നിതീഷിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല. തല്‍ക്കാലം അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്, അത്രയേ ഉള്ളൂ. നിതീഷിന്റെ ഇന്നോളമുള്ള രാഷ്ട്രീയ ചരിത്രം അദ്ദേഹത്തെ അല്‍പം പോലും വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവായാണ് മാറ്റുന്നത്. 2024ല്‍ പ്രതിപക്ഷത്തിന്റെ നേതാവായില്ലെങ്കിലും ഇനി ആയാല്‍ തന്നെ ബി.ജെ.പി ഇന്ത്യയില്‍ തകരുന്നില്ലെങ്കിലും പിന്നെ നിതീഷ് എന്തുചെയ്യുമെന്ന അപകടകരമായ ചോദ്യം ബാക്കിയാവുന്നുണ്ട്.
അളമുട്ടിയ ചേരയുടെ ഒടുവിലത്തെ കടിയായിരുന്നു നിതീഷ് കുമാറിന്റെ രാജിയും പിന്നീടുണ്ടായ രാഷ്ട്രീയ നീക്കങ്ങളും. വഴികള്‍ പൂര്‍ണമായും അടഞ്ഞു തുടങ്ങുന്നതു വരെയും നിതീഷ് ബി.ജെ.പിയോടൊപ്പം തന്നെ കടിച്ചുതൂങ്ങി കിടന്നു. ജനതാ പാര്‍ട്ടിയില്‍ നിന്നും സമതാ പാര്‍ട്ടിയിലേക്കും പിന്നീട് ജെ.ഡി.യുവിലേക്കും ഇടയ്ക്ക് പഴയ ജനതാപരിവാറിന്റെ ഭാഗമായി ലാലുവിനൊപ്പം ചേര്‍ന്ന് മഹാഗത്ബന്ധനിലേക്കും ഇതിനിടെ രണ്ടുതവണ എന്‍.ഡി.എയിലേക്കുമൊക്കെ തേരാപ്പാരാ കയറിയിറങ്ങിയ നിതീഷിന് തത്വങ്ങളോടോ ജനാധിപത്യത്തോടോ ഉള്ളതിനേക്കാളേറെ സ്വന്തം നിലനില്‍പിനോടായിരുന്നു എക്കാലത്തും ബന്ധമുണ്ടായിരുന്നത്.
2024ല്‍ പ്രതിപക്ഷത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നു നില്‍ക്കാനായില്ലെങ്കില്‍ ഇപ്പോഴത്തെ രാജിപോലെ മറ്റൊന്ന് ഇതേ നിതീഷില്‍ നിന്നും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഏതെങ്കിലും തത്വങ്ങളുടെ പുറത്താണ് നിതീഷ് കുമാര്‍ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചതെങ്കില്‍ അതെന്നോ ചെയ്യേണ്ടിയിരുന്ന കാര്യമാണ്. മുഖ്യമന്ത്രി കസേരയിലിരുന്ന് നിതീഷ് കുമാര്‍ നേരിട്ടുകൊണ്ടിരുന്ന അപമാനവും അമിത് ഷാ ദല്‍ഹിയിലിരുന്ന് ബിഹാറില്‍ നടത്തിപ്പോന്ന പ്രോക്സി ഭരണവും അതിന്റെ സകല പരിധികളും ലംഘിച്ചപ്പോഴൊന്നും ജെ.ഡി.യു ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്നും കുതറിച്ചാടാന്‍ ശ്രമിച്ചിരുന്നില്ല.
