ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു ദേവ് പ്രഖ്യാപിച്ചു; നായകനാവാന്‍ ഹൃത്വിക്കോ രണ്‍വീറോ? രണ്‍ബീറിന്റെ അമ്മയായി ദീപിക
Film News
ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു ദേവ് പ്രഖ്യാപിച്ചു; നായകനാവാന്‍ ഹൃത്വിക്കോ രണ്‍വീറോ? രണ്‍ബീറിന്റെ അമ്മയായി ദീപിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th September 2022, 8:13 am

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ ഒമ്പതിനാണ് റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും നിറഞ്ഞ തിയേറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

രണ്‍ബിര്‍ കപൂര്‍ അവതരിപ്പിക്കുന്ന ശിവ എന്ന യുവാവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് ബ്രഹ്മാസ്ത്ര കടന്നുപോകുന്നത്. ഒരു വിഷനിലൂടെ ലോകത്തിന് വരാന്‍ പോകുന്ന അപകടം തിരിച്ചറിയുന്ന ശിവ അത് തടയാന്‍ ശ്രമിക്കുന്നതും തന്റെ അമാനുഷിക ശക്തികള്‍ തിരിച്ചറിയുകയും ചെയ്യുന്നതാണ് ബ്രഹ്മാസ്ത്രയുടെ പ്ലോട്ട്. രണ്ടാം ഭാഗമായ ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു ദേവിന്റെ പ്രഖ്യാപനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ടാം ഭാഗത്തില്‍ ദേവായി രണ്‍വീര്‍ സിങ്ങോ ഹൃത്വിക് റോഷനോ വരും. ദീപികയായിരിക്കും രണ്ടാം ഭാഗത്തില്‍ നായികയായെത്തുക. ശിവയുടെ മാതാപിതാക്കളായ ദേവിന്റെയും അമൃതയുടെയും കഥയായിരിക്കും ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു ശിവയില്‍ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ചില രംഗങ്ങളില്‍ അവ്യക്തമായി ദീപികയെ കാണിച്ചിരുന്നു. ഈ രംഗത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ആദ്യദിവസത്തെ കളക്ഷന്‍ പുറത്ത് വന്നപ്പോള്‍ 75 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. ഏറ്റവും വലിയ നോണ്‍-ഹോളിഡേ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടം കൂടിയാണ് ആദ്യദിന കളക്ഷനിലൂടെ ബ്രഹ്മാസ്ത്ര സ്വന്തമാക്കിയത്.

തുടര്‍ പരാജയങ്ങളില്‍ തളര്‍ന്ന് കിടന്ന ബോളിവുഡിന് കച്ചിത്തുരുമ്പായിരിക്കുകയാണ് ചിത്രം. ഗംഗുഭായി കത്തിയവാഡി, ഭൂല്‍ ഭുലയ്യ ടു, കശ്മീര്‍ ഫയല്‍സ് എന്നീ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ബോളിവുഡില്‍ വിജയം കണ്ടത്. സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലാണ് റെക്കോഡ് കളക്ഷന്‍ ബ്രഹ്മാസ്ത്ര സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയുടെ പ്രൊഡക്ഷനില്‍വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് നിര്‍മാതാക്കള്‍ സ്വീകരിച്ചത്. 410 കോടി ചെലവഴിച്ചാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മിച്ചത്. 310 കോടി ചെലവഴിച്ച് നിര്‍മിച്ച തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാനായിരുന്നു ഇതുവരെ ഏറ്റവുമധികം തുക ചെലവഴിച്ച് നിര്‍മിച്ച ഹിന്ദി സിനിമ.

Content Highlight: Ranvir Singh or Hrithik Roshan will be the lead in brahmastra part two dev