‘ലാമിന്‍ (ലാമിന്‍ യമാല്‍) മെസിയുടെ പാത പിന്തുടരുകയാണോ എന്നോ? ഞാന്‍ അവനില്‍ കൂടുതലും നെയ്മറിനെയാണ് കാണുന്നത്. അവന്റെ ഡ്രിബ്‌ളുകള്‍, എത്ര പെട്ടന്നാണ് അവന്‍ ഡ്രിബ്‌ളുകളെ കുറിച്ച് ചിന്തിക്കുന്നത്.
അവന്റെ കയ്യില്‍ നിന്നും പന്ത് തട്ടിയെടുക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണാത്ത രീതിയില്‍ അതിനെ മറികടക്കും,’ ബാഴ്‌സ ടൈംസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് യമാല്‍ പുറത്തെടുക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കും റഫീന്യക്കുമൊപ്പം ബാഴ്‌സയുടെ മുന്നേറ്റത്തില്‍ പ്രതാപകാലത്തെ എം.എസ്.എന്നിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്.
ലാലിഗയില്‍ കളിച്ച 11 മത്സരത്തില്‍ നിന്നും അഞ്ച് തവണയാണ് താരം ഗോള്‍ നേടിയത്. ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാമതാണ് ലാമിന്‍.
ഗോളടിക്കുക മാത്രമല്ല, സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്നതിലും യമാല്‍ മുന്നിട്ടുനില്‍ക്കുന്നു. ആറ് തവണയാണ് യമാലിന്റെ അസിസ്റ്റില്‍ നിന്നും ബാഴ്‌സ ഗോള്‍ കണ്ടെത്തിയത്. അസിസ്റ്റുകളുടെ പട്ടികയില്‍ ലാമിനാണ് ഒന്നാമത്.
ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒന്നാമനായി തുടരുന്നതില്‍ ലാമിന്‍ യമാലിന്റെ പങ്ക് ഏറെ വലുതാണ്.
ലെവന്‍ഡോസ്‌കി – ലാമിന്‍ യമാല്‍ – റഫീന്യ എന്നിവരുടെ കരുത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ. 11 മത്സരത്തില്‍ നിന്നും പത്ത് ജയവും ഒരു തോല്‍വിയുമായി 30 പോയിന്റാണ് ബാഴ്‌സക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ റയല്‍ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്റ് ബാഴ്‌സക്ക് അധികമായുണ്ട്.
ലാലിഗയില്‍ ഞായറാഴ്ചയാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിമ്പിക് ലൂയീസ് കോംപാനിയില്‍ നടക്കുന്ന മത്സരത്തില്‍ എസ്പാന്യോളാണ് എതിരാളികള്‍. 11 മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയും ഏഴ് തോല്‍വിയുമായി 17ാം സ്ഥാനത്താണ് എസ്പാന്യോള്‍.
Content highlight: Raphinha compares Lamine Yamal with Neymar Jr