| Saturday, 3rd September 2022, 11:13 pm

'ഉപകരണങ്ങള്‍ വാങ്ങി നല്‍കാം, കൈലാസത്തിലെ ചികിത്സ പോര'; ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി പീഡനക്കേസ് പ്രതിയായ സന്യാസി നിത്യാനന്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി സ്വന്തമായി രാജ്യം സ്ഥാപിച്ച വിവാദ സന്യാസി നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി സൂചന. നിത്യാനന്ദയ്ക്കെതിരെ കര്‍ണാടക കോടതി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോളിന്റെ തിരച്ചില്‍ നോട്ടിസും നിലനില്‍ക്കുന്നുണ്ട്. തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ പ്രസിഡന്റിന് നിത്യാനന്ദ കത്തയച്ചിരുന്നു.

ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത കൈലാസമെന്ന രാജ്യത്തിരുന്നാണ് നിത്യാനന്ദ ശ്രീലങ്കയ്ക്കു കത്തെഴുതിയിരിക്കുന്നത്. കൈലാസത്ത് മതിയായ ചികിത്സയില്ലെന്നാണ് കത്തിലെ പാരമര്‍ശം.

നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും കത്തില്‍ പരാമര്‍ശിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട് .

2022 ആഗസ്റ്റ് ഏഴിന് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെക്ക് കൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയാണ് കത്ത് എഴുതിയത്.

‘ഹിന്ദുമതത്തിന്റെ പരമോന്നത തിരുമേനി ശ്രീ നിത്യാനന്ദ പരമശിവത്തിന്റെ ആരോഗ്യനില ഗുരുതരമാണ്. അതിനാല്‍ അടിയന്തര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തില്‍ നിലവില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഇല്ല. ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും അടിസ്ഥാന രോഗനിര്‍ണയം നടത്താന്‍ കഴിയുന്നുമില്ല. നിത്യാനന്ദയുടെ ആരോഗ്യം പരിഗണിച്ച് അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ഉടന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യാനും വൈദ്യസഹായം നല്‍കാനും ശ്രീലങ്കക്ക് കഴിയും. നിത്യാനന്ദയുടെ ജീവന്‍ അപകടത്തിലാണ്. ചിലര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്,’ കത്തില്‍ പരാമര്‍ശിക്കുന്നു.

എല്ലാ ചികിത്സ ചെലവുകളും കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളും കൈലാസം വാങ്ങി നല്‍കാമെന്നും കത്തില്‍ പറയുന്നു. കൂടാതെ, ചികിത്സക്ക് ശേഷം ഈ മെഡിക്കല്‍ ഉപകരണങ്ങള്‍ ലങ്കന്‍ ജനതക്ക് നല്‍കുമെന്നും കത്തിലുണ്ട്. അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്താമെന്ന നിത്യാനന്ദയുടെ വാഗ്ദാനവും കത്തില്‍ കാണാം. അതേസമയം കത്ത് ലഭിച്ച് ഒരുമാസം പിന്നിട്ടിട്ടും ലങ്കന്‍ സര്‍ക്കാര്‍ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

2010ല്‍ ആശ്രമത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്ന നിത്യാനന്ദ ജാമ്യം നേടി പുറത്തിറങ്ങിയതിനു പിറകെ രാജ്യം വിടുകയായിരുന്നു. ഗുജറാത്ത് സ്വദേശികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല തമിഴ്‌നാട് സ്വദേശിയായ നിത്യാനന്ദയുടെ യഥാര്‍ത്ഥ പേര് രാജശേഖരന്‍ എന്നാണ്.

Content Highlight: rape accused who went on hiding while in bail swami nithyanandha seeks shelter in srilanka

We use cookies to give you the best possible experience. Learn more