| Friday, 3rd August 2018, 3:23 pm

ഇംറാന്റെ ഇന്നിങ്സ് ഇന്ന് തുടങ്ങും, കശ്മീരല്ലാതെ മറ്റെന്തുണ്ട് ഫീല്‍ഡില്‍? ഇന്ത്യയും കാത്തിരിക്കുന്നു

എ. റശീദുദ്ദീന്‍

1996 ഏപ്രിലില്‍ തഹ്രീകെ ഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്ത് ഇംറാന്‍ ഖാന്‍ നിയാസി രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന പ്രതിഛായയുടെ പിന്‍ബലം അദ്ദേഹത്തിനുണ്ടായിരുന്നു. രണശൂരന്‍മാരായി ചരിത്രത്തിലുടനീളം നിലകൊണ്ട പത്താനികളുടെ ഏറ്റവും മികച്ച പ്രതീകമായിരുന്നുവല്ലോ ഇംറാന്‍. ക്രിക്കറ്റില്‍, പ്രത്യേകിച്ചും ഇന്ത്യയെ എതിരിടുമ്പോള്‍ അദ്ദേഹം എന്നുമൊരു സിംഹമായിരുന്നു.

1982-83 കാലത്തെ ഇന്ത്യാ-പാക് പരമ്പര ഓര്‍മ്മയിലുള്ളവര്‍ക്കറിയാം അന്ന് എങ്ങനെയാണ് ഗവാസ്‌കറിനെയും കൂട്ടരെയും ഇംറാന്‍ എറിഞ്ഞിട്ടതെന്ന്. ബാറ്റുകൊണ്ടും പന്തു കൊണ്ടും അന്നത്തെ പാക് പര്യടനത്തിലുടനീളം ഇംറാന്‍ സംഹാര താണ്ഡവമാടി. ഫൈസലാബാദില്‍ അഞ്ച് വിക്കറ്റും സെഞ്ച്വറിയുമെന്ന അപൂര്‍വ്വ നേട്ടം നേടി എക്കാലത്തെയും മികച്ച ആള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇംറാന്‍ ഇടം കണ്ടെത്തുകയും ചെയ്തു. ഒരു സിനിമാ താരമോ കായിക താരമോ രാഷ്ട്രീയ വേഷപ്പകര്‍ച്ചയുമായിട്ടെത്തുമ്പോള്‍ അത്രയും കാലം കാണികളെ രസിപ്പിച്ചതിന്റെ ഖ്യാതി വലിയൊരളവോളം അവരെ തുണക്കുന്നുണ്ടായിരിക്കും.

Also Read:ഇവിടെ മോദിക്കെതിരെ വാര്‍ത്ത പറ്റില്ല: എ.ബി.പി ന്യൂസില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു

എന്നാല്‍ പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഒരു തെരഞ്ഞെടുപ്പില്‍, തീര്‍ത്തും നിറം കെട്ട ഒരു ജനവിധിയുമായാണ് ഇംറാന്‍ രാഷ്ട്രീയ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. സംഘര്‍ഷഭരിതമായ ഉപഭൂഖണ്ഡവും സാമ്പത്തികമായി വന്‍ പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനുമൊക്കെ ഉറ്റുനോക്കുന്ന ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് കളിക്കാനായി.