അധികാരമേറ്റ നാള്‍ മുതല്‍ നിതീഷ് കുമാറിനെ അകത്തുനിന്നും പുറത്തുനിന്നും ബി.ജെ.പി കവിളത്ത് തോണ്ടി പരിഹസിക്കുന്നുണ്ടായിരുന്നു. അതിനായി ജനതാദള്‍ യുണൈറ്റഡിനകത്ത് ബി.ജെ.പി കണ്ടെത്തിയ ഉപകരണമായിരുന്നല്ലോ രാംചന്ദ്ര പ്രസാദ് സിങ് എന്ന ആര്‍.സി.പി സിങ്. ജെ.ഡി.യുവിന്റെ ഈ മുന്‍ ദേശീയ അധ്യക്ഷന്‍ തന്റെ പാര്‍ട്ടിക്കകത്ത് അമിത് ഷായും മോദിയും കണ്ടെത്തിയ വിശ്വസ്തനായിരുന്നുവെന്ന് ഇപ്പോഴാണോ നിതീഷ് തിരിച്ചറിഞ്ഞത്? അല്ലല്ലോ. ജെ.ഡി.യുവിനുള്ള പരിഗണന എന്നതിനേക്കാളപരി ആര്‍.സി.പി സിങ് ബി.ജെ.പിക്ക് ചെയ്തുകൊണ്ടിരുന്ന സേവനങ്ങളുടെ പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തിന് മന്ത്രിപദവി നല്‍കിയതെന്ന് ജെ.ഡി.യു വിശ്വസിച്ചിരുന്നു. അതുകൊണ്ടല്ലേ മന്ത്രിയായിട്ടു പോലും ആര്‍.സി.പിക്ക് രാജ്യസഭാംഗത്വം പുതുക്കി നല്‍കാതിരുന്നത്?
ആര്‍.സി.പിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന്റെ മുന്നോടിയായി അഴിമതി കുറ്റത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോഴാണ് അപകടം മണത്ത് ആര്‍.സി.പി സ്വയം രാജിവെച്ചൊഴിഞ്ഞത്. ജെ.ഡി.യുവിനകത്ത് ബി.ജെ.പി കണ്ടെത്തിയ അഞ്ചാപത്തികളിലുള്‍പ്പെട്ട വേറൊരാള്‍, ജെ.ഡി.യുവിന്റെ വക്താവ് മനീഷ് ബാരിയര്‍, അടുത്ത തല തന്റേതാവുമെന്ന് ഭയന്ന് ആര്‍.സി.പിയുടെ പിന്നാലെ രാജി പ്രഖ്യാപിച്ചു. അതും അര്‍ണബ് ഗോസ്വാമിയുടെ ടി.വി ചര്‍ച്ചക്കിടയില്‍. മഹാരാഷ്ട്രാ നാടകത്തിന്റെ അടുത്ത രംഗം അരങ്ങേറ്റാനായി ആര്‍.സി.പിയെ മുന്നില്‍നിര്‍ത്തി ദല്‍ഹിയില്‍ നിന്നും ചരടുവലിച്ച മോദിയും ഷായും കര്‍ട്ടനിട്ട് മുങ്ങി. നാടകത്തിന് പാതിവഴിയില്‍ ശുഭാന്ത്യം.
രാംചന്ദ്ര പ്രസാദ് സിങ്, മോദി
ജെ.ഡി.യുവിനെ പിളര്‍ത്തിയതു കൊണ്ട് ബിഹാറില്‍ ബി.ജെ.പിക്കുള്ള ഭരണപങ്കാളിത്തം കൂടി നഷ്ടമാവുക എന്നല്ലാതെ മഹാരാഷ്ട്രയിലേതു പോലെ പിടിച്ചെടുക്കാന്‍ കഴിയില്ലായിരുന്നു. 243 അംഗ സഭയില്‍ 124 അംഗങ്ങളാണ് ബി.ജെ.പിക്കും ജെ.ഡി.യുവിനും ജിതിന്റാം മാഞ്ചിക്കും കൂടി ഉണ്ടായിരുന്നത്. അതായത് കേവല ഭൂരിപക്ഷത്തില്‍ നിന്നും വെറും രണ്ട് അംഗങ്ങള്‍ അധികം. മഹാരാഷ്ട്രയില്‍ പോലും രണ്ട് എം.എല്‍.എമാര്‍ അവസാനഘട്ടം വരെ നിര്‍ണായകമായിരുന്നുവെന്നോര്‍ക്കുക.
