| Wednesday, 10th November 2021, 10:59 pm

കെട്ടിച്ച് വിടുമെന്ന പേടി കാരണം പുറത്ത് പഠിക്കാന്‍ പോകണമെന്ന് പെണ്‍കുട്ടികള്‍ പറയുന്ന അവസ്ഥ ഭയാനകമാണ്; 'ആരുണ്ടാക്കീ ജെന്‍ഡര്‍ റോള്‍സ്' റാപ്പര്‍ കാര്‍ത്തിക് കൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആണായാല്‍ കരയല്ലേ പെണ്ണായാല്‍ കുനിയല്ലേ, എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. നല്ല താളത്തില്‍ കംപോസ് ചെയ്തിരിക്കുന്ന ‘ജെന്‍ഡര്‍ റോള്‍സ്’ എന്ന ഈ സോങ്, സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

റാപ്പറും വ്‌ളോഗറും യുട്യൂബറുമൊക്കെയായ കാര്‍ത്തിക് കൃഷ്ണന്‍ ആണ് ഈ പാട്ടിന്റെ സൃഷ്ടാവ്.

പെണ്‍കുട്ടികളുടെ ചെറിയ പ്രായത്തിലുള്ള വിവാഹത്തെക്കുറിച്ചും സെക്‌സ് എജ്യുക്കേഷനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചും കാര്‍ത്തിക് മുമ്പ് റാപ്പ് ചെയ്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ റാപ്പ് ചെയ്യുന്നതിനെക്കുറിച്ചും റാപ്പിലൂടെ തന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനെക്കുറിച്ചും കാര്‍ത്തിക് സംസാരിക്കുന്ന പഴയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് സംസാരിക്കുന്നത്.

പാട്ടുകളുടെ വരികള്‍ ജീവിതത്തിലേയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ കിട്ടിയതാണെന്ന് പറയുന്ന കാര്‍ത്തിക്, ഇത്തരം കഠിനമായ അനുഭവങ്ങളൊക്കെ ജീവിതത്തില്‍ ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് അത്യാവശ്യമൊക്കെ ഉണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.

റാപ്പ് എഴുതാനുള്ള പ്രചോദനം ചുറ്റിലുമുള്ള ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തന്നെയാണ് ലഭിച്ചതെന്നും കാര്‍ത്തിക് പറയുന്നു. പെണ്‍കുട്ടികളുടെ വിവാഹത്തെക്കുറിച്ച് ചെയ്ത ‘ദ കല്യാണം റാപ്പി’നെക്കുറിച്ച് സംസാരിക്കുകയായിരുന്നു കാര്‍ത്തിക്.

”എന്റെ കൂടെ കോളേജില്‍ പഠിച്ച പെണ്‍കുട്ടികളായ പല ഫ്രണ്ട്‌സും 18ാം വയസില്‍ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് കല്യാണം കഴിക്കേണ്ടി വന്നിട്ട്, 19, 20 വയസില്‍ അമ്മയായിട്ടുണ്ട്. പിന്നെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് അവര്‍ ഡിവോഴ്‌സ് നേടിയിട്ടുണ്ട്. അത് ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്.

അതുപോലെ എന്റെ പല ഫ്രണ്ട്‌സും പറഞ്ഞിട്ടുണ്ട്, എനിക്ക് പുറത്ത് പോയി പഠിക്കുകയോ ജോലി ചെയ്യുകയോ വേണം, വീട്ടില്‍ നിന്നാല്‍ കെട്ടിച്ച് വിടും, എന്നൊക്കെ. എന്തുകൊണ്ടാണ് ‘എന്നെ കെട്ടിച്ച് വിടും’ എന്ന ടെന്‍ഷന്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്നതെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.

ആ അവസ്ഥ ഭയങ്കര ഭയാനകമാണ്,” കാര്‍ത്തിക് പറഞ്ഞു.

ഇത്തരം വിഷയങ്ങളെക്കുറിച്ച് പറയാന്‍ ആദ്യം വിചാരിച്ചത് സംസാരിക്കുന്ന ഒരു വീഡിയോ ഇടാമെന്നായിരുന്നു. പിന്നെ വിചാരിച്ചു, സംസാരിക്കുന്നത് ആവുമ്പോള്‍ ഇവനെന്തോ പറയുന്നു എന്ന മട്ടില്‍ ആളുകള്‍ സ്‌കിപ് ചെയ്യും. ഒന്ന് താളത്തില്‍ പറഞ്ഞ് നോക്കാമെന്ന വിചാരിച്ച് പരീക്ഷണാര്‍ത്ഥത്തിലാണ് പാട്റാടുകളിലേയ്ക്കും റാപ്പിലേയ്ക്കും കടന്നതെന്നും കാര്‍ത്തിക് പറയുന്നു.

പാട്ട് കണ്ട് പല പെണ്‍കുട്ടികളും ഇത് കണ്ടിട്ട് മെസേജ് അയച്ചിരുന്നെന്നും കാര്‍ത്തിക് പറഞ്ഞു.

ആദ്യം ഇത് തുടങ്ങിയ സമയത്ത് ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീടാണ് കലയ്ക്ക് വേറൊരു വശം കൂടിയുണ്ടെന്ന, ചിന്തിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന് മനസിലാക്കിയതെന്നും ഈ യുവ റാപ്പര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rapper Karthik Krishnan talking about his songs

We use cookies to give you the best possible experience. Learn more