Entertainment
ജാതിക്കൊലപാതകത്തിന്റെ വാര്‍ത്ത കഴിഞ്ഞിട്ട് വരുന്ന പരസ്യം നായര്‍ മാട്രിമോണി: വേടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 15, 04:52 am
Saturday, 15th March 2025, 10:22 am

കേരളത്തിലെ ജാതിയെ കുറിച്ചും സെക്യുലറിസത്തെ കുറിച്ചും വയലന്‍സിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റാപ്പര്‍ വേടന്‍.

കേരളത്തില്‍ ജാതിയില്ലെന്നൊക്കെ പറയുന്നത് വലിയ കോമഡിയാണെന്നും അതുള്ളതുകൊണ്ടാണ് പാട്ടിലൂടെ പറയുന്നതെന്നും അല്ലാതെ പറഞ്ഞുകഴിഞ്ഞാല്‍ നമ്മളെ അടിച്ചുകൊല്ലുമെന്നും വേടന്‍ പറയുന്നു.

ഇന്ത്യയിലെ ആളുകളില്‍ വയലന്‍സ് ഭയങ്കര റൂട്ടഡ് ആയിട്ടുള്ള കാര്യമാണെന്നും ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെന്നും വേടന്‍ പറയുന്നു. പോപ്പര്‍‌സ്റ്റോപ്പ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേടന്‍.

‘കേരളത്തിലെ 70 ശതമാനം പട്ടികജാതിക്കാര്‍ താമസിക്കുന്ന ഒരു കോളനിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ നോര്‍മല്‍ വയലന്‍സൊക്കെ നമ്മള്‍ എല്ലാ ദിവസവും കാണുന്ന കാര്യമാണ്.

രാവിലെ എണീക്കുന്നത് ഒരു വയലന്‍സ് കണ്ടിട്ടായിരിക്കും. രാത്രി ഉറങ്ങാന്‍ പോകുന്നതും ഒരുപക്ഷേ അങ്ങനെ ഒരു വയലന്‍സ് കണ്ടിട്ടായിരിക്കും. അതൊക്കെ ഞങ്ങള്‍ക്ക് നോര്‍മലായി.

ഇന്ത്യയിലെ 90 ശതമാനം ആള്‍ക്കാരും അങ്ങനെ ജീവിക്കുന്ന ആള്‍ക്കാരാണ്. ഗാര്‍ഹികപീഡനമൊക്കെ അനുഭവിച്ച് കിടന്നുറങ്ങുന്നവര്‍. ഇന്ത്യയിലെ ആളുകളില്‍ വയലന്‍സ് ഭയങ്കര റൂട്ടഡ് ആയിട്ടുള്ള കാര്യമാണ്.

ഇത് എല്ലാ ദിവസവും കാണുന്ന ആളാണ് ഞാന്‍. മീഡിയ ഇന്ത്യയെ കുറിച്ചോ കേരളത്തെ കുറിച്ചോ ഒക്കെ കാണിക്കുമ്പോള്‍ ഒരിക്കലും കാണിക്കാത്ത ഒരു സ്ഥലത്താണ് ഞാന്‍ ജീവിക്കുന്നത്.

ഈ പറമ്പില്‍ നിങ്ങള്‍ ഇരിക്കാന്‍ പാടില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇപ്പോഴുമുണ്ട്. ഞാന്‍ പാണനല്ല, പുലയനല്ല നീ തമ്പുരാനുമല്ല..അതൊക്കെ നമുക്ക് പാട്ടിലൂടെയേ പറയാന്‍ പറ്റുള്ളൂ. പുറത്തുപോയി പറഞ്ഞു കഴിഞ്ഞാല്‍ നമ്മളെ അടിച്ചു കൊല്ലും.

സത്യമായിട്ടും അതൊക്കെ ഇപ്പോഴും ഉണ്ട്. അത് ഇല്ലാത്ത ഒരു കാലമാണെങ്കില്‍ നമുക്ക് അത് എഴുതുകയും പാടുകയും ഒന്നും ചെയ്യേണ്ടതില്ലല്ലോ. ഉള്ളതുകൊണ്ടാണ് അത് എഴുതുകയും പാടുകയും ചെയ്യുന്നത്.

