മുസാഫര്‍പൂര്‍: തങ്ങള്‍ക്ക് മയക്കുമരുന്നു നല്‍കി തളര്‍ത്തിയെന്നും തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. ഗുളികകള്‍ നല്‍കി തങ്ങളെ ബോധരഹിതരാക്കിയെന്നും വേദനിച്ച് ഉണര്‍ന്നപ്പോള്‍ നഗ്നരായിരുന്നുവെന്നുമാണ് പെണ്‍കുട്ടികളുടെ മൊഴി.
മുസാഫര്‍പൂര്‍ ശിശു സംരക്ഷണ ഓഫീസര്‍ രവി കുമാറിനെതിരെയാണ് പെണ്‍കുട്ടികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കു വിധേയരായ ഇവരെല്ലാവരും ബലാത്സംഗത്തിന് ഇരകളായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
രവി കുമാര്‍ റോഷന്‍ പതിവായി ഷെല്‍ട്ടര്‍ ഹോമില്‍ വരാറുണ്ടായിരുന്നു എന്ന് പെണ്‍കുട്ടികള്‍ പറയുന്നു. “ചന്ദാ ആന്റിയാണ് എന്നെ അദ്ദേഹത്തിനടുത്തേക്ക് കൊണ്ടുപോയത്. അവര്‍ എനിക്കൊരു ഗുളിക തന്നു. അതു കഴിച്ചപ്പോഴേക്കും ഞാന്‍ ബോധരഹിതയായി വീഴുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഞാന്‍ പരിപൂര്‍ണ നഗ്നയായിരുന്നു. റോഷന്‍ എന്നെ ബലാത്സംഗം ചെയ്യുകയും, ആരോടു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.” ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി പറയുന്നു.
Also Read: ഗുജറാത്തില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്നു
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയും റോഷന്‍ ബലാത്സംഗം ചെയ്തതായി മൊഴിയുണ്ട്. വായില്‍ തുണിക്കഷണങ്ങള്‍ തിരുകിക്കയറ്റിയ ശേഷമാണ് ഉപദ്രവിച്ചതെന്ന് രംഗം ജനാലവഴി നേരിട്ടു കണ്ട പെണ്‍കുട്ടി അധികൃതരോടു പറഞ്ഞു.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോളെല്ലാം അടിയ്ക്കുകയും തൊഴിക്കുകയും ചെയ്തു. മദ്യം കൊണ്ടുവന്ന് പെണ്‍കുട്ടികളെ കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന മറ്റൊരു പെണ്‍കുട്ടി ഉപദ്രവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ റോഷന്റെ ചിത്രം ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൂരമായ മര്‍ദ്ദനമുറകളാണ് തങ്ങള്‍ക്ക് റോഷനില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. “അടുക്കളയില്‍ വച്ച് എന്ന ബലാത്സംഗം ചെയ്യുകയും കത്തിയെടുത്ത് കൈ കുത്തിക്കീറുകയും ചെയ്തു. മുറിവിന്റെ പാടില്‍ നോക്കുമ്പോഴെല്ലാം എനിക്ക് അയാളെ ഓര്‍മ വരുമെന്നായിരുന്നു പറഞ്ഞത്.” പെണ്‍കുട്ടികളില്‍ ഒരാള്‍ പറയുന്നു.
ഇത്തരം ഉപദ്രവങ്ങള്‍ക്കു പുറമേ, അല്‍പവസ്ത്രം ധരിച്ചുകൊണ്ട് റോഷനും മറ്റുള്ളവര്‍ക്കും മുന്നില്‍ നൃത്തം ചെയ്യാനും കുട്ടികളെ നിര്‍ബന്ധിച്ചിരുന്നു. മദ്യലഹരിയില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും, എതിര്‍ക്കുമ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
എന്നാല്‍, തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും മന്ത്രിയുടെ ഭര്‍ത്താവിനെ സംരക്ഷിക്കാനായി അദ്ദേഹത്തെ കെണിയിലകപ്പെടുത്തിയിരിക്കുകയാണെന്നുമാണ് റോഷന്റെ ഭാര്യയായ ഷിബാ കുമാരിയുടെ വാദം. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പെണ്‍കുട്ടികളുടെ മൊഴിയില്‍ നിന്നും അത്തരമൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി മഞ്ജു വര്‍മ പറയുന്നു.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഷെല്‍ട്ടര്‍ ഹോമില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ പുറത്തുവരുന്നത്. 34 പെണ്‍കുട്ടികളാണ് ഹോമില്‍ ബലാത്സംഗത്തിനിരയായത്. രവി റോഷനടക്കമുള്ള അധികൃതര്‍ വിഷയത്തില്‍ അറസ്റ്റിലായിരുന്നു.