| Wednesday, 13th July 2022, 3:55 pm

ബ്രസീല്‍ സൂപ്പര്‍താരം ബാഴ്‌സയിലേക്ക് ! 2027 വരെ കരാറെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളത്തെ ഫോമൗട്ടിന് ശേഷം തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ. പുതിയ കോച്ചായ മുന്‍ ഇതിഹാസം സാവിയുടെ കീഴില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബാഴ്‌സ ശ്രമിക്കുന്നുണ്ട്.

അടുത്ത സീസണില്‍ മികച്ച ടീമിനെ ഇറക്കണമെന്ന വാശിയില്‍ മികച്ച താരങ്ങളെ തന്നെയാണ് ക്ലബ്ബ് നോട്ടമിടുന്നത്. ഇപ്പോഴിതാ ബ്രസീലിന്റെ മുന്നേറ്റനിരയിലെ സൂപ്പര്‍താരമായ റാഫിന്യയെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ബാഴ്‌സലോണ.

ഗോള്‍ ഡോട്ട് കോം ഉള്‍പ്പെടെ യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. 65 മില്യണ്‍ പൗണ്ട് നല്‍കിയാണ് റാഫിന്യയെ ബാഴ്സലോണ സ്വന്തമാക്കുന്നത്.

താരത്തിനായി 55 മില്യണ്‍ യൂറോ ആദ്യം നല്‍കുന്ന ബാഴ്സലോണ പത്തു മില്യണ്‍ യൂറോ ആഡ് ഓണുകളുടെ രൂപത്തിലാണ് കരാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2027 വരെ കരാര്‍ ഒപ്പിടുന്ന റാഫിന്യ ഉടനെ തന്നെ മെഡിക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാറ്റലന്‍ ക്ലബിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാഴ്സയിലേക്ക് ചേക്കേറാന്‍ ആഗ്രഹിച്ചിരുന്ന റാഫിന്യക്ക് വേണ്ടി ഞായറാഴ്ച മുതല്‍ കാറ്റലന്‍ ക്ലബ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. താരത്തിന് വേണ്ടി നല്‍കേണ്ട ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നീണ്ടു പോയതെങ്കിലും കഴിഞ്ഞ ദിവസം ബാഴ്സലോണ മുന്നോട്ടുവെച്ച ഓഫര്‍ ലീഡ്സ് സ്വീകരിക്കുകയായിരുന്നു.

റാഫിന്യക്കായി തുടക്കം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന ചെല്‍സിയെ പിന്തള്ളിയാണ് ബാഴ്സലോണ താരത്തെ സ്വന്തമാക്കിയത്. മുന്‍ ബാഴ്സലോണ താരവും റാഫിന്യയുടെ ഏജന്റുമായ ഡെക്കോയും താരത്തിന്റെ ട്രാന്‍സ്ഫറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ലീഡ്സില്‍ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രതിഫലം റാഫിന്യക്ക് ബാഴ്സയില്‍ നേടാന്‍ കഴിയും.

2020ല്‍ റെന്നസില്‍ നിന്നും ലീഡ്സ് യുണൈറ്റഡിലെത്തിയ റാഫിന്യ ക്ലബ്ബിനായി 67 മത്സരങ്ങള്‍ കളിച്ച് 17 ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്രസീല്‍ ദേശീയ ടീമിന്റെയും പ്രധാന താരമായ റാഫിന്യയെ സ്വന്തമാക്കുന്നതിലൂടെ ഈ സമ്മറിലെ പ്രധാന ട്രാന്‍സ്ഫര്‍ ലക്ഷ്യത്തെയാണ് ബാഴ്സലോണ ടീമിലെത്തിക്കുന്നത്

Content Highlights: Raphinha is all set to join Barcelona

We use cookies to give you the best possible experience. Learn more