ഷമിയെ പിന്തുണച്ചു; കോഹ്‌ലിയുടെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി
Sports News
ഷമിയെ പിന്തുണച്ചു; കോഹ്‌ലിയുടെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd November 2021, 8:23 am

തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ഇതിന് പിന്നാലെയാണ് കോഹ്‌ലിയുടെ മകള്‍ക്കെതിരായ ഭീഷണി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടക്കത്തില്‍ കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും നേരെ നടന്ന സൈബര്‍ ആക്രമണം വൈകാതെ ഒന്‍പത് മാസം മാത്രം പ്രായമുള്ള മകള്‍ക്കുനേരെയും തിരിയുകയായിരുന്നു.

എന്നാല്‍ നിരവധിപേരാണ് താരദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്.

‘നട്ടെല്ലില്ലാത്ത ഒരുകൂട്ടമാളുകളെപ്പോലെ സോഷ്യല്‍ മീഡിയയിലല്ല ഞങ്ങള്‍ കളിക്കുന്നത്, മൈതാനത്താണ്. ഇത്തരക്കാര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ഒരു ധൈര്യവുമുണ്ടാവില്ല,’ കോഹ്ലി പറഞ്ഞു.

കളിക്കാര്‍ക്ക് പരസ്പരം അറിയാമെന്നും ടീമിന്റെ കരുത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. ബുംറയ്ക്കൊപ്പം ഇന്ത്യന്‍ ടീമിലെ ഒന്നാം നമ്പര്‍ താരമാണ് ഷമി. മതത്തിന്റെ പേരില്‍ ഒരിക്കലും വ്യക്തിപരമായി താന്‍ ആരേയും വേര്‍തിരിച്ച് കാണാറില്ലെന്നും ചോദ്യത്തിന് മറുപടിയായി കോഹ്ലി പറഞ്ഞു.

ഷമിയ്ക്ക് ടീമിന്റെ പിന്തുണയുണ്ടെന്നും യാതൊരു വിവേചനവും ടീമിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനോട് ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഒരോവറില്‍ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rape threat against Virat Kohli’s 9 month old daughter after supporting Shami