അവര്‍ ഒപ്പമുണ്ടെന്ന് ഉദ്ധവും ഇല്ലെന്ന് ഷിന്‍ഡെയും തര്‍ക്കിച്ചുകൊണ്ടിരുന്നു. അവര്‍ ഉദ്ധവിന്റെ ഒപ്പമായിരുന്നുവെന്നു വിചാരിക്കുക. എങ്കില്‍ മഹാരാഷ്ട്രയില്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനു പകരം കൂറുമാറിയവര്‍ അയോഗ്യരാവുകയും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമാണ് ഇതിനകം നടന്നിട്ടുണ്ടാവുക. അവരെ കൂടി അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞപ്പോഴാണ് ഭരിക്കാന്‍ തന്നെ ബി.ജെ.പി തീരുമാനിച്ചതും പുനരാലോചനയുടെ പുറത്ത് ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാതെ കേസര ഷിന്‍ഡെക്ക് വിട്ടുകൊടുത്തതും. അത് എന്തിനെന്ന് ഇപ്പോള്‍ കാണാനാവുന്നുണ്ട്.
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പണി തത്വത്തില്‍ ഫഡ്നാവിസിനെ ഏല്‍പിച്ച് ഉദ്ധവിനെ തകര്‍ക്കാനുള്ള വകുപ്പിന്റെ ചുമതല മാത്രമാണ് ഷിന്‍ഡെക്ക് ബാക്കിയുള്ളത്. കൂറുമാറ്റക്കാരുടെ രാജാവായ ജ്യോതിരാദിത്യക്കും അതേ കൂലിത്തല്ലിന്റെ ക്വട്ടേഷനാണ് ബി.ജെ.പി കൂടുതലും നല്‍കാറുള്ളത്. മഹാരാഷ്ട്രയിലും അങ്ങോരായിരുന്നല്ലോ ചരടുവലിച്ചത്. ബിഹാറിലും സമാനമായ ഒരു ചിത്രമുണ്ടായിരുന്നു.
കേവല ഭൂരിപക്ഷത്തേക്കാള്‍ വെറും രണ്ട് സീറ്റ് മാത്രമായിരുന്നു എന്‍.ഡി.എക്ക് അധികമുണ്ടായിരുന്നത്. ആ രണ്ട് സീറ്റിന് പക്ഷേ നിര്‍ണായകമായ വിലയുണ്ടായിരുന്നു. ബിഹാറിനെ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകുക എന്നതായിരിക്കണം നിതീഷിനെ വീഴ്ത്തുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിട്ടത്. രാജിവെച്ച രണ്ടേരണ്ടു പേര്‍ മതിയായിരുന്നു അതിന്.
ലാലുവിന്റെ കടുത്ത അനാരോഗ്യവും നിലവില്‍ നിതീഷിനെതിരെ ബിഹാറിലുള്ള ഉയര്‍ന്ന ജാതിക്കാരുടെ അസംതൃപ്തിയും ഒരേസമയം ബി.ജെ.പിയുടെ വെല്ലുവിളിയും പ്രതീക്ഷയുമായിരുന്നു. പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകാനായാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ അവര്‍ വിജയം പ്രതീക്ഷിച്ചത് സ്വാഭാവികം മാത്രം. എന്നാല്‍ അത്തരമൊരു സാഹചര്യം ബി.ജെ.പിക്ക് തളികയില്‍ വെച്ചുകൊടുക്കേണ്ട ആവശ്യം കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ഉണ്ടാവില്ലെന്നും അവര്‍ ജെ.ഡി.യുവിനൊപ്പം പോകാനുള്ള സാധ്യതയുണ്ടെന്നും ജെ.പി നദ്ദയുടെ ഉപദേശകര്‍ക്ക് മുന്‍കൂട്ടി കാണാനായില്ല.
വരും ദിവസങ്ങളില്‍ ജെ.ഡി.യുവിനെ നെടുകെ പിളര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ‘ചാണക്യ തന്ത്രം’ ബിഹാറില്‍ പാളി എന്നു തന്നെയാണര്‍ത്ഥം.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് നിലപാട് എന്ന വാക്കാണ് എറ്റവുമാദ്യം വെട്ടിക്കളയേണ്ടത്. നിലനില്‍പ് ആണ് പുതിയ കാലത്ത് കൂടുതല്‍ പ്രസക്തമായ വാക്ക്. ബിഹാറില്‍ നിതീഷ് കളമൊഴിഞ്ഞ് തെരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ നിഷ്പ്രയാസം അധികാരത്തിലേറുക ഇന്നത്തെ അവസ്ഥയില്‍ ബി.ജെ.പിയാണ്. ഇലക്ടറല്‍ ഫണ്ടും അധികാരവും ബി.ജെ.പിക്കൊപ്പമായത് കൊണ്ടാണ് അവര്‍ ജയിക്കുമെന്നു പറയുന്നത്. ബി.ജെ.പിയുടെ സ്വീകാര്യതയും മോദി എന്ന ബലൂണിന്റെ കാറ്റ് പോയതുമൊന്നും തെരഞ്ഞെടുപ്പുകളില്‍ ഒരു വിഷയമേയല്ലാതായി മാറി.
