| Monday, 26th March 2018, 9:11 pm

ഐ.പി.എല്‍ ഉദ്ഘാടന വേദിയില്‍ 15 മിനുറ്റ് ഡാന്‍സിന് രണ്‍വീര്‍ വാങ്ങുന്നത് 5 കോടി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തിലെ പതിനൊന്നാം സീസണിന് ആരവമുണരാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. അടുത്ത മാസം ഏഴിനു ചെന്നൈ സൂപ്പര്‍ കിങ്ങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.പി.എല്‍ പതിനൊന്നാം സീസണിനു തുടക്കമാവുക. മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക.

എന്നാല്‍ ഐ.പി.എല്ലിന് ആരവമുണരുന്നതിന് മുമ്പേ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഐ.പി.എല്‍ ഉദ്ഘാടന വേദിയിലെത്തുന്ന ബോളിവുഡ് താരത്തിന് നല്‍കുന്ന പ്രതിഫലതുകയാണ്. ഐ.പി.എല്‍ ഉദ്ഘാടന വേദിയില്‍ 15 മിനുറ്റ് ചെലവിടാനായി രണ്‍വീര്‍ സിങ്ങ് വാങ്ങുന്നത് അഞ്ചു കോടി രൂപ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് പെര്‍ഫോമന്‍സ് ആയിരിക്കും രണ്‍വീര്‍ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കുക. എന്ത് തന്നയായാലും രണ്‍വീര്‍ തന്നെ ചടങ്ങില്‍ വേണമെന്നുള്ളത് സംഘാടകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ തുക അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. അദ്ദേഹത്തിന്റെ ആരാധകവൃന്ദം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യവും കടന്ന് വിവിധ പ്രായക്കാര്‍ക്കിടയിലും അദ്ദേഹത്തിന് ആരാധകരുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷത്തെ
ഉദ്ഘാടനച്ചടങ്ങിന് രണ്‍വീറാണ് ഏറ്റവു മികച്ചതെന്ന് സംഘാടകര്‍ തീരുമാനിച്ചത്. രണ്‍വീര്‍ സമ്മതമറിയിച്ചു എന്നാണ് സംഘാടകര്‍ അറിയിച്ചത്.

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് ശേഷം താരത്തിന്റെ വിപണിമൂല്യം കുത്തനെ ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more