അദ്ദേഹം നല്ലൊരു ലീഡറാണ്, മികച്ച വ്യക്തിത്വത്തിന്റെ ഉടമയും, അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്: റഫീഞ്ഞ
Football
അദ്ദേഹം നല്ലൊരു ലീഡറാണ്, മികച്ച വ്യക്തിത്വത്തിന്റെ ഉടമയും, അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്: റഫീഞ്ഞ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th February 2023, 8:23 am

ഫുട്‌ബോളിലെ തന്റെ ഇഷ്ടതാരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം റഫീഞ്ഞ. ബ്രസീലിന്റെ തന്നെ സൂപ്പര്‍താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡിഫന്‍സീവ് മിഡ് ഫീല്‍ഡറുമായ കാസെമിറോയാണ് റഫീഞ്ഞയുടെ ഇഷ്ടതാരം.

അദ്ദേഹം തന്നോടൊപ്പം ബാഴ്‌സലോണയില്‍ ഉണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കാറുണ്ടെന്നും അത് ടീമിന് നല്ല ഉത്തേജകം നല്‍കിയേക്കുമെന്നും റഫീഞ്ഞ പറഞ്ഞു. വാര്‍ത്താ മാധ്യമമായ ഇ.എസ്.പി.എന്നിനോട് സംസാരിക്കുകയായിരുന്നു റാഫീഞ്ഞ.

‘ഞാനെപ്പോഴും എന്റെ കൂട്ടുകാരോടും വീട്ടുകാരോടുമൊക്കെ സംസാരിക്കാറുള്ളയാളാണ് കാസെമിറോ. അദ്ദേഹമാണ് എന്റെ ടീമില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ച താരം.

അദ്ദേഹം ഫുട്‌ബോളില്‍ എക്‌സ്പിരിയന്‍സ് ചെയ്ത കാര്യങ്ങളും നേട്ടവുമൊക്കെ എടുത്ത് പറയേണ്ട കാര്യമാണ്.

മാത്രമല്ല നല്ല വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ കാസെമിറോ, മികച്ച ലീഡര്‍ കൂടിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറില്‍ ഒരാളുമാണ് അദ്ദേഹം,’ റഫീഞ്ഞ പറഞ്ഞു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് കാസെമിറോ റയല്‍ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. 70 മില്യണ്‍ യൂറോക്കാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്.

പുതിയ തട്ടകമായ യുണൈറ്റഡിലെത്തിയതിന് ശേഷം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കാസെമിറോക്ക് സാധിച്ചിട്ടുണ്ട്. യുണൈറ്റഡില്‍ കളിച്ച 30 മത്സരങ്ങളില്‍ നാല് ഗോളും അഞ്ച് അസിസ്റ്റുമാണ് കാസെമിറോ അക്കൗണ്ടിലാക്കിയത്.

സസ്‌പെന്‍ഷന്‍ കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായ കാസെമിറോ കോച്ച് എറിക് ടെന്‍ ഹാഗിന്റെ ടീമിലേക്ക് ഉടന്‍ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുമായിട്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.15നാണ് മാച്ച്.

Content Highlights: Raphinha praises Manchester United player Casemiro