അഴിമതിയോ വിലക്കയറ്റമോ തൊഴിലില്ലായ്മയോ ഒന്നും രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ചര്‍ച്ച ചെയ്യാന്‍ ധൈര്യമുള്ള ഒരു മാധ്യമവും ഉത്തരേന്ത്യയിലില്ല. അതുകൊണ്ടൊക്കെയാണ് ഇന്ത്യയിലെ വോട്ടിങ് ശതമാനം ശരാശരി 50നും 60നുമിടയിലേക്ക് താഴ്ന്നു വരുന്നത്.
രണ്ട് നിലയിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി.ജെ.പി വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ നിന്നും അകറ്റുന്നതില്‍ വിജയിച്ചത്. ഒന്ന് വോട്ടിങ് മെഷീനുകളെ കുറിച്ച് രാജ്യത്തുടനീളം പടര്‍ന്ന സംശയം. ഏത് ബട്ടണ്‍ ഞെക്കിയാലും താമര വിരിയുമെന്ന സംശയം മൂലം ബൂത്തിലേക്ക് പോകാത്തവരുടെ എണ്ണവും ഈ കുറഞ്ഞു തുടങ്ങിയ വോട്ടിങ് ശതമാനത്തിലെവിടെയോ ഉണ്ട്. രണ്ടാമത്തേത്, ഏത് പാര്‍ട്ടി ജയിച്ചാലും ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയാണെന്ന കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളുടെ തിക്ത യാഥാര്‍ത്ഥ്യം.
തെരഞ്ഞെടുപ്പിന് മുമ്പ് മഹാഗഡ്ബന്ധന്‍ ഉണ്ടാക്കി ഭരിച്ചെങ്കിലല്ലാതെ നിതീഷ് എവിടെയും എത്തുമായിരുന്നില്ല. കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഒറ്റക്ക് സഖ്യമുണ്ടാക്കിയാലും ബി.ജെ.പിയെ എതിരിടാന്‍ കഴിയില്ലായിരുന്നു.
ബിഹാറില്‍ ബൂത്തിലിരിക്കാന്‍ ആളെ കിട്ടാത്ത, കിട്ടിയാല്‍ തന്നെ അവര്‍ ബി.ജെ.പിയുടെ പോക്കറ്റ്മണി വാങ്ങി പാര്‍ട്ടിയെ വഞ്ചിക്കാന്‍ കൂട്ടുനില്‍ക്കുന്ന അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. സംഘടനാ സംവിധാനം അങ്ങേയറ്റം ദുര്‍ബലമായി കഴിഞ്ഞു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാറിലെ ഏറ്റവും മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളിലൊരാള്‍ കോണ്‍ഗ്രസിന് വേണ്ടി ഒരു 25,000 രൂപയെങ്കിലും ഫോണിലൂടെ ഏതോ ഒരു വ്യവസായിയോട് ആവശ്യപ്പെടുന്നതിന് ഈ ലേഖകന്‍ നേരിട്ട് സാക്ഷിയാണ്. അത്രകണ്ട് ദയനീയമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ.
ആര്‍.ജെ.ഡിക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാവാന്‍ നിതീഷ് ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും കഴിയും. ഇപ്പോഴും അവര്‍ തന്നെയാണ് ബിഹാര്‍ അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും. പക്ഷെ ബി.ജെ.പിയെ മറികടന്ന് നിര്‍ണായകമായ ഭൂരിപക്ഷം നേടുക എളുപ്പമായിരിക്കില്ല. മറുഭാഗത്ത് ഒറ്റക്കു നിന്നാല്‍ കോണ്‍ഗ്രസ് മാത്രമല്ല നിതീഷും ചിത്രത്തിലുണ്ടാവില്ല. താരതമ്യേന അപ്രസക്തരായി മാറുന്ന രണ്ട് പാര്‍ട്ടികള്‍, അതായത് ജെ.ഡി.യുവും കോണ്‍ഗ്രസും ചര്‍ച്ച നടത്തിയത് ഈ പശ്ചാത്തലത്തിലാണ് നോക്കിക്കാണേണ്ടത്. പക്കമേളത്തിലെ രണ്ടാംപന്തിയിലെ വായനക്കാര്‍ മാത്രമാണ് ഇരുവരും.
