ഹൈദരാബാദ്: ഐ.പി.എല്‍ മത്സരങ്ങളില്‍ ബാറ്റ്‌സ്മാനും ബൗളറും തമ്മിലുള്ള പ്രകോപനപരമായ സംസാരങ്ങളും തുടര്‍ന്നുണ്ടാകുന്ന ചൂടേറിയ രംഗങ്ങളും പതിവ് കാഴ്ചയാണ്. മുന്‍ സീസണുകളില്‍ ഇത്തരത്തിലുള്ള പല കാഴ്ചകള്‍ക്കും ഐ.പി.എല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമ്പയറിങ്ങിനോടുള്ള പ്രതിഷേധ സൂചകമായി മുഖത്ത് ബാന്‍ഡേജ് ഒട്ടിച്ച് ബോള്‍ ചെയ്ത പൊള്ളാര്‍ഡിനെ ആരാധകരൊന്നും മറക്കാനിടയില്ല.
ഇന്നലെ നടന്ന മുംബൈ ഹൈദരാബാദ് മത്സരത്തിലും ഇത്തരമൊരു രംഗത്തിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. മുംബൈ ഇന്നിങ്‌സിന്റെ 11 ാം ഓവറിലായിരുന്നു സംഭവം. റാഷിദ് ഖാന്‍ ബോള്‍ ചെയ്യുമ്പോള്‍ 7 പന്തില്‍ 1 റണ്ണുമായി പൊള്ളാര്‍ഡായിരുന്നു ക്രീസില്‍. റാഷിദിന്റെ പന്ത് പൊള്ളാര്‍ഡ് ഡിഫന്‍ഡ് ചെയ്യുകയായിരുന്നു. പന്ത് കൈയ്യില്‍ കിട്ടിയ റാഷിദ് ഖാന്‍ ഉടന്‍ വിക്കറ്റ് കീപ്പറെ ലക്ഷ്യമാക്കി പന്തെറിയുകയും പൊള്ളാര്‍ഡിനോട് പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പൊള്ളാര്‍ഡ് തയ്യാറായില്ല. ഹൈദരാബാദ് താരം മനീഷ് പാണ്ഡെ റാഷിദിന്റെ അടുത്തെത്തുകയും അമ്പയര്‍ നന്ദന്‍ താരത്തോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ചിരിച്ചുകൊണ്ടായിരുന്നു റാഷിദിന്റെ സ്ലെഡ്ജിങ്. എന്നാല്‍ അടുത്ത പന്ത് ബൗണ്ടറിയടിച്ചാണ് പൊള്ളാര്‍ഡ് ഇതിനോട് പ്രതികരിച്ചത്.
മത്സത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ വിജയം. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു. അവസാന പന്തുവരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തില്‍ ദീപക് ഹൂഡയാണ് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. അവസാന പന്തില്‍ ഒരു റണ്‍സ് എന്ന സ്ഥിതിയില്‍ നില്‍ക്കേ ബില്ലി സ്റ്റാന്‍ലേക്ക് ബൗണ്ടറി നേടി ടീമിനു വിജയം സമ്മാനിക്കുകയായിരുന്നു.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം