ഫലസ്തീനികളുടെ തലകൾ ഫുട്ബോളാക്കുമെന്ന് പറഞ്ഞു, സ്ത്രീ സൈനികർ ബലാത്സംഗം ചെയ്തു: ഫലസ്തീൻ തടവുകാരന്റെ വെളിപ്പെടുത്തൽ
Worldnews
ഫലസ്തീനികളുടെ തലകൾ ഫുട്ബോളാക്കുമെന്ന് പറഞ്ഞു, സ്ത്രീ സൈനികർ ബലാത്സംഗം ചെയ്തു: ഫലസ്തീൻ തടവുകാരന്റെ വെളിപ്പെടുത്തൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 1:57 pm

ഗസ: ഇസ്രഈൽ സ്റ്റേ ടീമെൻ തടങ്കലിൽ നടക്കുന്നത് ബലാത്സംഗം ഉൾപ്പടെയുള്ള ക്രൂരതകളെന്ന് റിപ്പോർട്ട്. മാസങ്ങളോളം സ്റ്റേ ടീമെൻ തടങ്കലിൽ കഴിഞ്ഞ ഫലസ്തീനികൾ മോചിതരായതോടെയാണ് വിവരങ്ങൾ പുറത്ത് വരുന്നത്. ആയിരക്കണക്കിന് ഫലസ്തീനികളെ കുറ്റം ചുമത്താതെ തടങ്കലിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കുപ്രസിദ്ധമായ തടവറയാണ് സ്റ്റേ ടീമെൻ.

ഇവിടെ നിന്നുള്ള വിവരങ്ങളൊന്നും തന്നെ പുറംലോകത്തിന് അറിയില്ലായിരുന്നു. ആദ്യമായി അവിടെ നിന്ന് പുറത്തെത്തിയത് മുള്ളുവേലിയിൽ ചാരി നിൽക്കുന്ന ഫലസ്തീനി തടവുകാരുടെ ചിത്രമായിരുന്നു. ചിത്രത്തിൽ ഉള്ള ഇബ്രാഹിം സെലാം എട്ട് മാസങ്ങൾക്ക് ശേഷം മോചിതനായിരിക്കുകയാണ്.

എട്ട് മാസത്തോളം ഇസ്രഈലിലെ സ്റ്റേ ടീമെൻ തടങ്കലിലെ  ഇബ്രാഹിമിന്റെ ജീവിതം നരകതുല്യമായിരുന്നെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

വൈദ്യതാഘാതമേൽപ്പിക്കൽ , അടിക്കടിയുള്ള മർദനം തുടങ്ങി താൻ അനുഭവിച്ച ഭയാനകമായ അനുഭവത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സി.എൻ.എൻ പങ്കുവെച്ച ചിത്രത്തിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

‘അവിടെയുള്ള തടവുകാരിൽ ഭൂരിഭാഗം പേരും ലൈംഗികാതിക്രമം മൂലം മലാശയത്തിൽ ഉണ്ടാകുന്ന പരിക്കുമായാണ് അവിടെ നിന്നും പുറത്ത് വരുന്നത്. എന്നാൽ ഭൂരിഭാഗം പേരും തങ്ങൾ ബലാത്സംഗത്തിനിരയായെന്ന് തുറന്നുപറയാറില്ല . പലപ്പോഴും സ്ത്രീകളും ഞങ്ങളെ ബലാത്സംഗത്തിനിരയാക്കാറുണ്ട്,’ ഇബ്രാഹിം പറഞ്ഞു.

2023 ഡിസംബറിലാണ് ഇസ്രഈൽ സൈന്യം ഇബ്രാഹിമിനെ പിടിച്ചുകൊണ്ട് പോയത്. ഗസയിലെ കമാൽ അഡ്‌വാൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന തന്റെ മക്കൾക്കൊപ്പമായിരുന്നു ഇബ്രാഹിം അപ്പോൾ. അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ ആ കുഞ്ഞുങ്ങളെ പട്ടാളക്കാർ കൊലപ്പെടുത്തുകയും ചെയ്തു .

‘എന്നെ അവർ കെട്ടിയിടുകയും വസ്ത്രങ്ങൾ അഴിക്കുകയും ചെയ്തു. പിന്നീട് അസഭ്യം പറയാനും മർദിക്കാനും തുടങ്ങി. എന്റെ കുഞ്ഞുങ്ങളെ അവർ കൊന്നുകളഞ്ഞു ,’ ഇബ്രാഹിം പറയുന്നു .

അവരുടെ അസഭ്യവാക്കുകൾ മർദനങ്ങളെക്കാൾ വേദനാജനകമായിരുന്നെന്ന് അദ്ദഹം ഓർമിക്കുന്നു. തന്റെ അമ്മയും സഹോദരിയും വേശ്യകളാണെന്നും അവരെ ഞങ്ങൾ ഭോഗിക്കും എന്ന് പറഞ്ഞായിരുന്നു ഇസ്രഈൽ പട്ടാളക്കാർ തങ്ങളെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘എന്റെ അമ്മ വേശ്യയാണെന്നും സഹോദരി വേശ്യയാണെന്നും പറയാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. പറയാത്തവരെ അതി ക്രൂരമായി മർദിച്ചു,’ ഇബ്രാഹിം പറഞ്ഞു.

തടങ്കലിലേക്ക് കൊണ്ടുപോയ രാത്രി തണുപ്പും വിശപ്പും കൊണ്ട് വലഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നെഗേവ് മരുഭൂമിയിലെ തടങ്കലിലായിരുന്നു ഇബ്രാഹിം ആദ്യം ഉണ്ടായിരുന്നത്. പിന്നീട് സ്റ്റേ ടീമെൻ തടങ്കലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

‘അവിടെ ഞാൻ നേരിട്ടത് അതിഭയാനകമായ ആക്രമണങ്ങളായിരുന്നു. ബാത്റൂമിൽ പോകണമെന്ന് പറഞ്ഞാൽ അവർ ഞങ്ങളെ ശിക്ഷിക്കും. രണ്ട് മണിക്കൂർ ഒറ്റക്കാലിൽ നിർത്തും. ഞാൻ ഇസ്രഈലി ആണെന്ന് പറയാൻ ആവശ്യപ്പെട്ടു, അനുസരിക്കാഞ്ഞപ്പോൾ ക്രൂരമായി ആക്രമിച്ചു. എന്റെ നെഞ്ചിൽ കസേര കൊണ്ട് അടിച്ചു. ഗസയിലെ ജനങ്ങളുടെ തല ഉപയോഗിച്ച് അവർ ഫുട്ബോൾ കളിക്കുമെന്നും ഗസയെ ഒരു ഫുട്ബോൾ മൈതാനമാക്കി മാറ്റുമെന്നും അവർ പറഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

തന്റെ കുഞ്ഞുങ്ങളുടെ കൊലപാതകത്തെക്കുറിച്ച് ചോദിച്ച ഇബ്രാഹിമിനെ അവർ വൈദ്യുതാഘാതമേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ അവരോട് പ്രതികരിച്ചു. എന്റെ മൂന്നും അഞ്ചും വയസുള്ള കുഞ്ഞുങ്ങൾ പട്ടാളക്കാരായിരുന്നോ എന്ന് ചോദിച്ചു. എന്റെ സഹോദരി പട്ടാളക്കാരിയായിരുന്നോ എന്നും ചോദിച്ചു. എന്നാൽ അതിനുള്ള മറുപടിയായി അവർ എന്നെ വൈദ്യുതാഘാതമേല്പിക്കാൻ തുടങ്ങി. ഞാൻ മരിച്ചെന്ന് കരുതി അന്ന്.

സ്റ്റേ ടീമെൻ തടങ്കലിലെ ആരും തന്നെ തുറന്ന് പറയാൻ മടിക്കുന്ന മറ്റൊന്ന് വനിതാ പട്ടാളക്കാരിൽ നിന്ന് ഏറ്റ ലൈംഗീക പീഡനമാണ്. 40 വയസുള്ള ഒരു തടവുകാരൻ ബലാത്സംഗത്തിനിരയായിരുന്നു. കൗമാര പ്രായത്തിലുള്ള വനിതാ സൈനികരിൽ നിന്ന് ഞങ്ങൾ ആക്രമണം നേരിട്ടു എന്നത് എന്തൊരു ദയനീയമാണ്,’ അദ്ദേഹം പറഞ്ഞു.

 

 

Content Highlight: Raped by female soldiers’: Palestinian in leaked Sde Teiman photo speaks out