പ്രധാനമന്ത്രി പദവിയില്‍ ഇംറാന്റെ മുമ്പിലുള്ള വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല. പാകിസ്ഥാന്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലേതെന്നതു പോലെ ബാഹ്യമായി ഒരിക്കലും അനുഭവിക്കാനാവാത്ത ചില അടിയൊഴുക്കുകളുണ്ട്. മതവും വംശീയതകളും സൈന്യവും ജുഡീഷ്യറിയും അയല്‍രാജ്യവുമായുള്ള കൊടുക്കല്‍ വാങ്ങലുകളും ഭരണഘടനാതീതമായി നിലനില്‍ക്കുന്ന “സൂപ്പര്‍ ഗവണ്‍മെന്റുകളു”മൊക്കെ അതിലുണ്ട്. അവയോടെല്ലാമുള്ള നിലപാടുകളില്‍ നവാസ് ശരീഫ് ബാക്കിയിട്ടു പോയിടത്തു നിന്നാണ് തുടങ്ങേണ്ടത്. ഏല്ലാ തുടക്കക്കാരെയും പോലെ വാക്കിലും നോക്കിലും പ്രതീക്ഷ ജ്വലിപ്പിച്ചു നിര്‍ത്തിയാണ് ഇംറാന്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തുന്നത്. ചെയ്യാനാവുന്ന കാര്യങ്ങളേ പറയുന്നുമുള്ളൂ.

നവാസ് ശരീഫിനെ ആദ്യ ദിവസം തന്നെ തന്നെ ക്ഷണിച്ചു വരുത്തി “ഞാനവര്‍കള്‍” ഈ മലയങ്ങ് ഉഴൂതു മറിച്ചു കളയുമെന്നൊന്നും നരേന്ദ്ര മോദിയെ പോലെ കൊട്ടിഘോഷിക്കാന്‍ മെനക്കെടാത്തത് ഒരര്‍ഥത്തില്‍ നല്ലതു തന്നെ. ഇംറാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ അടക്കം ലോക നേതാക്കളെ ക്ഷണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്നത്തെ പാകിസ്ഥാനുമായി അമിതബന്ധം കാത്തു സൂക്ഷിക്കേണ്ട തന്ത്രപരമായ പ്രാധാന്യമൊന്നും ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അല്ലെങ്കിലുമില്ല. എന്തിനു വേണ്ടിയായിരുന്നോ പാകസ്ഥാനെ ഇത്രയും കാലം ഈ ലോകരാജ്യങ്ങള്‍ ചുമന്നത്, അത്തരം ആവശ്യങ്ങളുടെ തന്ത്രപരമായ പ്രാധാന്യം അമേരിക്കയുടെ പിന്‍വാങ്ങലിനു ശേഷം ഇസ്ലാമാബാദിന് നഷ്ടപ്പെട്ടു തുടങ്ങിയ കാലമാണിത്.

ആഗ്രഹങ്ങളല്ല യാഥാര്‍ഥ്യങ്ങളാണ് അന്താരാഷ്ട്ര ബന്ധങ്ങളിലെ നടപ്പു നീതികളെന്ന സ്ഥിതിക്ക് ഇന്ത്യയുമായും അഫ്ഗാനുമായുമൊക്കെ എന്താണോ വന്‍ ശക്തികള്‍ ആഗ്രഹിക്കുന്ന ബന്ധം, അതിനു വേണ്ടി ഇംറാന്‍ നിലകൊള്ളും. ചിലത് നവാസ് ശരീഫിന്റെതു തന്നെയായിരുന്നു ശരിയായ മാതൃകയെങ്കില്‍ മറ്റു ചിലതിനെ പഴയ മട്ടില്‍ വികൃതമാക്കുകയാണ് ഇംറാന് ചെയ്യാനുള്ളത്. അദ്ദേഹമത് തിരിച്ചറിയുന്നുമുണ്ട്.

