| Saturday, 6th October 2018, 11:37 am

പതിനാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ പ്രക്ഷോഭം, 180 പേര്‍ അറസ്റ്റില്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനം വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമദാബാദ്: പതിനാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെയുണ്ടായ പ്രക്ഷോഭത്തില്‍ ഗുജറാത്തില്‍ 180 പേര്‍ അറസ്റ്റില്‍. ഇത്തരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയാണ് പ്രക്ഷോഭം നടക്കുന്നത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അറസ്റ്റ്. അക്രമം ഭയന്ന് തൊഴിലാളികളില്‍ പലരും സംസ്ഥാനം വിട്ടുപോയി.


ഗുജറാത്തിലെ സബര്‍കന്തയില്‍ കഴിഞ്ഞയാഴ്ചയാണ് പതിനാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് പീഡനത്തിനിരയായത്. തുടര്‍ന്ന് പ്രതിയായ ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ അറസ്റ്റിനു ശേഷം ഗാന്ധിനഗര്‍, അഹമ്മദാബാദ്, പടാന്‍, സബര്‍കന്ത, മെഹ്സാന എന്നീ ജില്ലകളില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്കെതിരെ പ്രതിഷേധമുണ്ടായി.

കോണ്‍ഗ്രസ് എം.എല്‍.എയും ബിഹാറിലെ എ.ഐ.സി.സി ചുമതലയുമുള്ള അല്‍പേഷ് ഠാക്കൂറാണ് അക്രമത്തിന് ആഹ്വാനം ചെയ്തതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ഠാക്കൂര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.


അതേസമയം, ഗുജറാത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിട്ടുപോകണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമം ഭയന്ന് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ നിരവധി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്ന് പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more