| Friday, 24th April 2020, 7:09 pm

'ഞങ്ങളുടെ കിറ്റുകള്‍ക്കല്ല, പ്രശ്‌നം ഉപയോഗിച്ച രീതിക്കാണ്'; ഇന്ത്യയിലേക്കയച്ച ടെസ്റ്റ് കിറ്റുകള്‍ കുറ്റമറ്റതെന്ന് ചൈന, വിമര്‍ശനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, കിറ്റ് മാര്‍ക്കറ്റ് ചെയ്തതെന്ന് വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ കുറ്റമറ്റതാണെന്ന അവകാശ വാദവുമായി ചൈന. കുഴപ്പം കിറ്റുകള്‍ക്കല്ല ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അത് ഉപയോഗിച്ച രീതിക്കാണെന്നാണ് കിറ്റ് നിര്‍മ്മിച്ച ചൈനീസ് കമ്പനികള്‍ വാദിക്കുന്നത്.

ചൈനീസ് കമ്പനികളായ വോണ്ട്‌ഫോ ബയോടെക്, ലിവ്‌സോണ്‍ ഡയഗ്നോസിസ് എന്നീ കമ്പനികള്‍ അഞ്ച് ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. കൊവിഡ് രോഗബാധ അതിവേഗം പടരുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ഈ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

എന്നാല്‍, കിറ്റുകളില്‍ നടത്തുന്ന പരിശോധനയില്‍ കൃത്യതയില്ലെന്ന് രാജസ്ഥാനും പശ്ചിമബംഗാളും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വഴിയുള്ള പരിശോധന നിര്‍ത്തിവെക്കാന്‍ ഐ.സി.എം.ആര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. ലോകവ്യാപകമായി ഇവര്‍ കിറ്റുകള്‍ വിതരണം ചെയ്‌തെന്നും എവിടെനിന്നും ഇത്തരത്തിലുള്ള പരാതികള്‍ വന്നിട്ടില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ കിറ്റുകള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന മാര്‍ഗനിര്‍ദ്ദേശം ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ മതിയെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ചൈന കിറ്റുകള്‍ നിര്‍മ്മിച്ചത് തിരക്കുപിടിച്ചാണെന്നാണ് ഇന്ത്യയിലെ മുതിര്‍ന്ന ഇന്‍ഫെക്ഷന്‍ ഡിസീസ് വിദഗ്ധന്‍ ഡോ മുബഷീര്‍ അലി പറയുന്നത്. ‘ലോകവ്യാപകമായി വ്യാവസായികാടിസ്ഥാനത്തില്‍ വിതരണം ചെയ്ത കിറ്റുകള്‍ നിര്‍മ്മാണ ശേഷം കൃതയമായി പരിശോധിക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ആഗോള ഡിമാന്‍ഡ് ഉയര്‍ന്നുനില്‍ക്കുന്നത് മനസിലാക്കി അവര്‍ തങ്ങളുടെ ഉല്‍പ്പന്നം എത്രയും പെട്ടന്ന് മാര്‍ക്കറ്റ് ചെയ്യാനാണ് ശ്രമിച്ചത്. ഇതുകൊണ്ടുതന്നെ മനുഷ്യരില്‍ ചുരുങ്ങിയ പരിശോധനകളെ ആ ചൈനീസ് കമ്പനികള്‍ നടത്തിയിട്ടുള്ളു’, ഡോ മുബഷീര്‍ അലി വ്യക്തമാക്കി.

 ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more