ജയ്പൂര്‍: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് രാജസ്ഥാന്‍ ഹൈക്കോടതിയും ഇടക്കാല ജാമ്യമനുവദിച്ചു. നേരത്തെ സുപ്രീം കോടതിയും ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
മാര്‍ച്ച് 31 വരെയാണ് ആശാറാമിന് രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യമനുവദിച്ചിരിക്കുന്നത്. മറ്റൊരു ബലാത്സംഗക്കേസിലാണ് ഇയാള്‍ക്ക് സുപ്രീം കോടതി ജാമ്യമനുവദിച്ചിരുന്നത്. ആരോഗ്യ അവശതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.
തന്റെ ശിക്ഷ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശാറാം സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് മാര്‍ച്ച് 31വരെ ആശാറാമിന് ഇടക്കാല ജാമ്യം രാജസ്ഥാന്‍ ഹൈക്കോടതി അനുവദിച്ചത്.
2013ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്നാണ് ജോധ്പൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് 2018 ഏപ്രിലില്‍ ആശാറാമിന് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുന്നത്.
ജാമ്യമനുവദിച്ചപ്പോള്‍ സുപ്രീം കോടതി പറഞ്ഞ നിബന്ധനകള്‍ തന്നെയാണ് രാജസ്ഥാന്‍ ഹൈക്കോടതിയും നിശ്ചയിച്ചിരിക്കുന്നത്. അനുയായികളെ കാണാന്‍ കഴിയില്ലെന്നും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്ന് ഗാര്‍ഡുകള്‍ ആശാറാമിനെ അനുഗമിക്കുമെന്നും അവരുടെ ചെലവുകള്‍ ആശാറാം വഹിക്കണമെന്നും കോടതി പരാമര്‍ശിച്ചു.
അനുയായിയായിരുന്ന സ്ത്രീയെ ആശ്രമത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത കേസിലായിരുന്നു ആശാറാമിന് ജാമ്യമനുവദിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യമനുവദിക്കുന്നതെന്നും വ്യവസ്ഥകള്‍ പാലിക്കണമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.
2013 ഓഗസ്റ്റില്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ആശാറാം. ഇയാള്‍ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുക്കുകയും ജോധ്പൂരിലെ പ്രത്യേക കോടതി സ്വയം പ്രഖ്യാപിത ആള്‍ദൈവം കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തു.
Content Highlight: Rape case accused and godman Asaram Bapu granted bail again