ഇന്ത്യ ഒരു ചുവട് മുന്നോട്ടു വെക്കുകയാണെങ്കില്‍ രണ്ട് ചുവട് താന്‍ അങ്ങോട്ടു നടക്കാമെന്നാണ് വിജയ പ്രസംഗത്തില്‍ ഇംറാന്‍ പ്രഖ്യാപിച്ചത്. മറുഭാഗത്ത്, ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് കശ്മീര്‍ വിഷയത്തെ കൂട്ടിക്കെട്ടുക എന്ന പാക് നേതാക്കളുടെ അനിവാര്യമായ ദുര്‍വിധിക്ക് അദ്ദേഹം കീഴടങ്ങുകയും ചെയ്തു. പരസ്പര ബന്ധങ്ങള്‍ക്ക് നിശ്ചയിക്കുന്ന ഈ ഉപാധികളില്‍ അവിശ്വാസവും സന്ദിഗ്ധതയും അടങ്ങിയിട്ടുണ്ടെന്ന് തോന്നും. അതങ്ങനെ ആവുന്നതു തന്നെയാണ് നല്ലതും. തിരിച്ചു നടക്കാന്‍ കഴിയാത്ത വിധം പരസ്പര ബന്ധങ്ങള്‍ വഷളായ രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. അവരവരുടെ ഭരണപരാജയങ്ങള്‍ക്ക് അന്യനെ കുറ്റം പറയുന്ന നെറികെട്ട രാഷ്ട്രീയമാണ് രണ്ടിടത്തുമുള്ളത്. സ്വന്തം പരാജയത്തിന്റെ ഊക്കു കൂടുമ്പോള്‍ അപരനോടുള്ള കാര്‍ക്കശ്യത്തില്‍ കൂടുതല്‍ കടുപ്പം കാണിച്ചാണ് രണ്ടിടത്തും “നേതാക്കന്‍”മാര്‍ പിടിച്ചു നിന്നത്.

ബസു യാത്ര പോലുള്ള അല്‍ഭുതങ്ങളിലൂടെ ഏറ്റവും സൗഹൃദം കാണിച്ച വാജ്പേയി പോലും ചരിത്രത്തിലെ ഏറ്റവും വലിയ കടുപ്പവും കാണിച്ചിരുന്നു എന്നതാണ് വസ്തുത. പാകിസ്ഥാനിലെ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം ഇന്ത്യയാണെന്നാണ് അവിടെയുള്ളവര്‍ കരുതുന്നതെങ്കില്‍ പാകിസ്ഥാനി എന്ന സാധാരണക്കാരനായ മനുഷ്യനെ പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം രോഗാതുരമാണ് പുതിയ കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം. 70 കൊല്ലമായിട്ടും എങ്ങുമെത്താത്ത ചര്‍ച്ചകളെ കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുമ്പോള്‍ തര്‍ക്കങ്ങളെ നീട്ടി വലിച്ചു കൊണ്ടുപോകുകയാണ് ഇംറാനും ചെയ്യുന്നത്. നെഹ്റുവും ലിയാഖത്ത് അലിഖാനും സുല്‍ഫിക്കര്‍ അലി ഭുട്ടോയും ഇന്ദിരാഗാന്ധിയുമൊന്നും വിചാരിച്ചിട്ട് തര്‍ക്ക പരിഹാരത്തില്‍ ഒരു ചുവടു പോലും മുന്നോട്ടു പോയിട്ടില്ലാത്ത കശ്മീര്‍ വിഷയമാണ് പാക് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ പാക് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ഇംറാന്‍ എടുത്തിടുന്നതെന്ന് ശ്രദ്ധിക്കുക.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സ്പോര്‍ട്സും സംഗീതവും കച്ചവടം പോലും “ദേശ സ്നേഹ”ത്തിന്റെ ഇടിക്കൂടുകളായി മാറിയ കാലത്ത് ഇംറാന്‍ ഖാന്‍ പോലും കശ്മീരിനെ കുറിച്ച് തന്നെയാണ് പറയുന്നത് എന്നതാണ് ദു:ഖകരം. ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ കച്ചവട ബന്ധങ്ങള്‍ ശക്തിപ്പെട്ടാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ ബന്ധങ്ങളും ശക്തിപ്പെടുമായിരുന്നു. സ്ഥാനമൊഴിയുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ ഈ ദിശയില്‍ സജീവമായ നീക്കങ്ങളുമായി മുന്നോട്ടു പോയ ഭരണാധികാരിയയായിരുന്നു നവാസ് ശരീഫ്. ഇന്ത്യയുടെ ഉരുക്കു വ്യവസായി നവീന്‍ ജണ്ടാലിനെ അദ്ദേഹം പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയും അക്കാര്യത്തില്‍ സൈനിക നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ ആ കൂടിക്കാഴചയുടെ പ്രാധാന്യം ജനറല്‍മാരെ വിളിച്ചു വരുത്തി അദ്ദേഹം ബോധ്യപ്പെടുത്തുകയുമാണുണ്ടായത്.

