ഹൈദരാബാദില്‍ വെറ്റര്‍നറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്ന സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വധശിക്ഷയെ എതിര്‍ക്കേണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് 'ദ വയര്‍' പ്രസിദ്ധീകരിച്ച ലേഖനം.
രാജ്യത്ത് ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരികയാണെന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. അതേസമയംതന്നെ ഇവക്കൊപ്പം ഒരു പൊതു അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. ‘ബലാത്സംഗ കുറ്റവാളികളെ തൂക്കിക്കൊല്ലുക’.
പാര്‍ലമെന്റില്‍ പോലും ഇത്തരത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. റേപിസ്റ്റുകളെ ആള്‍ക്കൂട്ടം വിചാരണ ചെയ്യട്ടെ എന്നായിരുന്നു ഒരു രാജ്യസഭാ എം.പി അഭിപ്രായപ്പെട്ടത്.
ദല്‍ഹി വനിതാ കമ്മീഷന്‍ മേധാവി തെലങ്കാനയിലെ ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് വേണ്ടി അനിശ്ചിതകാല നിരാഹാര സമരം നടത്തി.
യഥാര്‍ത്ഥത്തില്‍ വധശിക്ഷയാണോ ഇതിനുള്ള ഉത്തരം? അല്ലെന്ന് വര്‍ഷങ്ങളായി ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും വാദിക്കുന്നുണ്ട്. എന്തുകൊണ്ട്?
1) വധശിക്ഷ ആക്രമണത്തെ തടുക്കുന്ന ആയുധമാണെന്ന് തെളിയിക്കുന്ന ഒരു രേഖകളുമില്ല
ലോകമെമ്പാടുമുള്ള വിവിധതരം കുറ്റകൃത്യങ്ങള്‍ക്ക്, വധശിക്ഷ ഫലപ്രദമായ പരിഹാരമാണെന്ന് ആര്‍ക്കും വ്യക്തമായി പറയാന്‍ കഴിഞ്ഞിട്ടില്ല. സമ്മിശ്ര അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള ചില പഠനങ്ങളുണ്ടെന്നുമാത്രം.
വധശിക്ഷയ്ക്കുവേണ്ടിയുള്ള ഈ ആഹ്വാനം ചെയ്യലെല്ലാം സ്ത്രീകളുടെ നേര്‍ക്കുണ്ടാകുന്ന അതിക്രമങ്ങള്‍ക്കുള്ള പരിഹാരത്തിനേക്കുറിച്ചുള്ള ആലോചനയല്ല ഉയര്‍ത്തുന്നത്. മറിച്ച് ബലാത്സംഗ കേസുകളുണ്ടാക്കുന്ന പ്രകോപനത്തിന്റെ പ്രതിഫലമാണത്.
പ്രതികള്‍ ‘കുറ്റകൃത്യങ്ങളില്‍ കടുത്തവരാണ്’ എന്ന് തോന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരുകള്‍ ഈ ആഹ്വാനങ്ങളോട് പെട്ടെന്ന് പ്രതികരിക്കും.
പ്രതികള്‍ക്കുള്ള ശിക്ഷ താരതമ്യേന കുറഞ്ഞതും നിയമപരമായ വിചാരണകള്‍ ഇരകളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയും പരാതി പിന്‍വലിക്കാന്‍ പോലും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പ്രത്യേകിച്ചും. പ്രമാദമായ ചില കേസുകള്‍ മാറ്റിനിര്‍ത്തിയാല്‍, മിക്ക കേസുകളും കോടതിയില്‍ പരാജയപ്പെടുകയോ തെളിവുകളുടെ അഭാവത്തില്‍ തള്ളപ്പെടുകയോ ആണ് സംഭവിക്കാറുള്ളത്.
2012ലെ നിര്‍ഭയ പെണ്‍കുട്ടിയുടെ കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം രൂപീകരിച്ച ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മിറ്റി, ബലാത്സംഗ കേസുകളിലെ വധശിക്ഷയോടെ ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരായി എന്നൊരിക്കലും പറയാന്‍ കഴിയില്ലെന്നായിരുന്നു വിലയിരുത്തിയത്.
