| Friday, 19th November 2021, 11:06 pm

ലോണെടുത്ത 56 ലക്ഷം തിരിച്ചടക്കാതെയാണ് വഖഫ് ബോര്‍ഡിനെ നന്നാക്കാനിറങ്ങുന്നത്; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി റഷീദലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ബോര്‍ഡിനെ നന്നാക്കാനിറങ്ങുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ബോര്‍ഡില്‍ നിന്നും ലോണെടുത്ത 56 ലക്ഷം രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍. കോഴിക്കോട് നടന്ന ഐ.എസ്.എം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന്റെ പിതൃത്വം തന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

റഷീദലി ശിഹാബ് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്തായിരുന്നു വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടന്‍ തീരുമാനിച്ചതെന്നായിരുന്നു മുന്‍ മന്ത്രി കെ.ടി. ജലീല്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു.

ജലീല്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതെന്നായിരുന്നു റഷീദലി തങ്ങള്‍ വിശദീകരിക്കുന്നത്.

ഈ തീരുമാനത്തിനെതിരെ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും പിന്നീട് സെക്രട്ടറിയേറ്റ് ധര്‍ണ അടക്കം സംഘടിപ്പിച്ചിരുന്നുവെന്നും റഷീദലി തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയായിരുന്നു സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.

പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നടപടി. ദേവസ്വം റിക്രൂട്ട്മെന്റ് പോലെ വഖഫ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം മന്ത്രി അബ്ദുറഹ്മാന്‍ തള്ളുകയായിരുന്നു.

മുസ്‌ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും ഉറപ്പുനല്‍കി.

വഖഫ് ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് ബില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം തീരുമാനം മണ്ടത്തരമാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rasheedali Thangal against Kerala Government

We use cookies to give you the best possible experience. Learn more