| Tuesday, 16th May 2023, 4:54 pm

ഇന്ത്യന്‍ സിനിമയില്‍ കാണുമോ ഇതുപോലൊരു റെക്കോഡ്! '2018'ല്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ചാക്കോച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ലോകത്ത് ഇന്ന് ചര്‍ച്ചയാവുന്നത് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോയാണ്. 2018ല്‍ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മേക്കിങ്ങിലെ ക്വാളിറ്റി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വലിയ പ്രശംസകളാണ് ഏറ്റുവാങ്ങുന്നത്.

കേരളമൊന്നാകെ ഒറ്റകെട്ടായി അതിജീവിച്ച ദുരന്തം സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വെറും സിനിമ മാത്രമല്ല, വികാരം കൂടിയാവുകയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായാണ് 2018 വിലയിരുത്തപ്പെടുന്നത്.

അതേസമയം ചിത്രത്തിനോടനുബന്ധിച്ചുള്ള ഒരു രസകരമായ റെക്കോഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ 100ാമത്തെ ചിത്രമാണ് 2018. ആ നൂറാമത്തെ ചിത്രം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തരമൊരു അപൂര്‍വ റെക്കോഡ് മറ്റൊരു താരത്തിന് കാണുമോ എന്ന് സംശയമാണ്.

ചിത്രത്തില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ഏറ്റെടുത്തതും ചര്‍ച്ചയാക്കിയതും ടൊവിനോയേയും ആസിഫിനെയും ആണെങ്കിലും ഈ അപൂര്‍വ്വ റെക്കോഡ് സ്വന്താക്കിയത് കുഞ്ചാക്കോ ബോബനാണ്.

ഇതുമത്രമല്ല, താരത്തിന്റെ കരിയറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരം നായകനായെത്തിയ ആദ്യ ചിത്രമായ അനിയത്തിപ്രാവ് 300 ദിവസം ഓടിയ ബ്ലോക്ക് ബസ്റ്ററായിരുന്നു. അമ്പാതമത്തെ ചിത്രമായ മല്ലുസിങ്ങാവട്ടെ 100 ദിവസം തിയേറ്ററുകളില്‍ ഓടിയ സൂപ്പര്‍ ഹിറ്റും. 100ാമത്തെ ചിത്രം ഇപ്പോള്‍ 100 കോടിയും കടന്ന് കുതിക്കുകയാണ്.

എന്തായാലും 2018 താരത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുകയാണ്. മലയാള സിനിമാ വ്യവസായത്തിന് നാഴികക്കല്ല് തീര്‍ക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്ന സിനിമ എന്നാണ് കുഞ്ചാക്കോ ബോബനും ചിത്രത്തെ വിശേഷിപ്പിച്ചത്. സിനിമയുടെ വിജയാഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പരാമര്‍ശങ്ങള്‍.

സിനിമയെ സ്‌നേഹിക്കുന്ന ഏറ്റവും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവും. ലോകമെമ്പാടും സിനിമയെ സ്‌നേഹത്തോടെ സ്വീകരിച്ചതില്‍ ഞാന്‍ വിനയാന്വിതനാണ്. ജൂഡ്, നിങ്ങള്‍ ഒരു തീയാണ്, കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: rare record of kunjako boban in 2018 movie

We use cookies to give you the best possible experience. Learn more