| Tuesday, 28th April 2020, 3:54 pm

ഐഫോണും ഐമാകും ഐവാച്ചും മാത്രമല്ല, നിങ്ങൾക്കറിയാത്ത നിരവധി ഉൽപ്പന്നങ്ങൾ ആപ്പിളിന്റേതായുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാല്പത്തിനാല് വർഷത്തെ ചരിത്രംകൊണ്ട് ലോകത്ത് ​ഏറ്റവും മികച്ച ടെക് കമ്പനിയായി വളർന്നു കഴിഞ്ഞു ആപ്പിൾ. സ്റ്റീവ് ജോബിൽ തുടങ്ങി ടിം കുക് നയിക്കുന്ന ആപ്പിളിന്റെ സാങ്കേതിക ഇടപെടലുകൾ  മൊബൈൽ -ലാപ്ടോപ്പ് വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത് എന്നാണ് വിദഗ്ദ്ധരുടെ വായന.

 ഐഫോൺ, മാക് ലാപ്‌ടോപ്പുകൾ, ഐപാഡുകൾ, ഐപോഡുകൾ, ആപ്പിൾ വാച്ചുകൾ തുടങ്ങി ആപ്പിൾ കമ്പനി പുറത്തിറക്കിയ ഉത്പന്നങ്ങളൊക്കെയും അനായാസമായിരുന്നു വിപണി പിടിച്ചടക്കിയത്. എന്നാൽ നമുക്ക് പരിചയമില്ലാത്ത നിരവധി ഉത്പന്നങ്ങൾ ആപ്പിൾ നിർമ്മിച്ചിട്ടുണ്ട് എന്നുള്ളതാണ് വസ്തുത.

ആപ്പിൾ പൈപ്പിൻ

ആപ്പിളിന്റെ ഗെയിമിംഗ് ഉപകരണമായിരുന്നു പൈപ്പിൻ. 1995 ൽ ആദ്യമായി ജപ്പാനിലും 96 -ൽ അമേരിക്കയിലും വിപണിയിലിറക്കി. ജപ്പാൻ കമ്പനിയായിരുന്നു ബാൻഡായിയും ആപ്പിളും ചേർന്നായിരുന്നു നിർമ്മാണം. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് ഗെയിം കളിക്കുവാനുള്ള ഉപകരണമായിരുന്നു പൈപ്പിൻ. അന്ന് 599 ഡോളർ വിലയുണ്ടായിരുന്നതും മോശം ഗെയിമുകളും പൈപ്പിനെ വിപണി കൈവിടുന്നതിന് കാരണമായി.

ഐപ്പോഡ് ഹൈ-ഫൈ

2007 ൽ ഐഫോൺ പുറത്തിറക്കുന്നതിന് കൃത്യം ഒരു വർഷം മുൻപായിരുന്നു ഐപ്പോഡ് ഹൈ-ഫൈ  നിർമ്മിക്കപ്പെട്ടത്. ഐപോഡുമായി ബന്ധിപ്പിക്കാവുന്ന റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന സ്‌പീക്കർ ആയിരുന്നു ഇത്. നല്ല ഓഡിയോ ക്വാളിറ്റി ഉണ്ടായിരുന്നിട്ടും തേർഡ് ജനറേഷൻ  ഐപോഡുമായി മാത്രമേ ബന്ധിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ എന്നതും $349 വില ഉയർന്നതായിരുന്നു എന്നതും കാരണം ഐപ്പോഡ് ഹൈ-ഫൈക്ക് ആവശ്യക്കാരുണ്ടായില്ല. 20 മാസങ്ങൾക്കു ശേഷം 2020 ഇത് കമ്പനി അതിന്റെ ഉൽപാദനം നിർത്തിവെച്ചു.

ന്യൂട്ടൻ മെസ്സേജ് പാഡ്

1993-ൽ  ആപ്പിൾ പുറത്തിറക്കിയ പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റ് ആയിരുന്നു ന്യൂട്ടൻ മെസ്സേജ് പാഡ്. വലിയ ചലനം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും മൊബൈൽ ഡിവൈസുകൾ എന്ന ആശയത്തിലേക്കുള്ള വലിയ സംഭാവനയായിരുന്നു അത്.

മെസ്സേജ് പാഡിനോട് കൂടെയുള്ള പേനപോലെയുള്ള ഉപകരണം ഉപയോഗിച്ച് വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതായിരുന്നു  അത്. ഇൻഫ്രാറെഡ് വഴി ബന്ധിപ്പിച്ചു ഇ-മെയിൽ അയക്കുവാനുള്ള സൗകര്യവും ഉണ്ടായിരുന്നു. കയ്യെഴുത്തിനെ ഡിജിറ്റലിലേക്ക് മാറ്റുന്നതും ടാറ്റ കൈമാറുന്നതും ഒക്കെ വലിയ സമയം എടുത്തിരുന്നു. ആറ് വർഷത്തിനിടയിൽ ഏഴ് മോഡലുകൾ പുറത്തിറങ്ങിയിരുന്നു. 1997 ൽ സ്റ്റീവ് ജോബ്സ് ഇത് നിർത്തി.

