| Thursday, 6th April 2023, 4:23 pm

ബി.ജെ.പി-ശിവസേന സര്‍ക്കാരിനെതിരെ റാപ് സോങ്: ഗായകനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റാപ് ഗായകനായ രാജ് മുന്‍ഗാസെക്കെതിരെ കേസെടുത്ത് താനെ പൊലീസ്. മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സഖ്യ സര്‍ക്കാരിനെതിരെ  റാപ് സോങ് ചെയ്തതിനെ തുടര്‍ന്നാണ് രാജിനെതിരെ കേസെടുത്തിരിക്കുന്നത്.

ഔറംഗാബാദ്‌ സ്വദേശിയാണ് രാജ്. മാര്‍ച്ച് 25ന് രാജ് മൂന്‍ഗാസെ തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത റാപ് സോങ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാജിനെതിരെ കേസെടുത്തത്.

പാട്ടില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗം എം.എല്‍.എമാരെ അമ്പത് കോടിയുമായി വരുന്ന കള്ളന്മാര്‍ എന്നാരോപിക്കുന്നുണ്ട്.

ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശിവസേന നേതാക്കള്‍ ഉദ്ധവ് താക്കറെയില്‍ നിന്നകന്ന് ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഖാടി സര്‍ക്കാരിന് അധികാരം നഷ്ടമായത്. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാര്‍ 50 കോടി രൂപ വീതം പണം വാങ്ങിയാണ് സര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് ശിവസേന, ഉദ്ധവ് താക്കറെ പക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചാണ് രാജ് തന്റെ പാട്ടില്‍ പറയുന്നത്.

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാടി സര്‍ക്കാര്‍ രൂപീകരിച്ചത്. ഷിന്‍ഡെ വിഭാഗം ഉദ്ധവ് താക്കറെയില്‍ നിന്നകന്നതോടെ സര്‍ക്കാരിന് അധികാരം നഷ്ടമായിരുന്നു. പിന്നീട് ബി.ജെ.പിയുമായി ചേര്‍ന്ന ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയില്‍ ഭരണത്തിലെത്തുകയായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവായ ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയായുമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

അധികാര തര്‍ക്കത്തിന്റെ സമയത്ത് എം.എല്‍.എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സൂറത്, ഗുവാഹത്തി, ഗോവ എന്നിവിടങ്ങളിലേക്ക് മാറിത്താമസിച്ചതിനെയും പാട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. എം.എല്‍.എമാര്‍ക്കെതിരെ ചില മോശം പരാമര്‍ശങ്ങളും റാപ്പര്‍ നടത്തുന്നുണ്ട്.

ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ യുവജന സംഘടനയായ യുവസേനയുടെ നേതാവായ സ്‌നേഹല്‍ ദിലീപ് കാംബ്ലെയുടെ പരാതിയിലാണ് രാജ് മുന്‍ഗാസെക്കെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 501, 504, 505 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാജിനെതിരെ കേസെടുത്തിട്ടുള്ളത്.

Content Highlights: Rap song against BJP-Shiv Sena government: Police registered a case against the singer

We use cookies to give you the best possible experience. Learn more