Also Read:കണ്ണില്‍ച്ചോരയില്ലാത്ത വിവേചനം; ആശങ്കയിലാകുന്ന അഭയാര്‍ത്ഥി ജീവിതം 

വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് വിജയ പ്രസംഗത്തില്‍ ഇംറാന്‍ എടുത്തു പറയുന്നത് ഏറെ പ്രതീക്ഷക്ക് വകയൊരുക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ ബൈക്കുകള്‍, കാറുകള്‍, ട്രാക്ടറുകള്‍, മരുന്നുകള്‍ മുതലായവ ഇന്നും പാകിസ്ഥാനിലേക്ക് കയറ്റുമതി ആരംഭിച്ചിട്ടില്ല. മറുഭാഗത്ത് സീപെക് റോഡ് തുറന്നതോടെ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഇനിയങ്ങോട്ട് ഇന്ത്യയുടേതിനേക്കാള്‍ കുറഞ്ഞ വിലയില്‍ പാകിസ്ഥാന്റെ മാര്‍ക്കറ്റിലും കറാച്ചി, ഗാദര്‍ തുറമുഖങ്ങള്‍ വഴി ലോകമാര്‍ക്കറ്റിലേക്കും എത്തിപ്പെടും. തത്വത്തില്‍ ഇന്ത്യ ഒരവസരം നഷ്ടപ്പെടുത്തിയതിനു ശേഷമാണ് ഇംറാന്‍ കച്ചവടം ശക്തമാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതെന്നര്‍ഥം. തുര്‍ക്കുമെനിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാനിലൂടെ ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കരാറും ഇന്തോ-ഇറാന്‍ പ്രകൃതിവാതക പദ്ധതിയുമൊക്കെ നടപ്പില്‍ വരുന്നത് രാഷ്ട്രീയക്കാരുണ്ടാക്കുന്ന പലതരം ഞരമ്പുരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുമായിരുന്നു. വലിയൊരളവില്‍ ഇത്തരം “ഇമ്മ്യൂണിറ്റികള്‍” നിലനിര്‍ത്തിയാണ് ഇരു രാജ്യങ്ങളും വൈരത്തിന്റെ ലോകത്ത് കൊണ്ടും കൊടുത്തും മുന്നോട്ടു പോയത്.

സ്വത്ത് വിഭജിച്ചു പിരിഞ്ഞ കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പില്‍ക്കാലത്ത് ഉണ്ടാകാറുള്ള ഹൈന്ദവമോ ഇസ്ലാമികമോ ആയ ഒരു അടുപ്പവും ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ രൂപപ്പെടുന്നതിനെ സാധ്യമായ എല്ലാ വഴികളിലൂടെയും അടയ്ക്കുന്ന നയതന്ത്രമായണ് നെഹ്‌റുവിന്റെ കാലം മുതല്‍ തന്നെ ഈ അയല്‍പക്ക ബന്ധത്തിന്റെ അടിസ്ഥാനമായിവര്‍ത്തിച്ചത്.

