ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ ചാമ്പ്യൻസ് ലീഗിലും, പ്രീമിയർ ലീഗിലും മോശം പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഈ അവസരത്തിൽ ടീമിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം റാഫേൽ വരാനേ.
ചാമ്പ്യൻസ് ലീഗിലെ ടീമിന്റെ തുടക്കം മോശമാണെങ്കിലും മുന്നോട്ടുപോകാനുള്ള ഗുണനിലവാരം ടീമിന് ഉണ്ടെന്നാണ് വരാനെ പറഞ്ഞത്.
റാഫേൽ വരാനയുടെ പഴയ ക്ലബ്ബായ റയൽ മാഡ്രിഡിനെ പോലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം.
‘അതേ ഞാൻ കരുതുന്നു. ടീമിന് ചാമ്പ്യൻസ് ലീഗിൽ മുന്നേറാനുള്ള നല്ല ഗുണനിലവാരമുണ്ട്. ഓരോ മത്സരങ്ങളും വളരെ ബുദ്ധിമുട്ടുള്ളതാണ്. എങ്കിലും ഇപ്പോഴുള്ള പ്രകടനങ്ങളിൽ നിന്നും ഞങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല ഞങ്ങൾ സീസണിന്റെ തുടക്കം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മികച്ച ടീമുകളുമായി മത്സരിക്കുമ്പോൾ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു,’ വരാനെ പത്ര സമ്മേളനത്തിൽ പറഞ്ഞു.
‘ഒരു മത്സരം വിജയിക്കാൻ ഞങ്ങൾ കൂടുതൽ കാര്യക്ഷമമായിരിക്കണം. മത്സരത്തിൽ വിജയിക്കാൻ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും, അവസാന നിമിഷം വരെ പൊരുതുകയും ചെയ്യണം. ലഭിക്കുന്ന ഓരോ അവസരങ്ങളും ഗോളാക്കി മാറ്റുകയും കൂടുതൽ കിരീടങ്ങൾക്കായി മുന്നേറുകയും ചെയ്യണം. മത്സരത്തിൽ വിജയിക്കാനുള്ള നിലവാരം ടീമിന് ഇപ്പോഴുമുണ്ട് ഞങ്ങൾ മുന്നോട്ടു പോവുക തന്നെ ചെയ്യും,’ താരം കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്കിനെതിരെ 4-3ന് റെഡ് ഡെവിൾസ് പരാജയപ്പെട്ടിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ടീമിന്റെ പ്രകടനം വളരെ മോശമാണ്. ഏഴ് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും നാല് തോൽവിയും അടക്കം ഒൻപത് പോയിന്റുമായി പത്താം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വരും മത്സരങ്ങൾ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
ചാമ്പ്യൻസ് ലീഗിൽ ഒക്ടോബർ നാലിന് ഗറ്റാട്ടസാരിക്കെതിരെയും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ ഏഴിന് ബ്രെൻട്ഫോർട്ടിനെതിരെയുമാണ് യുണൈറ്റഡിന്റെ മത്സരങ്ങൾ.
Content Highlight: Raphael Varane talks that Manchester United will perform well in the upcoming matches.