ഒറ്റ കളിയിൽ എട്ട് വിക്കറ്റ്! ഇങ്ങനെയൊരു റെക്കോഡ് ടി-20 ചരിത്രത്തിലാദ്യം; കിവികളെ എറിഞ്ഞവർക്ക് ചരിത്രനേട്ടം
Cricket
ഒറ്റ കളിയിൽ എട്ട് വിക്കറ്റ്! ഇങ്ങനെയൊരു റെക്കോഡ് ടി-20 ചരിത്രത്തിലാദ്യം; കിവികളെ എറിഞ്ഞവർക്ക് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 1:18 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം. ന്യൂസിലാന്‍ഡിനെ 84 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തു വിട്ടത്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ 75 റണ്‍സിന് പുറത്താവുകയായിരുന്നു.

അഫ്ഗാന്‍ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്ലാഖ് ഫാറൂഖി എന്നിവര്‍ നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ കിവീസ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഫ്ഗാന്‍ നായകന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. മറുഭാഗത്ത് 3.2 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കികൊണ്ടാണ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തിയത്.

ഇരു താരങ്ങളുടെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് പിറവിയെടുത്തത്. ഒരു ടി-20 മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ രണ്ട് താരങ്ങള്‍ നാല് വിക്കറ്റുകള്‍ നേടുന്നത് ഇതാദ്യമായാണ്.

18 പന്തില്‍ 18 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സും 17 പന്തില്‍ 12 റണ്‍സ് നേടിയ മാറ്റ് ഹെന്റിയുമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 10 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

അതേസമയം റഹ്‌മാന്‍ ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 56 പന്തില്‍ അഞ്ച് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 80 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. 41 പന്തില്‍ 44 റണ്‍സാണ് സദ്രാന്‍ നേടിയത്.

ജയത്തോടെ രണ്ട് വിജയവുമായി നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. ജൂണ്‍ 14 നടക്കുന്ന മത്സരത്തില്‍ പാപ്പുവാ ന്യൂ ഗ്വിനിയക്കെതിരെയാണ് അഫ്ഗാന്റെ അടുത്ത മത്സരം.

Content Highlight: Rashid Khan and Fazalhaq Farooqi create a new historical Achievement