പീഡനക്കേസില്‍ ഉള്‍പ്പെട്ട ബഹ്‌റൈന്‍ നയതന്ത്രജ്ഞന്‍ തിരിച്ചുപോയി
India
പീഡനക്കേസില്‍ ഉള്‍പ്പെട്ട ബഹ്‌റൈന്‍ നയതന്ത്രജ്ഞന്‍ തിരിച്ചുപോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2013, 12:47 am

[]ന്യൂദല്‍ഹി: പീഡനക്കേസില്‍ ആരോപണവിധേയനായ ബഹ്‌റൈന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖാജ രാജ്യം വിട്ടു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിനെതിരെ മുംബൈ പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്.

ബഹ്‌റൈന്‍ സര്‍ക്കാര്‍ തരിച്ചുവിളിച്ചതിനാല്‍ ഖാജ രാജ്യം വിട്ടതായി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ചീഫ് പ്രോട്ടോകള്‍ ഓഫീസര്‍ സുമിത് മല്ലിക് അറിയിച്ചു.

ഖാജയെ തിരിച്ചുവിളിച്ചതിനെ സംബന്ധിച്ച് ബഹ്‌റൈന്‍ പ്രത്യേകം കാരണമൊന്നും ഉന്നയിച്ചിട്ടില്ലെന്നും പരാതിയെ തുടര്‍ന്നാണ് നടപടിയെന്നത് ഊഹിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍സുല്‍ ജനറല്‍ സ്ഥാനത്ത് ഖാജയുടെ കാലാവധി ആയെന്നും ബഹ്‌റൈനിലെ എം ഒ എഫ് എയിലേക്കാണ് മാറ്റിയതെന്നും ബഹ്‌റൈന്‍ എംബസി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 13 ാം തിയതിയാണ് അല്‍ ഖാജക്കെതിരെ മലബാര്‍ ഹില്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. നയതന്ത്രജ്ഞന്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയുടെ മാനേജറുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

ഓഫീസല്‍ വന്ന് ഒച്ചപ്പാടുണ്ടാക്കിയെന്നും മോശം ഭാഷയില്‍ സംസാരിച്ചുവെന്നും അസാധാരണമായി തന്നെ സ്പര്‍ശിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.