ഭോപ്പാല്‍: ഭോപ്പാലിലെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിനെതിരെ പരാതിയുമായി അന്തേവാസികളായ കുട്ടികള്‍. സ്ഥാപനത്തിന്റെ ഉടമ കാലങ്ങളായി തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് കുട്ടികള്‍ സാമൂഹ്യ നീതി ഡിപ്പാര്‍ട്ടുമെന്റിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
കുട്ടികളുടെ പരാതിയില്‍ സ്ഥാപന ഉടമയായ 70 കാരനായ വിമുക്ത സൈനികനെ പൊലീസ് അറസ്റ്റു ചെയ്തു.
മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ച് അന്തേവാസികളാണ് പരാതിയുമായി സാമൂഹ്യ നീതി ഡിപ്പാര്‍ട്ടുമെന്റിനെ സമീപിച്ചത്.
ലൈംഗിക പീഡനത്തെ തുടര്‍ന്നുള്ള അമിത രക്തസ്രാവം കാരണം ഒരു ആണ്‍കുട്ടി ഇവിടെ മരിച്ചെന്നാണ് കുട്ടികള്‍ പറയുന്നത്. ചുവരില്‍ തലയിടിച്ചതിനെ തുടര്‍ന്നുള്ള പരിക്കിനെ തുടര്‍ന്ന് മറ്റൊരു കുട്ടിയും രാത്രി പുറത്തുനിര്‍ത്തിയതിനെ തുടര്‍ന്ന് തണുപ്പേറ്റ് മറ്റൊരു കുട്ടിയും മരിച്ചെന്ന് കുട്ടികള്‍ ആരോപിക്കുന്നു.
1995 മുതല്‍ മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഷെല്‍റ്റര്‍ ഹോം ഫണ്ട് സ്വീകരിക്കുന്നുമുണ്ട്. 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളും 2003 മുതല്‍ ഇവിടെ കഴിയുന്നുണ്ട്.
“ഭിന്നശേഷിയുള്ള ചില കുട്ടികള്‍ ഞങ്ങളുടെ ഓഫീസിലേക്ക് വന്നിരുന്നു. ഹോസ്റ്റലിലെ ഉടമസ്ഥനില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവരുന്നെന്ന് ആരോപിച്ച് അവര്‍ ഞങ്ങള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഞങ്ങള്‍ എഴുതും.” സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കൃഷ്ണ മോഹന്‍ പറഞ്ഞു.