സംഗീതവും സ്പോര്‍ട്സും സാഹിത്യവും മാധ്യമങ്ങളുമൊക്കെ പരസ്പരം അതിരുകള്‍ നിശ്ചയിച്ച് ശത്രുത പ്രഖ്യാപിച്ചത് ബോധപൂര്‍വ്വമായ ഒരു രാഷ്ട്രീയ പ്രക്രിയയുടെ കൂടി ഭാഗമായിട്ടായിരുന്നു. മാനവികതയുടെ ഈ അടിസ്ഥാന അടയാളങ്ങളുടെ കാര്യത്തിലെങ്കിലും നെഹ്റുവും ഇന്ദിരയുമൊക്കെ മുന്നോട്ടു നടന്നവരായിരുന്നുവെങ്കില്‍ വലുപക്ഷ രാഷ്ട്രീയത്തിന്റെ കാലത്ത് ക്ഷുദ്രവിചാരങ്ങളെ ചേര്‍ത്തുകെട്ടാനുള്ള ഒരിടം മാത്രമായി പാകിസ്ഥാന്‍ മാറി.

ഐ.പി.എല്ലിലെ ആദ്യ സീസണുകളില്‍ സുഹൈല്‍ തന്‍വീറും മിസ്ബാഹുല്‍ ഹഖുമൊക്കെ ഇന്ത്യന്‍ നഗരങ്ങളുടെ കുപ്പായമണിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ എന്ന ഇടിക്കൂടിന്റെ ബലം ക്ഷയിക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ കാണാനുണ്ടായിരുന്നു. ക്രിക്കറ്റിനെ ഭീകരതയുമായി ചേര്‍ത്തുകെട്ടുന്ന സിദ്ധാന്തമെങ്കിലും ഒരു മുന്‍കാല ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇംറാന് മാറ്റിയെടുക്കാനാവുമോ എന്നതാണ് ചോദ്യം. ഭീകരതയും കശ്മീരും കച്ചവടവുമൊക്കെ ഇംറാന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ചോദ്യങ്ങളുടെ ഉത്തരം ഒരുപക്ഷേ പറയപ്പെട്ടു കഴിഞ്ഞതാണ്.

ഈ വിഷയങ്ങളില്‍ അന്തിമമായ അഭിപ്രായം പറയാന്‍ 166 അംഗങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടും നവാസ് ശരീഫിന് കഴിഞ്ഞിരുന്നില്ല എന്നോര്‍ക്കുക. എന്നല്ല അത്തരം സാഹചര്യങ്ങളിലേക്ക് നവാസ് ശരീഫ് പാകിസ്ഥാനെ നയിച്ചേക്കുമെന്ന നേരിയ ശങ്ക ഉയര്‍ന്ന അവസരത്തില്‍ സൈന്യവും ജുഡീഷ്യറിയും ഒത്തു ചേര്‍ന്ന് അദ്ദേഹത്തെ സ്ഥാന ഭ്രഷ്ടനാക്കുകയും ഒടുവില്‍ജയിലിടക്കുകയുമാണ് ചെയ്തത്. അതിനു ശേഷം പാകിസ്ഥാനില്‍ എന്തു നടന്നു എന്നതാകട്ടെ ലോകം കണ്ടതുമാണ്.

നിലവില്‍ ഇംറാന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സംഘടനകളായ ബലൂച്ചിസ്ഥാന്‍ ആവാമി പാര്‍ട്ടിയും മുഹാജിര്‍ ഖൗമി മൂവ്മെന്റിന്റെ ഘടകവും രൂപം കൊണ്ട പശ്ചാത്തലത്തിലും ഇംറാന്റെ സംഘടനയായ തഹ്രീകെ ഇന്‍സാഫിന്റെ മുഖ്യ എതിരാളികളാവുമെന്ന് ഭയപ്പെട്ട മജ്ലിസെ മുത്തഹിദ് അമലിനെ (എം.എം.എ) ഖൈബര്‍ പക്തൂന്‍ണ്‍ ഖ്വായില്‍ എങ്ങനെ ദുര്‍ലമാക്കി എന്നതും സൈന്യത്തിന്റെയും പാകിസ്ഥാനിലെ ഭരണഘടനാതീത ശക്തികളുടെയും പലതരം കൂട്ടായ്മകളെയാണ് തുറന്നു കാട്ടിയത്.

