ബംഗളൂരു: ബലാത്സംഗം രാഷ്ട്രീയ പ്രശ്‌നമല്ലെന്ന തരത്തിലുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തെ വിമര്‍ശിച്ച മോദി ബലാത്സംഗങ്ങളെയും ദളിത് പീഡനങ്ങളെയും കോണ്‍ഗ്രസ്സ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
രാജ്യത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാര്‍ അത് ചര്‍ച്ച ചെയ്യേണ്ടെന്നാണോ ? ആരാണ് അത് രാഷ്ട്രീയ പ്രശ്‌നമല്ലെന്ന് പറഞ്ഞത്. ബലാത്സംഗവും ദളിതര്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമവുമെല്ലാം ദേശീയ പ്രശ്‌നമാണ്. അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ബുള്ളറ്റ് ട്രെയിനുകളെ കുറിച്ചും സീ പ്ലെയിനുകളെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യാനാണ് മോദിക്കിഷ്ടം രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്യാഭ്യാസത്തിന് വേണ്ടി നിന്നപ്പോള്‍ രോഹിത് വെമുല കൊല്ലപ്പെട്ടു. അതേ കുറിച്ച് മോദി ഒരു വാക്കു പോലും പറഞ്ഞില്ല. പക്ഷെ രോഹിതിന്റെ വിഷയം താന്‍ ഉന്നയിച്ചിരുന്നുവെന്നും ദളിതരുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് എല്ലാ സമയത്തും ഉയര്‍ത്തിപ്പിടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിയുടെയും ബി.ജെ.പിയുടെയും ഇറ്റലി പരാമര്‍ശത്തിനും രാഹുല്‍ മറുപടി നല്‍കി.
എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാല്‍ ജീവിതത്തിന്റെ കൂടുതല്‍ കാലവും അവര്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ അമ്മ. ഈ രാജ്യത്തിന് വേണ്ടി അവര്‍ വളരയേറെ ത്യാഗം സഹിച്ചു. പലതും ത്യജിച്ചു. വൈകാരികമായി രാഹുല്‍ ഗാന്ധി പറഞ്ഞു. അവരെ നിരന്തരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് വഴി പ്രധാനമന്ത്രിക്ക് ആത്മസംതൃപ്തി ലഭിക്കുമെങ്കില്‍ അതദ്ദേഹം തുടരട്ടെ. ഇനി അതല്ല, പ്രധാനമന്ത്രിക്ക് താനല്ലാത്ത മറ്റെല്ലാവരോടുമുള്ള അമര്‍ഷമാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നിലെങ്കില്‍, അതദ്ദേഹത്തിന്റെ പ്രശ്‌നമാണ് രാഹുല്‍ പറഞ്ഞു.