ആപ്പിൾ ക്വിക്ക് ടേക്ക്

ജോൺ സ്കള്ളി ആപ്പിളിന്റെ  സി.ഇ.ഓ ആയിരുന്ന സമയത്ത് പുറത്തിറക്കിയ കാമറയാണ് ക്വിക്ക് ടേക്ക്. 1994 ൽ പുറത്തിറങ്ങിയ ക്വിക്ക് ടേക്ക് 100 നിർമ്മിച്ചത് കൊട്ടകുമായി ചേർന്നായിരുന്നു. ക്യാമറകൾ തന്നെ വലിയ പ്രചാരണം നേടാതിരുന്ന അക്കാലത്ത് $700 വില അധികമായി കണക്കാക്കപ്പെട്ടു.  0.3 മെഗാപിക്സൽ കാമറയായിരുന്ന ക്വിക്ക് ടേക്ക് നിർമാണം 1997 ൽ ജോബ്സ് അവസാനിപ്പിച്ചു.

മാക്വിൻടോഷ് ടി.വി

ടെലിവിഷൻ ആയും കമ്പ്യൂട്ടർ ആയും ഉപയോഗിക്കാൻ കഴിയുന്ന മാക്വിൻടോഷ് ടി.വി 1993ലാണ് ആപ്പിൾ പുറത്തിറക്കിയത്. 14 ഇഞ്ച് വലിപ്പമുള്ള റിമോട് കൺട്രോളിങ് സാധ്യമാകുന്ന ടി.വിയായിരുന്നു അത്. അമേരിക്കയിൽ മാത്രം 10000 എണ്ണം മാത്രമായിരുന്നു ഇത് പുറത്തിറക്കിയത്. ഉയർന്ന വിലയും ഒരേ സമയം കമ്പ്യൂട്ടർ ആയും ടി.വി ആയും ഉപയോഗിക്കാൻ സാധ്യമാകാത്തതും കാരണം നാല് മാസത്തിനു ശേഷം ഉത്പാദനം അവസാനിപ്പിച്ചു.

 ആപ്പിൾ പവർ-മാക് ജി4 ക്യൂബ്

ഇരുപത് വർഷം മുൻപാണ് പവർ-മാക് ജി4 ക്യൂബ് എന്നപേരിൽ എട്ട് ഇഞ്ച് മാത്രം വലിപ്പമുള്ള കമ്പ്യൂട്ടർ ആപ്പിൾ പുറത്തിറക്കുന്നത്. പുതിയ യുസർ എക്‌സ്‌പീരിയൻസ് നൽകാനുള്ള ശ്രമം എന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട പവർ-മാക്  ഉയർന്ന വില കാരണവും മികച്ച സ്പെസിഫിക്കേഷൻസ് ഇല്ലാതിരുന്നതിനാലും ആരാധകരെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. 2001 ൽ ഒരു വർഷം തികയും മുൻപേ കമ്പനി പവർ-മാക് ഉത്പാദനം അവസാനിപ്പിച്ചു. ന്യൂയോർക് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ പവർ-മാക് പ്രദർശനത്തിലുണ്ട്.

ഐസൈറ്റ് കാമറ

ആപ്പിൾ 2003 ൽ പുറത്തിറക്കിയ കംപ്യൂട്ടറുമായി ഘടിപ്പിക്കാൻ സാധിക്കുന്ന വീഡിയോ കോൺഫറൻസിങ് ക്യാമെറയായിരുന്നു  ഐസൈറ്റ്. 149 ഡോളറായിരുന്നു വില. അന്നത്തെ മാർക്കറ്റിലെ ഏറ്റവും ഉയർന്ന വില. അലുമിനിയത്തിൽ നിന്നും നിർമിച്ച ആപ്പിളിന്റെ ആദ്യ ഉത്പന്നമായിരുന്നു ഇത്. 2008 ൽ കമ്പനി ഇത് ഉപേക്ഷിച്ചു.

ഇ-മേറ്റ് 300

ആപ്പിൾ പുറത്തിറക്കിയ ആദ്യ നോട്ട്ബുക് ആയിരുന്നു ഇ-മേറ്റ് 300. വിദ്യാഭ്യാസ രംഗം ലക്ഷ്യമിട്ട് പുറത്തിറക്കിയ ഇ-മേറ്റ്ന് കീബോർഡും, ടച് സ്ക്രീനും, ടച്ച് പെൻ ഉം ഉണ്ടായിരുന്നു. 1997ൽ 800 ഡോളറിന് പുറത്തിറക്കി, 98 ൽ ഉത്പാദനം അവസാനിപ്പിച്ചു.

We use cookies to give you the best possible experience. Learn more