2) കുറ്റകൃത്യം പുറത്തുപറയാനുള്ള സാധ്യത കുറയുന്നു
മിക്ക ലൈംഗികാതിക്രമ കേസുകളിലും (ഉദാഹരണത്തിന്, നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016 ലെ 94.6% കേസുകള്‍) പ്രതികള്‍ ഇരകളെക്കുറിച്ച് അറിവുള്ളവരാണ്.
ഈ സാഹചര്യത്തില്‍ -പ്രതി ഇരയുടെ ബന്ധുവാണെന്ന് കരുതുക- കുറ്റവാളിക്ക് വധശിക്ഷയെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുറ്റകൃത്യം പുറത്തുപറയാതിരിക്കാന്‍ ഇര നിര്‍ബന്ധിതയാവുന്നു. കുറ്റകൃത്യം മറച്ചുവക്കാന്‍ അവര്‍ കുടുംബത്തില്‍നിന്നും കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടിവരും.
3) ഇരയുടെ കൊലപാതകത്തിലേക്കോ പ്രതിയെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കോ നയിക്കുന്നു
ബലാത്സംഗക്കേസുകളില്‍ വധശിക്ഷയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നത് വാസ്തവത്തില്‍ വിപരീത ഫലമുണ്ടാക്കിയേക്കാം. കുറ്റകൃത്യം കുറയ്ക്കാനുള്ള സാധ്യതയേക്കാള്‍, ഇരയുടെ മരണം ഉറപ്പിക്കാനോ പരാതിപ്പെടാതിരിക്കാന്‍ മാത്രം ഇരയെ ഭീഷണിപ്പെടുത്താനോ അല്ലെങ്കില്‍ താനാണ് കുറ്റവാളിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നശിപ്പിക്കാനോ ആവും കുറ്റവാളി കൂടുതല്‍ ശ്രദ്ധിക്കുക.
4) ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ സമന്വയമില്ല
2000 നും 2015 നും ഇടയിലുള്ള 16 വര്‍ഷങ്ങള്‍ക്കിടയില്‍, വിചാരണക്കോടതികള്‍ വിധിച്ച 30% വധശിക്ഷകളും ഹൈക്കോടതികളില്‍ അപ്പീല്‍ നല്‍കുമ്പോള്‍ റദ്ദാക്കപ്പെടുകയാണുണ്ടായത്. 65% കേസുകളിലും 39 (എ) പരിഗണിച്ച് വധശിക്ഷ റദ്ദാക്കപ്പെട്ടു. ശരിയായ ശിക്ഷ എന്താണെന്ന കാര്യത്തില്‍ ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നതുകൊണ്ട് പ്രതികള്‍ കുറ്റംസമ്മതിച്ചാല്‍ പോലും അവര്‍ക്ക് തൂക്കുമരം വിധിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
5) കടുത്ത ക്രിമിനല്‍ നിയമങ്ങള്‍ ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യമിടുമ്പോള്‍…
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്‍ സമൂഹത്തിലെ പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്ത്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തെളിയിച്ചിട്ടുണ്ട്. വിലകൂടിയ അഭിഭാഷകരെ നിയമിക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ ഉയര്‍ന്ന കോടതികളില്‍ അവരുടെ കേസുകള്‍ വാദിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്ത ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ ഇടമില്ല.
ഉദാഹരണത്തിന്, ഈ വര്‍ഷം ആദ്യം നടത്തിയ ഒരു പഠനത്തില്‍, ഇന്ത്യന്‍ ജയിലുകളില്‍ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും എണ്ണം തുലോം കൂടുതലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ നേരിടുന്ന ഒരോ മൂന്നുപേരില്‍ ഒരാള്‍ പട്ടികജാതിക്കാരനോ പട്ടികവര്‍ഗ്ഗക്കാരനോ ആണ്.
കൂടാതെ, മറ്റൊരു പഠനം വ്യക്തമാക്കുന്നത്, ഇന്ത്യയിലെ വധശിക്ഷ നേരിടുന്ന തടവുകാരില്‍ മുക്കാല്‍ ഭാഗവും ‘താഴ്ന്ന’ ജാതികളില്‍ നിന്നോ മതന്യൂനപക്ഷങ്ങളില്‍ നിന്നോ ഉള്ളവരാണെന്നാണ്.
