16കാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് ഫാരിസ് അബൂബക്കര്‍ കാലത്ത് ദീപിക മാനേജിങ് ഡയറക്ടറായിരുന്നയാള്‍
Kerala
16കാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് ഫാരിസ് അബൂബക്കര്‍ കാലത്ത് ദീപിക മാനേജിങ് ഡയറക്ടറായിരുന്നയാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2017, 7:42 am

കണ്ണൂര്‍: 16കാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ റോബിന്‍ വടക്കുംചേരി ഫാരിസ് അബൂബക്കര്‍ കാലത്ത് ദീപിക ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നയാള്‍. ദീപിക ദിനപത്രം മാത്യു അറയ്ക്കല്‍-ഫാരിസ് അബൂബക്കര്‍ ടീമിന്റെ ഉടമസ്ഥതയിലുള്ള കാലത്താണ് റോബിന്‍ വടക്കുംചേരിയെ നിയമിക്കുന്നത്.

2005മുതല്‍ 2008വരെയുള്ള കാലഘഘട്ടത്തിലാണ് ദീപിക ഫാരിസ്-മാത്യു ടീമിന്റെ കൈകളിലെത്തുന്നത്. ദീപിക എം.ഡിയായിരിക്കെയും റോബിന്‍ വടക്കുംചേരിക്കെതിരെ പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പാണ് രാഷ്ട്രദീപിക കമ്പനിയുടെ നേതൃത്വം പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തത്.

 


Must Read: ട്രംപിന്റെ മൂട്ടില്‍ മാലപ്പടക്കം പൊട്ടിച്ച ഓസ്‌കര്‍ അവാര്‍ഡ് നിശ


അതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതോടെ റോബിന്‍ വടക്കാഞ്ചേരിയ്‌ക്കെതിരെ വികാരി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാപരമായ കര്‍മ്മകള്‍ ചെയ്യാനുള്ള മുഴുവന്‍ അവകാശങ്ങളും ഇദ്ദേഹത്തില്‍ നിന്നും വിലക്കിയതായും മാനന്തവാടി രൂപത അറിയിച്ചു. സംഭവത്തെക്കുറിച്ച് സഭാതലത്തില്‍ അന്വേഷിക്കുമെന്നും രൂപത വ്യക്തമാക്കി.

ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളിനെ ചുറ്റിപ്പറ്റിയുടെ അന്വേഷണങ്ങളെ തുടര്‍ന്നാണ് പീഡനവിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി രണ്ടാഴ്ച മുമ്പ് പ്രസവിച്ചിരുന്നു.