ഈ കേരളത്തില്‍ ജാതി അസമത്വമൊന്നും ഇല്ല എന്ന് പറയുന്നവരാണ് മിക്കവരും ഇവിടെ എറണാകുളം സിറ്റിയില്‍ ഓരോ അരക്കിലോമീറ്ററിലും ജാതി മാട്രിമോണി കാണാം. ഇവിടെ ജാതിയില്ല എന്നൊക്കെ പറഞ്ഞാല്‍ കോമഡിയാണ്.

അത് ഉള്ളിടത്തോളം കാലം അതിനെ പറ്റിയും അതിനെതിരെയുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കുക എന്നതാണ് നമ്മുടെ പണി. ഭീഷണികളൊക്കെ എല്ലായ്‌പോഴും ഉണ്ടാകാറുണ്ട്. അതൊക്കെ നല്ലതാണ്. ഞാന്‍ അതൊക്കെ എന്റര്‍ടൈന്‍ ചെയ്യാന്‍ തുടങ്ങി,’ വേടന്‍ പറയുന്നു.

സെക്യുലറിസത്തെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒന്ന് ഇവിടെ ഉള്ളതായി തോന്നിയിട്ടില്ലെന്നായിരുന്നു വേടന്റെ മറുപടി. ജനിച്ചപ്പോള്‍ തൊട്ട് കണ്ടിട്ടില്ലെന്നും കുറേ തേടിയെന്നും കണ്ണട വെച്ച് നോക്കിയിട്ടും കണ്ടിട്ടില്ലെന്നും വേടന്‍ പറയുന്നു.

‘മിഡില്‍ക്ലാസ് വരെയുള്ളവര്‍ക്ക് അതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല. അതിന് താഴെ ജീവിക്കുന്നവരാണ് ഇവിടെ പകുതി മുക്കാലോളം വരുന്ന ജനങ്ങളും. അവരുടെ അടുത്ത് പോയി സെക്യുലറിസത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ചോദിച്ചാല്‍ അവര്‍ക്ക് ഒരു തേങ്ങയും അറിയാന്‍ പാടില്ല.

കാരണം കൂലിപ്പണിക്ക് പോയി തിരിച്ചുവന്നിട്ട് രണ്ടെണ്ണം അടിച്ച് ക്ഷീണം മാറ്റിയിട്ട് കിടന്നുറങ്ങുന്നവരാണ് അവര്‍. ആള്‍ക്കാരെ ആ ഒരു ലൈഫിനകത്ത് ട്രാപ്പ് ചെയ്ത് വെച്ചേക്കുന്ന ജീവിതമാണ്. ഞാന്‍ അത് കണ്ടുവരുന്ന ആളാണ് ഞാന്‍.

നമ്മള്‍ പൊതുവേദിയില്‍ ഇരുന്ന് സംസാരിക്കുന്ന പൊളിറ്റിക്‌സ് ജനങ്ങള്‍ക്ക് മനസിലാകില്ല. ജനാധിപത്യം എന്താണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.

നല്ല വാര്‍ത്തകള്‍ ആളുകളെ കേള്‍ക്കാന്‍ സമ്മതിക്കുന്നുണ്ടോ. പ്രോപ്പര്‍ ആയി വരുന്ന ന്യൂസുകള്‍ ഇവിടെ എവിടെയാണ് ഉള്ളത്. ജാതിക്കൊലപാതകത്തിന്റെ വാര്‍ത്ത കഴിഞ്ഞിട്ട് വരുന്ന പരസ്യം നായര്‍ മാട്രിമോണി. അങ്ങനെയുള്ള ഒരു സ്ഥലത്തല്ലേ നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്,’ വേടന്‍ പറയുന്നു.

Content Highlight: Rapper Vedan about Caste Violance Politics and Secularism