ന്യൂദല്‍ഹി: വര്‍ഷങ്ങളായി ഒരുമിച്ച് ജീവിച്ച്, ബന്ധം വേര്‍പിരിഞ്ഞ ശേഷം നല്‍കുന്ന ബലാത്സംഗ പരാതികള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ഇത് പാലിക്കാതിരിക്കുകയും ചെയ്ത യുവാവിനെതിരെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും കുട്ടിയുമുണ്ട്.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
നാല് വര്‍ഷക്കാലം യുവാവിനോടൊപ്പം ഒരുമിച്ച് ജീവിച്ച യുവതി പിന്നീട് ബന്ധം തകര്‍ന്നതോടെ യുവാവിനെതിരെ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ പൊലീസ് കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ പ്രതി നല്‍കിയ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതുടര്‍ന്ന് പ്രതി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
പ്രതിക്ക് മുന്‍കൂര്‍ ജാമ്യവും കോടതി അനുവദിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
വര്‍ഷങ്ങളായി ഒരുമിച്ച് സമ്മതത്തോടെ താമസിക്കുന്നവര്‍ പിന്നീട് ബന്ധത്തില്‍ വീഴ്ച സംഭവിച്ചാല്‍ ബലാത്സംഗ പരാതിയുമായി എത്തുന്ന നടപടി ശരിയല്ലെന്നും മുന്‍കൂര്‍ ജാമ്യം അപേക്ഷിച്ച് നല്‍കിയ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ തീരുമാനമെന്നും കോടതി വ്യക്തമാക്കി.
Content Highlight: Rape case will not exist for cases registered after breaking up a long term live in relationship