മെസിയും റോണോയുമല്ല, തന്റെ ഇഷ്ടതാരത്തിന്റെ പേര് വെളിപ്പെടുത്തി റഫീഞ്ഞ
Football
മെസിയും റോണോയുമല്ല, തന്റെ ഇഷ്ടതാരത്തിന്റെ പേര് വെളിപ്പെടുത്തി റഫീഞ്ഞ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th February 2023, 5:42 pm

ഈ സീസണില്‍ ബാഴ്‌സലോണക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് റഫീഞ്ഞ. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗില്‍ നടന്ന ബോഴ്‌സലോണ-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടത്തില്‍ ഗോള്‍ നേടാന്‍ താരത്തിനായിരുന്നു.

ഫുട്ബോളിലെ തന്റെ ഇഷ്ടതാരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ ബ്രസീല്‍ സൂപ്പര്‍താരം കാസെമിറോയെ കുറിച്ചാണ് റഫീഞ്ഞയുടെ സംസാരിച്ചത്.

അദ്ദേഹം തന്നോടൊപ്പം ബാഴ്സലോണയില്‍ ഉണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കാറുണ്ടെന്നും അത് ടീമിന് നല്ല ഉത്തേജകം നല്‍കിയേക്കുമെന്നും റഫീഞ്ഞ പറഞ്ഞു. വാര്‍ത്താ മാധ്യമമായ ഇ.എസ്.പി.എന്നിനോട് സംസാരിക്കുകയായിരുന്നു റാഫീഞ്ഞ.

‘ഞാനെപ്പോഴും എന്റെ കൂട്ടുകാരോടും വീട്ടുകാരോടുമൊക്കെ സംസാരിക്കാറുള്ളയാളാണ് കാസെമിറോ. അദ്ദേഹമാണ് എന്റെ ടീമില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ച താരം. അദ്ദേഹം ഫുട്ബോളില്‍ എക്സ്പിരിയന്‍സ് ചെയ്ത കാര്യങ്ങളും നേട്ടവുമൊക്കെ എടുത്ത് പറയേണ്ട കാര്യമാണ്.

മാത്രമല്ല നല്ല വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ കാസെമിറോ, മികച്ച ലീഡര്‍ കൂടിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറില്‍ ഒരാളുമാണ് അദ്ദേഹം,’ റഫീഞ്ഞ പറഞ്ഞു.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് കാസെമിറോ റയല്‍ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. 70 മില്യണ്‍ യൂറോക്കാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയത്.

പുതിയ തട്ടകമായ യുണൈറ്റഡിലെത്തിയതിന് ശേഷം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കാസെമിറോക്ക് സാധിച്ചിട്ടുണ്ട്. യുണൈറ്റഡില്‍ കളിച്ച 30 മത്സരങ്ങളില്‍ നാല് ഗോളും അഞ്ച് അസിസ്റ്റുമാണ് കാസെമിറോ അക്കൗണ്ടിലാക്കിയത്.

അതേസമയം, യുവേഫ യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തില്‍ ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിട്ടിരുന്നു. മത്സരത്തില്‍ ഇരുകൂട്ടരും 2-2ന് സമനില വഴങ്ങുകയായിരുന്നു.

കളിയുടെ 50ാം മിനിട്ടില്‍ ബാഴ്സലോണ താരം മാര്‍ക്കോസ് അലോന്‍സോയുടേതായിരുന്നു ആദ്യ ഗോള്‍. രണ്ട് മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ യുണൈറ്റഡിന്റെ മിന്നുംതാരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് തകര്‍പ്പന്‍ ഗോളിലൂടെ സമനില പിടിച്ചു.

59ാം മിനിട്ടില്‍ ജൂള്‍സ് കോണ്ടെയുടെ ഷോട്ടിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ റഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്സ സമനില പിടിച്ചു.

Content Highlights: Raphinha praises Casemiro