ലണ്ടന്‍: കഠ്‌വ, ഉന്നാവോ ബലാത്സംഗക്കേസുകളില്‍ ബി.ജെ.പിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “ബലാത്സംഗം ബലാത്സംഗമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുത്” എന്നാണ് മോദി പറഞ്ഞത്.
“ഒരു കുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍.. നമ്മള്‍ വിവിധ സര്‍ക്കാറുകളുടെ കാലത്തെ ബലാത്സംഗങ്ങളുടെ എണ്ണമെടുത്ത് താരതമ്യം ചെയ്യരുത്. ബലാത്സംഗം ബലാത്സംഗമാണ്. നമുക്കതിനെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും?” മോദി ചോദിച്ചു.
2016ല്‍ 19,675 കുട്ടികളാണ് ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തിരുന്നു.
അടുത്തിടെയുണ്ടായ ലൈംഗികാതിക്രമണ കേസുകള്‍ രാജ്യത്തിന് നാണക്കേടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ” രാജ്യത്ത് എല്ലായ്‌പ്പോഴും സ്ത്രീകളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും ആരുടെയെങ്കിലും മകനാണ്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്. രാജ്യത്തിന് നാണക്കേടാണ്.” ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ലണ്ടനിലെത്തിയ പ്രധാനമന്ത്രിയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ലണ്ടനില്‍ അരങ്ങേറിയത്. കഠ്‌വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ ഫോട്ടോയുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
കഠ്‌വ, ഉന്നാവോ സംഭവങ്ങളില്‍ ശക്തമായ ജനരോഷം ഉയര്‍ന്നതോടെയാണ് പ്രധാനമന്ത്രി ഈ സംഭവങ്ങളെ അപലപിച്ചുകൊണ്ട് സംസാരിച്ചത്. നീതി ഉറപ്പാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.