അസംബ്ലി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ നിതീഷിന് സ്വന്തം നിലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് രണ്ട് കാര്യങ്ങളില്‍ മാത്രമാണ്. അതിലൊന്ന് എം.ബി.സി, ഒ.ബി.സി വിഭാഗങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം ഇപ്പോഴും ബിഹാറില്‍ നിലനില്‍ക്കുന്നു എന്നതാണ്. ജിതന്റാം മാഞ്ചി എന്ന ഒരേയൊരു തുറുപ്പുചീട്ട് കഴിഞ്ഞാല്‍ ഈ മേഖലയില്‍ എടുത്തു പറയത്തക്ക ഒരു നേതാവും ബി.ജെ.പിയോടൊപ്പമില്ല. നേരത്തെ മോദിയോടൊപ്പം ഉണ്ടായിരുന്ന ഉപേന്ദ്ര കുശവാഹ എന്‍.ഡി.എ വിട്ട് സ്വന്തം പാര്‍ട്ടിയായ ആര്‍.എല്‍.എസ്.പിയെ ജെ.ഡി.യുവില്‍ ലയിപ്പിച്ചു.
ജിതന്റാം മാഞ്ചി
രണ്ടാമതായി, മുസ്ലിം യാദവ് വോട്ടുബാങ്കിനെ പിണക്കാതെയാണ് നിതീഷ് കുമാര്‍ ഇത്രയും നാള്‍ എന്‍.ഡി.എയില്‍ തുടര്‍ന്നത്. പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് പരസ്യമായി അമിത് ഷാക്കെതിരെ നിലപാടെടുക്കുക മാത്രമല്ല രജിസ്റ്ററിനെതിരെ ആര്‍.ജെ.ഡിയെ കൂട്ടുപിടിച്ച് ബിഹാര്‍ അസംബ്ലിയില്‍ പ്രമേയം പാസാക്കാനും നിതീഷ് ധൈര്യം കാണിച്ചു. നിതീഷും ബി.ജെ.പിയും ഒരുപോലെ നാണംകെട്ടാണ് സഖ്യവുമായി മുന്നോട്ടു പോയതെന്ന് ചുരുക്കം.
കശ്മീര്‍ ഫയല്‍സ് എന്ന പ്രൊപ്പഗാണ്ടാ സിനിമക്ക് തന്നോടാലോചിക്കാതെ നികുതിയിളവ് പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രി തര്‍കിശോര്‍ പ്രസാദിനെ വിമര്‍ശിക്കാനും നിതീഷ് തയാറായി. മുഖ്യമന്ത്രിയെ അവഗണിച്ച് ദല്‍ഹിയില്‍ അമിത് ഷാക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന, എന്നാല്‍ ഭരണം പട്‌നയില്‍ നടത്തുന്ന ബി.ജെ.പിയുടെ ഉപ്രഗഹങ്ങളെ തരിമ്പും കൂസാതെയും വലിയൊരളവില്‍ ആര്‍.ജെ.ഡിയുടെ രഹസ്യ പിന്തുണ ഉറപ്പാക്കിയുമാണ് നിതീഷ് ഇതുവരെ മുഖ്യമന്ത്രി പദവിയില്‍ തുടര്‍ന്നത്.
ഒടുവില്‍ എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് മഹാഗഡ്ബന്ധനിലേക്ക് മടങ്ങുമ്പോള്‍ നിതീഷിന്റെ അംഗബലം 164 ആയി ഉയരുന്നുമുണ്ട്. തേജസ്വി യാദവ് ഉപമുഖ്യമന്ത്രി ആയിരിക്കവെ നേടിയെടുത്ത സല്‍പ്പേരും ഭരണമികവും സഖ്യത്തെ കൂടുതല്‍ ഭദ്രമാക്കുന്നുമുണ്ട്. ലാലുവും നിതീഷും ഒരുമിച്ചു നിന്ന 2015ല്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞതും ഓര്‍മയുണ്ടാവുമല്ലോ.
