| Thursday, 24th October 2024, 2:59 pm

കരിയറില്‍ ഒരിക്കല്‍ പോലും മെസിക്ക് സാധിക്കാത്തത്; ചരിത്രനേട്ടത്തില്‍ റൊണാള്‍ഡോക്കൊപ്പം ഇനി റഫീന്യയും

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെയും തകര്‍ത്ത് ബാഴ്‌സലോണ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് ബാഴ്‌സ വിജയിച്ചുകയറിയത്.

ബാഴ്‌സക്കായി ബ്രസീലിയന്‍ സൂപ്പര്‍ താരം റഫീന്യ ഹാട്രിക് നേടി. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയുടെ മറ്റൊരു ഗോള്‍ വലയിലെത്തിച്ചപ്പോള്‍ ഹാരി കെയ്‌നാണ് ബയേണിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മത്സരം ആരംഭിച്ച് ഒന്നാം മിനിട്ടില്‍ തന്നെ റഫീന്യ ബവാരിയന്‍സിനെ ഞെട്ടിച്ചു. ബയേണ്‍ നായകന്‍ മാനുവല്‍ നൂയറിനെ നിഷ്പ്രഭനാക്കി ബാഴ്‌സ നായകന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്. ഫെര്‍മിന്‍ ലോപസിന്റെ പാസിലൂടെ റഫീന്യ ഹോം ടീമിനെ മുമ്പിലെത്തിച്ചു.

ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാനായി ബയേണിന്റെ ശ്രമം. മത്സരത്തിന്റെ 11ാം മിനിട്ടില്‍ ബയേണ്‍ ഗോള്‍ നേടിയെങ്കിലും അത് ഓഫ് സൈഡായി വിധിച്ചു. എന്നാല്‍ ഇതിന് കൃത്യം ഏഴ് മിനിട്ടിനിപ്പുറം കെയ്ന്‍ ബയേണിനെ ഒപ്പമെത്തിച്ചു.

മത്സരത്തിന്റെ 36ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്സ വീണ്ടും ലീഡ് നേടി. ഇത്തവണയും ലോപസായിരുന്നു ഗോളിന് വഴിയൊരുക്കിയത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ റഫീന്യയിലൂടെ ബാഴ്സയുടെ വക മൂന്നാം ഗോളുമെത്തി. മാര്‍ക് കസാഡോയാണ് ഗോളിന് അസിസ്റ്റ് ചെയ്തത്.

56ാം മിനിട്ടില്‍ റഫീന്യ തന്റെ ഹാട്രിക് ഗോളും മത്സരത്തിലെ അവസാന ഗോളും കണ്ടെത്തി. ലാമിന്‍ യമാല്‍ അളന്നുമുറിച്ച് നല്‍കിയ ഏരിയല്‍ പാസ് ഇടനെഞ്ചിലേറ്റുവാങ്ങിയ റഫീന്യ ബയേണ്‍ ഗോള്‍ പോസ്റ്റിലെത്തിച്ച് മത്സരത്തില്‍ തന്റെ മൂന്നാം ഗോളും പൂര്‍ത്തിയാക്കി.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടത്തിലേക്കാണ് റഫീന്യയെത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരെ ഹാട്രിക് നേടുന്ന നാലാമത് താരമെന്ന നേട്ടമാണ് റഫീന്യ സ്വന്തമാക്കിയത്.

2002ലാണ് ചാമ്പ്യന്‍സ് ലീഗില്‍ ബവാരിയന്‍സ് ആദ്യ ഹാട്രിക് വഴങ്ങുന്നത്. ഡിപ്പോര്‍ട്ടീവോ ലാ കൊരുണക്കായി പന്ത് തട്ടവെ റോയ് മക്കായാണ് ഈ നേട്ടം സ്വന്തമാക്കിയത്. ശേഷം 2003 മുതല്‍ 2007 വരെ നാല് സീസണില്‍ താരം ബയേണില്‍ കളിക്കുകയും ചെയ്തു.

2014ല്‍ സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോയും ജര്‍മന്‍ വമ്പന്‍മാരുടെ ഇടനെഞ്ച് തകര്‍ത്ത് ഹാട്രിക് നേടി.

ശേഷം 2016-17 സീസണില്‍ റൊണാള്‍ഡോയും ഈ നേട്ടത്തിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലിലെ റയല്‍-ബയേണ്‍ രണ്ടാം പാദ പോരാട്ടത്തിലാണ് റോണോ ഹാട്രിക് കണ്ടെത്തിയത്.

മത്സരത്തിന്റെ 76ാം മിനിട്ടിലാണ് താരം ആദ്യ ഗോള്‍ നേടിയത്. ഇതോടെ 3-3 അഗ്രഗേറ്റ് സ്‌കോറില്‍ മത്സരമെത്തി.

എക്‌സ്ട്രാ ടൈമിന്റെ 105, 110 മിനിട്ടുകളിലായി പന്ത് വലയിലെത്തിച്ചാണ് റോണോ ബയേണിനെതിരെ ഹാട്രിക് പൂര്‍ത്തിയാക്കിയത്.

അതേസമയം, ബയേണിനെതിരായ വിജയത്തിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ബാഴ്സ. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് വിജയമാണ് ബാഴ്സക്കുള്ളത്. ഈ രണ്ട് വിജയങ്ങളാകട്ടെ മികച്ച മാര്‍ജിനിലുള്ളതും.

ഡിസംബര്‍ 12നാണ് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയുടെ തൊട്ടടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ തൊട്ടുതാഴെയുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. ഡോര്‍ട്മുണ്ടിന്റെ തട്ടകമായ സിഗ്‌നല്‍ ഇഡ്യൂനയാണ് വേദി.

Content highlight: Raphinha becomes 4th player to score hattrick against Bayern München in UEFA Champions League

We use cookies to give you the best possible experience. Learn more