ഉദാഹരണത്തിന്, 2018 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ അനുവദിക്കുന്ന പുതിയ നിയമം മധ്യപ്രദേശില്‍ നിലവില്‍ വന്നിരുന്നു. പുതിയ നിയമപ്രകാരം 26 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഇവരാകട്ടെ, ഭൂരിഭാഗവും മറുവാദത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന അഭിഭാഷകരെ ഉപയോഗിക്കുന്ന, പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളവരാണ്.
6) പ്രതികാര നീതിയിലെ പ്രശ്‌നങ്ങള്‍
ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെയുള്ള സമൂഹത്തിന്റെ പ്രതികാര നടപടിയെ പിന്തുണയ്ക്കാന്‍ ഭരണകൂടത്തിന് കടമയുണ്ടെന്ന് ചിലര്‍ വാദിക്കുമ്പോള്‍, ഈ വാദം എല്ലാത്തരം കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ അനുവദിക്കുന്നതിലേക്കുള്ള ഒരു വഴുതിവീഴലാണ്.
വൃന്ദാ ഭണ്ഡാരി ദി വയറില്‍ എഴുതിയതുപോലെ, ”… ഇത്തരം പ്രതികാര നടപടികളില്‍ ഭരണകൂടത്തിന്റെ പങ്കിന് മതിയായ പ്രാധാന്യം നല്‍കുന്നില്ല. ഇത്തരം പൊതുഅഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നത് ഭരണകൂടം സ്വയം അപകടം വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. കൂടാതെ ഒരു സ്വതന്ത്ര സമൂഹമെന്ന നിലയില്‍ ഓരോ വ്യക്തിയുടെയും അന്തസ്സിനും ജീവിതത്തിനും നല്‍കേണ്ടുന്ന പ്രാധാന്യത്തെയും അത് അപ്രസക്തമാക്കുന്നു’.
ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിക്കുന്നതിന്റെ പിന്നിലെ യുക്തി, അവര്‍ ചെയ്ത കുറ്റം മരണത്തിന് തുല്യമാണ് എന്നതാണ്. നിര്‍ഭയ പെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍ മരണവുമായി പോരടിക്കവെ, പെണ്‍കുട്ടി ഒരു ‘സിന്ദാ ലാഷ്’ അഥവാ ജീവനുള്ള ജഡമായിരിക്കുകയാണ് എന്നായിരുന്നു അന്ന് സുഷമാ സ്വരാജ് പറഞ്ഞത്.
ഈ പ്രയോഗത്തിനെതിരെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകള്‍ ശക്തമായി രംഗത്തുവന്നിരുന്നു. ഇത് ഒരു സ്ത്രീയുടെ മാനം അവളുടെ ലൈംഗികതയുമായി അന്തര്‍ലീനമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്നതാണെന്നും അതാണ് അവളുടെ ജീവിതത്തെ വിലമതിക്കുന്നതാക്കുന്നതെന്നുമാണ് അര്‍ത്ഥമാക്കുന്നത് എന്നായിരുന്നു ഉയര്‍ന്നുവന്ന വിമര്‍ശനം.
സ്ത്രീകളുടെ ഒരു കൂട്ടായ്മ 2018ല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നതിങ്ങനെ,
‘ബലാത്സംഗം മരണത്തേക്കാള്‍ മോശമായ വിധിയാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിക്കുന്നത്. ‘മാനം’ എന്ന പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ ഒരു സ്ത്രീക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ് ബലാത്സംഗമെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ‘മാനം നഷ്ടപ്പെടുന്ന’, ലൈംഗികാതിക്രമത്തിന് ശേഷം സമൂഹത്തില്‍ സ്ഥാനമില്ലാത്ത ‘നശിപ്പിക്കപ്പെട്ട’ സ്ത്രീ എന്ന പൊതുസങ്കല്‍പത്തെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്’.
‘ബലാത്സംഗം പുരുഷാധിപത്യ സമൂഹത്തിന്റെ ഉപകരണമാണ്. അത് പുരുഷാധിപത്യത്തിന്റെ അക്രമപ്രവര്‍ത്തനമാണെന്നും അതിന് ധാര്‍മ്മികതയുമായോ വ്യക്തിത്വവുമായോ പെരുമാറ്റവുമായോ യാതൊരു ബന്ധവുമില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു’.