ഇതെല്ലാം സത്യസന്ധമായ രാഷ്ട്രീയ ചിതത്തിന് മാത്രം ബാധകമായ വിശകലനങ്ങളാണ്. മറുഭാഗത്ത് നിതീഷിന്റെ ഇന്നോളമുള്ള രാഷ്ട്രീയ ചരിത്രം അദ്ദേഹത്തെ അല്‍പം പോലും വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവായാണ് മാറ്റുന്നത്. 2024ല്‍ പ്രതിപക്ഷത്തിന്റെ നേതാവായില്ലെങ്കിലും ഇനി ആയാല്‍ തന്നെ ബി.ജെ.പി ഇന്ത്യയില്‍ തകരുന്നില്ലെങ്കിലും പിന്നെ നിതീഷ് എന്തുചെയ്യുമെന്ന അപകടകരമായ ചോദ്യം ബാക്കിയാവുന്നുണ്ട്.
ജെ.ഡി.യു ഇപ്പോഴും ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയൊന്നുമല്ല. മാത്രവുമല്ല നിലവില്‍ ബി.ജെ.പിയേക്കാളും വലുതാണ് ആര്‍.ജെ.ഡിയുടെ സീറ്റ് നില. ബഹുദൂരം പിന്നിലാണ് ജെ.ഡി.യു. അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി കരുത്തു തെളിയിച്ചാല്‍ മുഖ്യമന്ത്രി പദവിയുടെ കാര്യം പോലും നിതീഷിനെ സംബന്ധിച്ചിടത്തോളം ചോദ്യചിഹ്നമായാണ് മാറുക. മറുഭാഗത്ത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിതീഷ് മാത്രമാണ് ബിഹാറിലെ വിജയം ഉറപ്പുവരുത്തുന്ന ഒരേയൊരു ഗ്യാരണ്ടി.
അദ്ദേഹത്തിനാകട്ടെ ബി.ജെ.പിക്കൊപ്പമല്ലെങ്കിലും അനന്തമായ സാധ്യതകളുമുണ്ട്. മഹാഗഡ്ബന്ധന്‍ ഇങ്ങനെ തന്നെ മുന്നോട്ടു പോകുകയാണെങ്കില്‍ പോലും സീറ്റ് വിഭജനം മുതല്‍ക്കുള്ള സകല കാര്യങ്ങളിലും മഹാഗത്ബന്ധനകത്ത് ജെ.ഡി.യു ആയിരിക്കും കീറാമുട്ടി. ജയിച്ച സീറ്റുകള്‍ ആര്‍.ജെ.ഡിയുടെ അവകാശമാവണമെന്ന രാഷ്ട്രീയ നാട്ടുനടപ്പ് പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. തെരഞ്ഞെടുപ്പിനു ശേഷം ആര്‍.ജെ.ഡി മുഖ്യമന്ത്രി പദവി ആവശ്യപ്പെടുന്ന സാഹചര്യത്തിലും അത് മുഖ്യപ്രതിപക്ഷമാവാനിടയുള്ള ബി.ജെ.പി വെച്ചുനീട്ടുന്ന സാഹചര്യമുണ്ടായാലും നിതീഷ് മറുകണ്ടം ചാടില്ലെന്ന ഒരു ഗ്യാരണ്ടിയും ഇപ്പോഴത്തെ മഹാഗത്ബന്ധന് നല്‍കാനാവില്ല.
നിതീഷിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല. തല്‍ക്കാലം അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്. അത്രയേ ഉള്ളൂ. എന്തായാലും ബിഹാറില്‍ ആര്‍.ജെ.ഡിയും ബി.ജെ.പിയും തമ്മിലായിരിക്കും അന്തിമ പോരാട്ടം. ഇനിയുള്ള ദിവസങ്ങളില്‍ ബി.ജെ.പി ജെ.ഡി.യുവിനെ പിളര്‍ത്താതിരിക്കുകയും പ്രധാനമാണ്.
Content Highlight: Rasheedudheen Alpatta writes about the latest political updates in Bihar