്കിയിരിക്കുന്നത്. കോച്ച് ആശിഷ് നെഹ്‌റയ്ക്ക് കീഴില്‍ എന്തിനും പോന്നവരായാണ് ടീം തങ്ങളുടെ കന്നി ഐ.പി.എല്ലിനിറങ്ങുന്നത്.
മാര്‍ച്ച് 28നാണ് ടൈറ്റന്‍സിന്റെ ആദ്യ മത്സരം. ഐ.പി.എല്ലിലെ മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ടീമിന്റെ എതിരാളികള്‍.