ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ വരുന്ന ഒരു ചിത്രത്തിന് പോലും ഇന്ന് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യതയുണ്ട്.
അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള ഇടങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷിക ആഘോഷത്തിനിടെ സെന്‍ട്രല്‍ ഹാളില്‍വെച്ച് മുഖാമുഖം കണ്ട മോദിയുടേയും രാഹുലിന്റേയും ചിത്രമാണ് ഇപ്പോള്‍ ചിലര്‍ വ്യത്യസത് തലക്കെട്ടുകള്‍ നല്‍കി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്.
ബന്ധുക്കള്‍ തന്ന പണം അച്ഛന് മുന്നില്‍ ഒളിപ്പിക്കുന്ന മകന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഒരാളുടെ ട്വീറ്റ്. പകല്‍ സമയത്ത് വെള്ളമടിച്ച് വീട്ടില്‍ കയറിയ അച്ഛന്‍ മകന്റെ മുന്നില്‍ പെടുമ്പോഴുള്ള നില്‍പ്പ് എന്ന് പറഞ്ഞുകൊണ്ടാണ് മോദിയുടെ നില്‍പ്പിനെ മറ്റൊരാള്‍ ട്രോളിയത്.
മോദിയുടെ പ്രതിമ എന്ന് പറഞ്ഞുകൊണ്ട് മോദിയ്ക്ക് മുന്നിലൂടെ കടന്നുപോകുന്ന രാഹുലിനെയാണ് മറ്റൊരു ട്വീറ്റിലൂടെ ഒരാള്‍ ട്രോളിയത്.
കാഴ്ചയില്‍ മോദി ക്ഷീണിതനായിരിക്കുന്നെന്നും രാഹുലിന്റെ പവര്‍ഫുള്‍ ലുക്ക് എന്നുമാണ് മറ്റൊരാളുടെ ട്വീറ്റ്. ചില സമയങ്ങളില്‍ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ കണ്ണുകള്‍ സംസാരിക്കുമെന്നും അത്തരമൊരു ചിത്രമാണ് ഇതെന്നുമാണ് മറ്റൊരാളുടെ പ്രതികരണം.
മോദിയുടെ കണ്ണിലേക്കാണ് രാഹുല്‍ നോക്കുന്നത് എന്നാല്‍ മോദി രാഹുലിന്റെ കണ്ണിലേക്ക് നോക്കുന്നില്ല. ഇത് ഏറെ കാര്യങ്ങള്‍ പറയുന്നു എന്നാണ് മറ്റൊരാളുടെ പ്രതികരണം. രാഹുലിന്റെ നോട്ടം വില്ലന്റേതാണെന്നും ആരാണ് ഇവിടെ പ്രതികാരം തീര്‍ക്കാന്‍ കാത്തിരിക്കുന്നതെന്നുമാണ് മറ്റൊരാളുടെ ചോദ്യം.
ഈ ചിത്രം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ജനാധിപത്യത്തില്‍ ഇത്തരം ശത്രുതകള്‍ നല്ലതല്ലെന്ന് പ്രതികരിക്കുന്നവരും ഉണ്ട്. ഓയില്‍ വെള്ളത്തെ കണ്ടപോലെ എന്നാണ് മറ്റൊരാളുടെ കമന്റ്. ഒരു വശത്ത് പക്വതയാര്‍ന്ന വ്യക്തിത്വം. മറുവശത്ത് തികഞ്ഞ നിരാശ എന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.
രണ്ട് ദേശീയ നാടകകമ്പനികളിലെ പ്രധാനനടന്‍മാര്‍ എന്ന് പറഞ്ഞാണ് മറ്റുചിലര്‍ ചിത്രത്തെ ട്രോളിയത്.