നിരോധിക്കപ്പെട്ട ലശ്കറെ തോയ്ബയുടെയും ലശ്കറെ ജാംഗ്വിയുടെയും ഒരു വേള ഐസിസിന്റെ പോലും രാഷ്ട്രീയ മുഖങ്ങള്‍ തെരഞ്ഞെടുപ്പിനിറങ്ങിയത് സൈനിക നേതൃത്വത്തിന്റെ ഒത്താശയോടെയായിരുന്നു. ഇവര്‍ കൂട്ടം ചേര്‍ന്ന് മിതവാദ ഇസ്ലാമിക സംഘടനകളുടെ വോട്ടു പിളര്‍ത്തിയിരുന്നില്ലെങ്കില്‍ ഇംറാന്‍ എവിടെയും എത്തുമായിരുന്നില്ല. പാകിസ്ഥാന്‍ സൈന്യം ജീപ്പ് ചിഹ്നത്തില്‍ നവാസ് ശരീഫ് വിരുദ്ധരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു എന്നു പോലും ആരോപണമുയര്‍ന്നു. അതിനു പുറമെയാണ് ശരീഫിന്റെ സംഘടനയായ നൂന്‍ ലീഗിന്റെ പ്രമുഖ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ അര്‍ധ രാത്രി പോലും വിചാരണക്കെടുത്ത് അവരെ അയോഗ്യരാക്കിയ നീക്കങ്ങള്‍. റാവല്‍ പിണ്ടിയില്‍ ശൈഖ് റാശിദ് അഹമ്മദിനെതിരെ മത്സരിച്ച ഹനീഫ് അബ്ബാസിയുടെ കേസ് ഉദാഹരണം. ഇതിനെല്ലാം പുറമെയാണ് വോട്ടെടുപ്പു ദിവസം നൂന്‍ ലീഗിന്റെയും പി.പി.പി.യുടെയും എം.എം.എയുടെയുമൊക്കെ ഏജന്റുമാരെ പുറത്താക്കി നടന്ന വോട്ടെണ്ണല്‍. അന്നാട്ടിലെ മുഴുവന്‍ പ്രതിപക്ഷ സംഘടനകളും തെരഞ്ഞെടുപ്പ് ഫലങ്ങളെ തള്ളിപ്പറഞ്ഞു കഴിഞ്ഞു.

ഇങ്ങനെയെല്ലാം തഹ്രീകെ ഇന്‍സാഫിനെ സൈന്യവും കോടതികളും പിന്തുണച്ചിട്ടും കേവല ഭൂരിപക്ഷം നേടാന്‍ ഇംറാന് കഴിഞ്ഞില്ല. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അട്ടിമിറിക്കാന്‍ ഇത്രയേറെ കരുത്തുണ്ടായിട്ടും അത്തരമൊരു പിന്തുണ ഇംറാന് “അവര്‍” നല്‍കിയില്ല.

ഫലത്തില്‍ പാകിസ്ഥാനിലെ ദുശ്ശക്തികള്‍ ഇംറാനെ മുന്നില്‍ നിര്‍ത്തി നാടു ഭരിക്കാന്‍ പോകുകയാണെന്ന് സ്പഷ്ടം. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ക്കായി ഇസ്ലാമാബാദിനു നേര്‍ക്ക് ചെവിയോര്‍ക്കുന്നതില്‍ അര്‍ഥമില്ല. ആകെക്കൂടി പ്രതീക്ഷിക്കാവുന്നത് അന്നാട്ടില്‍ അഴിമതി വിരുദ്ധമായ ഒരു ഭരണകൂടം അധികാരമേറ്റതു കൊണ്ട് നമുക്ക് ഇപ്പുറത്ത് വല്ല മെച്ചവും ഉണ്ടായെങ്കില്‍ അതു മാത്രമാണ്.

എ. റശീദുദ്ദീന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍.

We use cookies to give you the best possible experience. Learn more