| Thursday, 18th August 2022, 9:18 am

തിയേറ്ററില്‍ മടുപ്പിച്ച ഗാനം യൂട്യൂബില്‍ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു; തല്ലുമാലയിലെ റാപ് സോങ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്തത്. സിനിമക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നതെങ്കിലും ചിത്രത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തില്‍ വന്ന റാപ് സോങ് അരോചകമായി എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.

തുപാത്തു എന്ന് തുടങ്ങുന്ന ഗാനമാണ് നിരവധി പേര്‍ക്ക് ഇഷ്ടപെട്ടില്ല എന്ന് അഭിപ്രായങ്ങള്‍ വന്നത്. കഴിഞ്ഞ ദിവസം ഈ ഗാനം യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന് എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

വെറൈറ്റി മൂഡിലുളള ഗാനം എന്നാണ് യൂട്യൂബില്‍ പാട്ട് കണ്ട ഒരു പ്രേക്ഷകന്റെ കമന്റ്. തിയേറ്ററില്‍ എന്തുകൊണ്ടാണ് ഗാനം പലര്‍ക്കും ഇഷ്ടമാകാതെ പോയതെന്നും ചോദിക്കുന്നവരുണ്ട്.

പാട്ടില്‍ രണ്ടാം മിനിറ്റില്‍ വരുന്ന ഫ്‌ലൂട്ട് ഉപയോഗിച്ചുള്ള ബീറ്റാണ് ഗാനത്തിന്റെ ശ്രദ്ധാകേന്ദ്രമെന്നും ലൂപ്പ് മോഡിലാണ് ഗാനമിപ്പോള്‍ കേള്‍ക്കുന്നതെന്നും പറയുന്നവരുണ്ട്.

തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരി തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ‘നെയ്മറിന് ബാലണ്‍ ഡി ഓര്‍, നീ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പാണേല്‍ ഞാന്‍ ലയണല്‍ മെസിയാണ് പാത്തൂ’ എന്നീ ഗാനത്തിലെ വരികള്‍ ഫുട്ബോള്‍ ആരാധകരും എടുത്ത് പറയുന്നുണ്ട്.

വ്യത്യസ്തമായ ചിത്രത്തിലെ വ്യത്യസ്തമായ ഗാനം എന്നാണ് മറ്റൊരു പ്രേക്ഷകന്‍ ഗാനം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഏറെ അരോചകമായി തോന്നിയ ഗാനം ഇപ്പോള്‍ ഏറെ ഇഷ്ടം എന്ന് പറയുന്നവരും നിരവധിയാണ്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആറര ലക്ഷം പേര്‍ ഗാനം കണ്ട് കഴിഞ്ഞു.

ചിത്രത്തിലെ മറ്റ് ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി റാപ്പ് മോഡില്‍ സ്ലോ ഡാന്‍സിങ് സ്റ്റെപ്പുകളോടുകൂടിയാണ് തുപാത്തു ഒരുക്കിയിരിക്കുന്നത്.


അതേസമയം ടൊവിനോ തോമസിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡിലേക്കാണ് തല്ലുമാല മുന്നേറുന്നത്.
ചിത്രം ഇതിനോടകം തന്നെ 30കോടിയിലധികം രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി, ചെമ്പന്‍ വിനോദ്, അദ്രി ജോയ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Rap song in Thallumaala gets appreciation on social media

We use cookies to give you the best possible experience. Learn more