ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളുടെ ലൈസന്‍സ് റദ്ദ് ചെയ്യും;ഹരിയാന മുഖ്യമന്ത്രി
national news
ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളുടെ ലൈസന്‍സ് റദ്ദ് ചെയ്യും;ഹരിയാന മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2018, 9:07 am

ഛണ്ഡീഗര്‍: പീഡനക്കേസുകളിലും ലൈംഗികാതിക്രമക്കേസുകളിലും കുറ്റാരോപിതരാകുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. ആയുധങ്ങളുപയോഗിക്കാനുള്ള ലൈസന്‍സും റദ്ദ് ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി അറിയിച്ചു.

കുറ്റാരോപിതര്‍ വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നവരാണെങ്കില്‍ ഉടനടി തന്നെ ആ ആനുകൂല്യവും ഇല്ലാതാകും. അംഗവൈകല്യമുള്ളവരുടെ പെന്‍ഷന്റെ കാര്യത്തിലും ഇതേ രീതിയായിരിക്കും പിന്‍തുടരുകയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടക് അറിയിച്ചു.

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സര്‍ക്കാര്‍ ഈയിടെ സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലൈംഗികാതിക്രക്കേസുകളില്‍ പ്രതികളാകുന്നവര്‍ക്കു ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനവുമായി ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.


ALSO READ: സോഷ്യല്‍ മീഡിയയിലൂടെ വനിത പൊലീസുകാരിയ്ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍


പീഡനം, ലൈംഗികാതിക്രമക്കേസുകള്‍ തുടങ്ങിയവയില്‍ പ്രതികളാകുന്നവര്‍ക്കു റേഷന്‍ സംവിധാനം വഴി മിതമായ നിരക്കില്‍ വസ്തുക്കള്‍ വാങ്ങാന്‍ മാത്രമായിരിക്കും ഇനിമുതല്‍ അവസരമുണ്ടാവുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേസുകളില്‍ കോടതി നിരപരാധിയാണെന്ന് വിധിക്കും വരെ സര്‍ക്കാര്‍ ആനുകൂല്യങ്ങളിലും ലൈസന്‍സ് അനുബന്ധവിഷയങ്ങളിലും വിലക്ക് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിക്കുകയാണെങ്കില്‍ ഈ വിലക്കുകള്‍ അതുപോലെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ALSO READ: കെയ്‌റോ വിമാനത്താവളത്തില്‍ പൊട്ടിത്തെറി; 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു


പീഡനത്തിനെ അതീജീവിച്ചവര്‍ക്കു പബ്ലിക് പ്രോസിക്യൂട്ടറെ കൂടാതെ കേസ് വാദിക്കാനായി വക്കീലിനെ വെയ്ക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഫീസിനുള്ള സാമ്പത്തിക സഹായമായി 22,000 രൂപ അനുവദിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.

സ്ത്രീസുരക്ഷയ്ക്കുവേണ്ടിയുള്ള പ്രത്യേക സ്‌കീം സ്വാതന്ത്രദിനത്തിലോ രക്ഷാബന്ധന്‍ ദിനത്തിലോ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീ ശാക്തീകരണം വിഷയമായ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.