ചങ്ങനാശ്ശേരി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്തി. പൊലീസിനു നല്‍കിയ അതേ മൊഴിയാണ് ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും രേഖപ്പെടുത്തിയത്.
ഉച്ചക്ക് രണ്ടുമണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് രാത്രിയിലാണ് അവസാനിച്ചത്. ക്രിമിനല്‍ നടപടിക്രമം 164 ആം വകുപ്പു പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. 2014ല്‍ കുറവിലങ്ങാട്ടെ മഠത്തില്‍ വെച്ച് ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
അതേസമയം, അച്ചടക്ക നടപടി സ്വീകരിച്ചതിലെ വൈരാഗ്യംമൂലമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന ബിഷപ്പിന്റെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
Also Read: ബി.ജെ.പി നേതാക്കള്‍ 5000 കോടിയുടെ ബിറ്റ്‌കോയിന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപണം
ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതി കന്യാസ്ത്രീ ആദ്യം ഉന്നയിച്ചത് സഭയിലാണെന്ന് കന്യാസ്ത്രീയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ജലന്ധറിലെ മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ നേരില്‍ക്കണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
കൂടാതെ 2017 ജനുവരിയില്‍ തന്നെ കന്യാസ്ത്രീ മദര്‍ ജനറലിന് പരാതിയും കൊടുത്തിരുന്നു. പരാതിക്കാരിയുമായി മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതായി ബന്ധുക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.
സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിലെ പ്രതികാരമാണ് കന്യാസ്ത്രീയുടെ പരാതി എന്നായിരുന്നു ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശദീകരണം.
ബിഷപ്പിന്റെ വാദത്തെ പിന്തുണച്ചും കന്യാസ്ത്രീയെ തള്ളി പറഞ്ഞ് മിഷനറീസ് ഓഫ് ജീസസ് സന്യാസി സമൂഹവും രംഗത്തെത്തി. സഭയില്‍ പോലും കന്യാസ്ത്രി പരാതി ഉന്നയിച്ചില്ലെന്നായിരുന്നു വാദം.
അതേസമയം, പീഡനത്തെക്കുറിച്ച് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോട് പറഞ്ഞിട്ടില്ലെന്ന് കന്യാസ്ത്രീയുടെ ബന്ധു വ്യക്തമാക്കി. കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ പൊലീസ് ചോദ്യം ചെയ്യും.