| Monday, 23rd August 2021, 10:58 am

ആ പാട്ടുകള്‍ ചോദ്യം ചെയ്തത് ഇതും തന്നെയായിരുന്നില്ലേ? എന്‍ജോയി എന്‍ജാമിയുടെ അംഗീകാരങ്ങളില്‍ നിന്നും അറിവിനെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് പാ.രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: അടുത്ത കാലത്ത് അന്താരാഷ്ട്രതലത്തില്‍ വരെ  ശ്രദ്ധ നേടിയ തമിഴ് പാട്ടുകളായിരുന്നു എന്‍ജോയ് എന്‍ജാമിയും സാര്‍പ്പട്ട പരമ്പരൈയിലെ നീയേ ഒലിയും. ഈ രണ്ട് പാട്ടുകള്‍ക്കും വരികളെഴുതുകയും എന്‍ജോയി എന്‍ജാമിയില്‍ പാടുകയും ചെയ്ത റാപ്പര്‍ അറിവിനെ പാട്ടിന് ലഭിക്കുന്ന അംഗീകാരങ്ങളില്‍ നിന്നും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.

സംവിധായകന്‍ പാ.രഞ്ജിത്താണ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. സംഗീതലോകത്തെ പ്രശസ്ത മാഗസിനായ റോളിംഗ് സ്‌റ്റോണിനും പാട്ടുകളിറക്കിയ മാജാക്കുമെതിരെയാണ് പാ.രഞ്ജിത്ത് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ഇരു പാട്ടുകളുടെയും വിജയവും ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ കുതിപ്പും വിഷയമാക്കിയിട്ടായിരുന്നു റോളിംഗ്‌സ്‌റ്റോണിന്റെ ഓഗസ്റ്റ് ലക്കത്തന്റെ കവര്‍. ഇതില്‍ എന്‍ജോയ് എന്‍ജാമിയിലെ ഒരു ഭാഗം പാടിയ ധീയും നീയേ ഒലി പാടിയ ഷാന്‍ വിന്‍സന്റ് ഡീ പോളും മാത്രമാണ് കടന്നുവന്നിരിക്കുന്നത്. ഇരുവരുടെയും അഭിമുഖം മാത്രമായിരുന്നു മാസികയിലുണ്ടായിരുന്നത്.

ഇരു പാട്ടുകളെയും പ്രത്യേകം പ്രതിപാദിച്ചുകൊണ്ടിറങ്ങിയ ലക്കത്തില്‍ നിന്നും അറിവിനെ പൂര്‍ണമായും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പാ. രഞ്ജിത്തടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. ഇത്തരം ഒഴിവാക്കലുകള്‍ക്കെതിരെയായിരുന്നില്ലേ അറിവ് ഈ രണ്ടു പാട്ടുകളിലൂടെയും സംസാരിച്ചിരുന്നതെന്നും പാ. രഞ്ജിത്ത് ചോദിച്ചു.

‘നീയേ ഒലിയുടെയും എന്‍ജോയ് എന്‍ജാമിയുടെയും വരികളെഴുതിയ അറിവിനെ ഒരിക്കല്‍ കൂടി അദൃശ്യനാക്കിയിരിക്കുകയാണ്. ഇത്തരം അംഗീകാരങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനെയാണ് ആ രണ്ട് പാട്ടുകളും ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കാന്‍ റോളിംഗ്‌സ്‌റ്റോണിനും മാജായ്ക്കും ഇത്ര ബുദ്ധിമുട്ടാണോ?’ പാ.രഞ്ജിത് ട്വീറ്റ് ചെയ്തു.

തമിഴ് സ്വതന്ത്ര സംഗീതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച എന്‍ജോയ് എന്‍ജാമി ടൈം സ്‌ക്വയറില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും അറിവിനെ ഒഴിവാക്കുകയായിരുന്നു. പാട്ടിന്റെ റീമിക്‌സ് ചെയ്ത ഡി.ജെ സ്‌നേക്കും ധീയും മാത്രമായിരുന്നു ഇവിടെയും ഫീച്ചര്‍ ചെയ്യപ്പെട്ടത്.

സ്‌പോട്ടിഫൈയിലെത്തിയ ഈ റീമിക്‌സിലും അറിവിന്റെ പേരുണ്ടായിരുന്നില്ല. നീയേ ഒലി മാജാ സ്വതന്ത്ര ആല്‍ബമായി ഇറക്കിയപ്പോഴും യൂട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ അറിവുണ്ടായിരുന്നില്ല. പിന്നീട് കടുത്ത വിമര്‍ശനമുയര്‍ന്നതിന് ശേഷമാണ് മാജാ അറിവിന്റെ പേരുള്‍പ്പെടുത്തിയത്.

സന്തോഷ് നാരായണനാണ് ഈ രണ്ട് പാട്ടുകള്‍ക്കും സംഗീതം നല്‍കിയത്. എ.ആര്‍ റഹ്മാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാജായായിരുന്നു ഇവ പുറത്തിറക്കിയത്. ഇരുവര്‍ക്കുമെതിരെയും ഇപ്പോള്‍ വിമര്‍ശനമുയരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rapper Arivu excluded from Enjoy Enjaami and Neeye Oli  acknowledgements, Pa. Ranjith protests

We use cookies to give you the best possible experience. Learn more