| Thursday, 15th October 2020, 10:35 pm

ബലാത്സംഗം നീചമാണ്, എന്നാല്‍ പരിഹാരം വധശിക്ഷയല്ല: യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ബലാത്സംഗം നീചമായ പ്രവൃത്തിയാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍. 2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം.

‘വധശിക്ഷയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത് ബലാത്സംഗത്തെ തടയും എന്നതാണ്. എന്നാല്‍ വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്നതാണ് സത്യം’ ബാഷേല്‍ പറഞ്ഞു.

മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും എന്നാല്‍ ഇതിന് നിരവധി ഘടകങ്ങള്‍ കാരണമാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ ശിക്ഷയാണ് നടന്നത്.

ബംഗ്ലാദേശും പാകിസ്താനും നൈജീരിയയുമുള്‍പ്പെടെ ബലാത്സംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മിഷേലിന്റെ പ്രതികരണം.

‘ലൈംഗികാക്രമണങ്ങളെ അതിജീവിച്ചവരോടുള്ള എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കണം. എന്നാല്‍ ചിലയിടങ്ങളില്‍ ശിക്ഷയെന്നത് മനുഷ്യവിരുദ്ധമാകുന്നുണ്ട്’, അവര്‍ പറഞ്ഞു.

ഇന്ത്യ, അള്‍ജീരിയ, ബംഗ്ലാദേശ്, പാകിസ്താന്‍, മൊറോക്കോ, നൈജീരിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യവേയാണ് മിഷേലിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rape is wrong but death penalty, castration, not the answer: UN rights chief

We use cookies to give you the best possible experience. Learn more