| Friday, 10th August 2018, 4:25 pm

മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ യുവാവിന്റെ ബലാത്സംഗഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗഭീഷണി മുഴക്കിയ യുവാവിനെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിനയാണ് പരാതി നല്‍കിയിരിക്കുന്നത്.

വടകര സ്വദേശിയായ രൂപേഷ് ചാത്തോത്തിനെതിരെയാണ് പരാതി. കുവൈറ്റിലെ സല്‍മിയയില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍. ഷാഹിനയെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നും ഭീഷണിപ്പെടുത്തുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

“സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ സൈബര്‍ അധിക്ഷേപങ്ങള്‍ എനിക്ക് പുതിയ കാര്യമല്ല. പക്ഷേ ഇതുവരെ ബലാത്സംഗ ഭീഷണി അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. ഫേസ്ബുക്കിലെ പബ്ലിക് പോസ്റ്റുകളിലൂടെ രൂപേഷ് ചാത്തോത്ത് എന്ന വ്യക്തി എന്ന നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജിഷ എലിസബത്തിന്റെ പോസ്റ്റിനു കീഴിലുള്ള കമന്റുകളില്‍ എന്നെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.” എന്നാണ് പരാതിയില്‍ പറയുന്നത്.

Also Read:24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 200 അംഗ സംഘം: ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നത്- ദ വയര്‍ അന്വേഷണ റിപ്പോര്‍ട്ട്

ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായതെന്ന് ഷാഹിന പറയുന്നു. ഇക്കാര്യവും അവര്‍ പരാതിയ്‌ക്കൊപ്പം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

“സൈബര്‍ ഇടങ്ങളിലെ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്. ദിലീപ് നട്‌കേരിയെന്ന വ്യക്തി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് നമ്പര്‍ 2018/98711 ” എന്നും പരാതിയില്‍ വിശദീകരിക്കുന്നു.

സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള ഇയാളുടെ പോസ്റ്റിനെ വിമര്‍ശിച്ചതാണ് ഇത്തരമൊരു ആക്രമണത്തിന് കാരണമെന്ന് ഷാഹിന ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ലൈംഗികതയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനമോ മുന്‍വിധിയോ വച്ചു പുലര്‍ത്തുന്നവരെ കണ്ടെത്തുകയെന്ന ലക്ഷ്യമിട്ട് സ്‌പോട്ട്എ സെക്‌സിസ്റ്റ് എന്ന ചാലഞ്ചിന് മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്ത് തുടക്കമിട്ടിരുന്നു. സ്ത്രീകള്‍ക്ക് ബുദ്ധിയില്ല, സ്ത്രീകളേ ശരിയല്ല എന്ന തരത്തില്‍ സംസാരിക്കുന്ന പുരുഷന്മാരെ സ്‌പോട്ട് ചെയ്യുകയെന്നതായിരുന്നു ചാലഞ്ച്. ഇതിനു പിന്നാലെ നടി പാര്‍വ്വതിയെ ഇത്തരത്തില്‍ അധിക്ഷേപിച്ചുകൊണ്ട് രൂപേഷ് ഫേസ്ബുക്കിലിട്ട കുറിപ്പ് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഷാഹിന അത്തരത്തില്‍ ഒരാളിതായെന്ന് ജിഷയുടെ പോസ്റ്റിനു കീഴില്‍ കമന്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗഭീഷണിയുമായി രംഗത്തുവന്നതെന്നും ഷാഹിന പറഞ്ഞു.

തന്നെ അധിക്ഷേപിച്ചുകൊണ്ടുളള പോസ്റ്റുകള്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയാല്‍ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചുകൊണ്ട് രൂപേഷിന്റെ ഭാര്യയ്ക്ക് ഷാഹിന സന്ദേശം അയച്ചിരുന്നു. അതോടെ വെല്ലുവിളിയും അധിക്ഷേപവും കൂടുകയാണുണ്ടായതെന്നും ഇതോടെയാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

താന്‍ ഉന്നയിച്ച ആരോപണത്തോട് മാന്യമായ രീതിയില്‍ പ്രതികരിക്കുന്നത് അംഗീകരിക്കാം. എന്നാല്‍ ഇത്തരത്തില്‍ ബലാത്സംഗഭീഷണി മുഴക്കിയാല്‍ അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more