|

റാപ്പുകളിലും കവിതയുണ്ട്; എത്ര മനോഹരമായിട്ടാണ് ആ വരികളില്‍ ഇന്നിന്റെ രാഷ്ട്രീയം പറയുന്നത്: ബി.കെ. ഹരിനാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1983- ലെ ഓലഞ്ഞാലികുരുവി, തീവണ്ടിയിലെ ജീവാംശമായി, ജോസഫ് എന്ന ചിത്രത്തിലെ കണ്ണെത്താ ദൂരം എന്നിങ്ങനെ ചുരുങ്ങിയ ഗാനങ്ങള്‍ക്കൊണ്ട് മലയാളികളേറ്റെടുത്ത ഗാനരചയിതാവാണ് ബി.കെ ഹരിനാരായണന്‍. ഇപ്പോള്‍ പാട്ടിന്റെ വിശേഷങ്ങളുമായി കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയാണ് അദ്ദേഹം.

കാലത്തിന്റെ മാറ്റം, സിനിമകളുടെ മാറ്റം എന്നിങ്ങനെയുള്ള എല്ലാ മാറ്റങ്ങളും ഇന്ന് വരുന്ന സിനിമ ഗാനങ്ങളിലും സംഭവിക്കാമെന്നും, ഇപ്പോള്‍ വരുന്ന റാപ്പ് ഗാനങ്ങളില്‍ കവിതയുടെ അംശമുണ്ടെന്നും ഹരിനാരായണന്‍ പറയുന്നു. ചുറ്റുപാടുകളില്‍ സംഭവിക്കുന്ന മാറ്റവും സിനിമയിലെ മാറ്റവുമെല്ലാം തന്നെ പുതിയ പാട്ടുകളിലും അവയുടെ വരികളിലും റിഫ്‌ളക്ട് ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫാലിമി എന്ന ചിത്രത്തില്‍ മുഹ്സിന്‍ പരാരി വരികള്‍ നല്‍കിയ ‘മഴവില്ലിലെ’ എന്ന ഗാനത്തിലെ വരികളെ കുറിച്ചും, മഞ്ഞുമ്മല്‍ ബോയ്സിലെ വേടന്റെ ‘കുതന്ത്രം’ റാപ്പിലെ വരികളിലെ രാഷ്ട്രീയത്തെക്കുറിച്ചും ബി.കെ ഹരിനാരായണന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘മുഹ്‌സിന്‍ പരാരിയുടെ ‘മഴവില്ലിലെ വെള്ളയെ നൊമ്പര പമ്പരചുറ്റലുകണ്ടോ നീ’ എന്ന ഗാനത്തില്‍ കവിതയുണ്ട്. അത് രചയിതാവ് റാപ്പ് രൂപത്തില്‍ എഴുതിയതാണ്. വേടന്റെ ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം’ എന്ന പാട്ടിന്റെ വരികളില്‍ എത്ര സുന്ദമായിട്ടാണ് ഇന്നത്തെ രാഷ്ട്രീയം പറയുന്നത്,’ ബി.കെ ഹരിനാരായണന്‍ പറഞ്ഞു.

ഗാനത്തില്‍ വന്ന മാറ്റങ്ങള്‍ മാത്രമാണെന്ന് പറയാന്‍ കഴിയില്ലെന്നും, നമ്മള്‍ ഉപയോഗിക്കുന്ന ഭാഷയിലും സിനിമകളിലും സിനിമകളിലെ ഭാഷയുടെ പ്രയോഗത്തിനുമെല്ലാം വ്യത്യാസം വന്നിട്ടുണ്ടെന്നും അദേഹം പറഞ്ഞു. പാട്ട് കവിത പോലെയുണ്ടാകുന്നയൊന്നല്ല, ചലച്ചിത്രത്തിനനുസരിച്ചുണ്ടാകുന്നതാണെന്നും, ഇന്ന് എല്ലാ ചെറിയ കോണുകളില്‍ നിന്നും അവരുടെ തനത് ഭാഷ രീതി സിനിമ ഗാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

‘സിനിമ മാറുകയാണ്, സിനിമയുടെ ടെക്നിക്ക്സ് മാറി, സിനിമയില്‍ വരുന്ന കഥാപാത്രങ്ങള്‍ മാറി. പാട്ടിന്റെ ഭൂമിക മാറി, പാട്ട് കവിത പോലെ ഉണ്ടാകുന്ന ഒന്നല്ല ഒരു ചലച്ചിത്രത്തിനനുസരിച്ച് ഉണ്ടാകുന്നതാണ്. അതിനനുസരിച്ച് മാത്രമേ പാട്ടിന് രൂപപ്പെടാന്‍ കഴിയുകയുള്ളു. നമ്മളുടെ സംസാരത്തില്‍ പോലും വൊക്കാബുലറി കുറഞ്ഞിട്ടുണ്ട്,’ ബി.കെ ഹരിനാരായണന്‍ പറഞ്ഞു.

content highlights: Raps also have poetry; Today’s politics is told in Vedan’s lines how beautifully: B.K. Harinarayan

Video Stories